23.11.11

കരയുന്ന വീടുകള്‍

കരയുന്ന വീടുകള്‍
---------------
ഈ നശിച്ച വീട്ടില്‍
ഒരു സമാധാനവും ഇല്ലെന്ന്
പ്രാകുമ്പോള്‍
കാണരുതാത്തത്
നാല് ചുവരുകളാല്‍ നിശ്ശബ്ദം
കണ്ട് നില്‍ക്കുമ്പോള്‍

ചുമരില്‍ വരച്ചിക്കിളിയിട്ട
കുസൃതിത്തുടയില്‍
അടിവീണ് കരയുമ്പോള്‍

വീട്ടാക്കടം കേറി
പടിയിറങ്ങുന്ന കാലൊച്ചകള്‍
കേള്‍ക്കുമ്പോള്‍
ഉത്തരത്തില്‍ കുരുക്കുന്ന
കയര്‍ കാണുമ്പോള്‍

ഓടിക്കളിച്ച കുഞ്ഞുകാലുകള്‍
തിരിച്ച് വരുന്നോയെന്ന്
വഴിക്കണ്ണുമായി നില്‍ക്കുമ്പോള്‍

ആര്‍ക്കും വേണ്ടാതെ
ആരെയോ കാത്ത്
നെടുവീര്‍പ്പിട്ട്
കാട് പിടിക്കുമ്പോള്‍

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

20.11.11

കൊട്ടേഷൻ

കൊട്ടേഷൻ

എന്തേ, പേടീണ്ടാ?
പേടിക്കണം ട്ടാ.

ഒറ്റക്കുത്തിനോ, വെട്ടിനോ
കൊല്ലര്ത്‌ന്നാണ് കരാറ്
മാത്രൂമീല് ന്നാള് വന്ന
സാറിന്റെ കവിത ല്ല്യേ
"ഇരയെ പിടിക്കുമ്പോൾ"
അത് വായ്‌ച്ചേന് ശേഷം
ഇയ്ക്കും ഒറ്റ വെട്ടിന്
കൊല്ലുന്നേലുള്ള ത്രില്ല് പോയി.

അയ്നും മുമ്പ്
ഓടിച്ചിട്ട് കഴുത്തില്
വടിവാളോണ്ടാഞ്ഞ് വീശി
ചീറ്റിത്തെറിക്കണ
ചോരേടെ ചൂട്‌ങ്ങനെ
മേത്താവ്‌മ്പോള്ള സുഖണ്ട്ല്ലാ
ഹൗ! അതൊരു സുഖാര്ന്നു.

സാറിന് ശത്രുക്കളില്ലെന്നാ
ബെസ്റ്റ്!
കവ്യോൾക്കല്ലെ ശത്രുക്കൾക്ക്
പഞ്ഞം!
ഒപ്പം നടന്ന് കള്ള് കുടിച്ച്
തോളീക്കയ്യിട്ട് നടക്കണ
ഏത് കവിക്കും ഏത് കവീം
ശത്ര്വല്ലെന്റെ മാഷേ?
ഈ കവീന്ന് പറേമ്പൊ
അപ്പോ നിയ്ക്ക് ശവീന്നാ
നാവില് വരണത്.

ആരാ കൊട്ടേഷൻ തന്നേന്നാ
അത് പറയില്ല്യാട്ടാ
അത് ബിസിനസ് സീക്രട്ട്
ചെലപ്പ സാറിന്റെ കൂട്ടുകാരൻ കവി
അല്ലാച്ചാ കാമുകീടെ ഭർത്താവ്
അല്ലെങ്കി സാറിന്റെ
ഭാര്യന്നെ ആവാട്ടാ
സാറിന്റെ കവിത വായിക്കണ
ഞാന്തന്നെ ആയിക്കൂടെ
എന്തേ, സംശയണ്ടാ

ന്നാ റെഡ്യല്ലേ
നമ്മക്ക് ഇരയും വേട്ടക്കാരനും
കളിക്കാം
സാറോട്, ഞാൻ പിന്നാലെ
പേടീണ്ടാ? പേടിക്കണം,
പേടിച്ച് പേടിച്ചോടണം
ഒറ്റവെട്ടിന് തീർക്കില്ലാട്ടാ
ഓട്യോടി തളർന്ന്
കിതച്ച് വീഴണം
പതുക്കെ
പതുക്കെ
സാറോട്, ഞാൻ പിന്നാലെണ്ട്
-----------------------------------------

23.10.11

കഥയിൽ പറയാത്തത്

അല്ലെങ്കിലും
പുലികൾ കാട്ടിലെ
രാജാവായിട്ടില്ല.

എന്തിന്,
ഒരു മന്ത്രിസ്ഥാനം പോലും
കിട്ടിയിട്ടില്ല
ഒരു കഥയിലുമിതുവരെ.

ഒരിടത്തൊരിടത്ത്
ഒരു കാട്ടിൽ
ഒരു സിംഹം രാജാവായിരുന്നു.
സൂത്രശാലിയായ
കുറുക്കനായിരുന്നു മന്ത്രി.
എന്നിങ്ങനെ മാത്രമേ
കാട്ടിലെ
ഏല്ലാ കഥകളും തുടങ്ങുന്നത്.

പുലികൾ
ഉൾക്കാടുകളിലിരുന്ന്
വിപ്ലവ തന്ത്രങ്ങൾ മെനഞ്ഞു.
ഒളിപ്പോരുകൾ നടത്തി.
പരാജയപ്പെട്ട പോരാട്ടങ്ങൾ
ഒരു കഥയിലും
പറയപ്പെട്ടില്ല.

പിടിക്കപ്പെടാതിരിക്കാൻ
നാടിറങ്ങിയ പുലികളെ
കെണിവെച്ച് പിടിച്ച
പത്രവാർത്തകൾ മാത്രമെ
നിങ്ങളും പുലികളെക്കുറിച്ച്
വായിച്ചിട്ടുണ്ടാകൂ.
-------------------------

19.10.11

മരിച്ച് പോയവന്റെ ഓർക്കൂട്ട്


നിയന്ത്രണം തെറ്റി
ബൈക്ക് മതിലിലിടിക്കുകയായിരുന്നു

രാവിലെ മോർച്ചറിയിൽ
വിറങ്ങലിച്ച് കിടക്കുന്നത്
കണ്ടതാണ്
തലേന്ന് രാത്രി
ഇതവസാനത്തെയെന്ന്
പോകുന്നപോക്കിൽ
നിന്നനില്പിൽ
ഒറ്റവലിക്കകത്താക്കി
ചുണ്ട് കോട്ടിയ
അതേ പോലെ തന്നെ മുഖം

വർഷങ്ങൾക്ക് ശേഷം
ഇന്നലെയാണ്
അവന്റെ ഓർക്കൂട്ടും
ഫേസ്ബുക്കും
തുറന്ന് നോക്കിയത്

എത്ര അപ്ഡേറ്റുകൾ!

പലപ്പോഴായി
മാറ്റിയിട്ട അവന്റെ
അവ്യക്തമായ
പ്രോഫൈൽ ഫോട്ടോകൾ.
"Better to be in hell"
എന്ന സ്റ്റാറ്റസ് മെസ്സേജ്
തന്നെ പുതിയതാണ്.

പലരും ഉപേക്ഷിച്ച്
പോയിട്ടും
അവനിപ്പോഴും
ഓർക്കൂട്ടിൽ തന്നെയുണ്ട്.
അവന് പുതിയ സ്ക്രാപ്പുകൾ
പുതിയ കൂട്ടുകാർ
പുതിയ സന്ദർശകർ.
എനിക്കറിയാത്ത ഭാഷ
അവൻ പഠിച്ചെന്ന് തോന്നുന്നു,
അവന്റെ കൂട്ടുകാരും.

കൂട്ടുകാരിൽ പലരേയും
പലപ്പോഴായി
ചരമ കോളത്തിൽ
കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത്
അവളെക്കൂടി
അവന്റെ ഫ്രണ്ട് ലിസ്റ്റിൽ
പുതുതായി
കണ്ടത് കൊണ്ടാണ്

നിങ്ങൾക്കതൊന്നും
കാണുന്നില്ലെന്നതോ
നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ
എന്റെ വിഷയമല്ല

പക്ഷെ,
ഇത്ര ബലമായി
എന്റെ കൈ പിടിച്ച്
എന്റപ്പുറത്തുമിപ്പുറത്തും
ഇവിടിങ്ങനെ
ഇരിക്കുന്നതെന്തിനാണെന്നത്
മാത്രമാണ്,
അത് മാത്രമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്.
-------------------------

17.8.11

മുല്ലപ്പൂ ചൂടിയ ഓൺലൈൻ വിപ്ലവം

മുല്ലപ്പൂ ചൂടിയ ഓൺലൈൻ വിപ്ലവം

പ്രാതൽ കഴിഞ്ഞ്
ഫേസ്ബുക്ക് തുറന്ന്
അണ്ണാ ഹാസാരെക്ക്
ജയ് വിളിച്ചു,
നിരാഹാരം പ്രഖ്യാപിച്ചു
അഴിമതിക്കെതിരെ
കമന്റ് പോരാട്ടം നടത്തി

മറ്റൊരു ഐഡിയിൽ നിന്ന്
പ്രണയാതുരമായ
വാചകങ്ങളാൽ
സ്ത്രീ സുഹൃത്തുക്കൾക്ക്
മെസേജുകളയച്ചു.

ഓർകൂട്ടിൽ മറ്റൊരു പേരിൽ
അണ്ണാഹസാരയുടെ
സമരത്തട്ടിപ്പിനെതിരെ
ടോപിക്കിട്ട് ചർച്ച തുടങ്ങി.

ഉച്ചയൂണ് കഴിഞ്ഞ്
ഗൂഗിൾ ബസ്സിൽ
ഒരൈഡിയിൽ നിന്ന്
ഇടതിനെ ചൊറിഞ്ഞിട്ടൊരു
പോസ്റ്റ്, കമന്റ്
മറ്റൊരൈഡിയിൽ
സംഘികളെ
വേറൊന്നിൽ നിന്ന്
വിശ്വാസികളെ
മറ്റൊന്നിൽ നിന്ന്
അവിശ്വാസികളെ
ഹ ഹ ഹ,
അവന്മാർ തമ്മിലടിക്കുന്നത്
കാണാൻ നല്ല ശേല്.

ഇന്നിത്രയും മതി
വിശക്കുന്നു
അത്താഴം കഴിച്ച്
പോരും വഴി നോക്കട്ടെ
മുല്ലപ്പൂ ചൂടി
കടക്കണ്ണെറിഞ്ഞ്
വഴിവക്കിലാരെങ്കിലുമുണ്ടോയെന്ന്.

26.7.11

ടക്കീല


------------------------
കുടിച്ച ലഹരിക്ക്
മീതെ ടക്കീല പറഞ്ഞപ്പോള്‍
ഷക്കീലയെ കുറിച്ചോര്‍ത്തു
രേശ്മയെ ഓര്‍ത്തു

ചെറുനാരങ്ങാക്കീറ്
ഗ്ലാസ്സിന്റെ വക്കിലെ
ഉപ്പ് ചേര്‍ത്ത് നുണഞ്ഞ്
കണ്ണ് ചുളിച്ചപ്പോള്‍
അടുത്തിരുന്ന
ഇറാന്‍കാരി
നോക്കി ചിരിച്ചു.
ഷക്കീലേ,
പോരുന്നോടീ ന്ന്
മലയാളത്തില്‍ ചോദിച്ചപാടെ
കൈ പിടിച്ച് കൂടെ പോന്നത്
എങ്ങനെ വിവര്‍ത്തനം ചെയ്താലും
ചില അര്‍ത്ഥങ്ങള്‍
എല്ലാ ഭാഷയിലും
ഒന്നായത് കൊണ്ട് തന്നെയാവണം.

നമുക്ക് ഇറാനില്‍ നിന്ന്
ഇന്ത്യയിലേക്ക്
വാതക ക്കുഴലിടാമെന്ന്
ടാക്സിയില്‍ വെച്ച് പറഞ്ഞപ്പോള്‍
പാക്കിസ്ഥാനി ഡ്രൈവര്‍
കേള്‍ക്കണ്ടായെന്ന്
അവള്‍ കുണുങ്ങിച്ചിരിച്ചു.

ഡോളറില്‍ കരാറുറപ്പിച്ചത്
ആദ്യമേ വാങ്ങി
ബാഗിലിട്ടവള്‍
തയ്യാറായപ്പോള്‍
നജാദിനെ, നജാദിന്റെ
കുറ്റിത്താടിയെ ഓര്‍മ്മ വന്നു
മുറിയാകെ പരക്കുന്ന
വാതക മണം

തള്ളിമാറ്റി എഴുന്നേറ്റപ്പോള്‍
ചോദ്യം നിറഞ്ഞ മുഖം
തിരിഞ്ഞ് നോക്കാതെ പറഞ്ഞു
നീ പൊയ്ക്കൊ,
വാതക പൈപ്പ് ലൈന്‍
കരാറില്‍ നിന്നും
ഇന്ത്യ പിന്‍ വാങ്ങുന്നു
അത്ര തന്നെ.
അമേരിക്കക്ക് ഈ കരാര്‍
ഇഷ്ടമല്ലെന്ന്.
---------------------------

23.7.11

"ദൈവം ഒഴിച്ചിട്ടയിടം" പുസ്തക പ്രകാശനം.
സൈകതം ബുക്സ് പ്രസിദ്ധീകരിച്ച "ദൈവം ഒഴിച്ചിട്ടയിടം" എന്ന എന്റെ ആദ്യ കവിതാ സമാഹാരം തിങ്കളാഴ്ച (25 ജൂലൈ 2011) വൈകീട്ട് 7 മണിക്ക് ദോഹ ഖത്തറിലെ എഫ് സി സി ആഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്തു.

എന്റെ ബ്ലോഗ് വായിക്കുകയും അഭിപ്രായങ്ങൾ പറഞ്ഞവരും പറയാത്തവരുമായ എല്ലാ വായനക്കാരോടും സുഹൃത്തുക്കളോടും എന്റെ സ്നേഹം നിറഞ്ഞ നന്ദി പറയുന്നു.

പുസ്തകം ലഭിക്കുന്നയിടങ്ങൾ :

2) ഗ്രീൻ ബുക്സ്, തൃശ്ശൂർ.

3) Kairali Books
Asoka Complex
Thalikavu
Kannur-1
Phone - 0091 - 497-2761200


4) Payal Books
K.P. Plaza,
Parakkandy,
Kannur-1
Phone - 0091 - 9995285403


5) Lipi Publications
Vikas Building (via)
Link Road,
Kozhikkode-2
Phone - 0091 - 98472625836) December Books,
R.K. Complex,
Near Bus stand,
Payyannur,
Kannur,
Phone - 0091 - 9847504233


7) Saikatham Books,
S.G.V. Press Building,
Market Road,
Kothamangalam P.O.
PIN - 686694

സാന്നിധ്യം കൊണ്ടും ഓൺലൈൻ വഴിയും സന്തോഷത്തിൽ പങ്ക് ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി..

സ്നേഹത്തോടെ,

രാമചന്ദ്രൻ വെട്ടിക്കാട്ട്.

8.6.11

ഇപ്പുറത്തപ്പുറത്ത്

-------------------
നിന്ന് കത്തുന്നത്
വെയിലാണ്

തൊട്ടപ്പുറത്ത്
ആർത്തലച്ച് കരയുന്നുണ്ട്
മഴ
ഒരു കടൽ
കടക്കാനാകാതെ.
-----------------------

22.5.11

വാതിൽ ചാരിയിട്ടേയുള്ളു

---------------------
വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

അമ്മയോ അച്ഛനോ ആകാം

ഞങ്ങൾ കാർട്ടൂൺ കാണുകയാകും
അല്ലെങ്കിൽ ഹോം വർക്ക്
അതുമല്ലെങ്കിൽ വെറുതെ ബ്ലോക്കുകളടക്കി
പലതരം വീടുകളുണ്ടാക്കി
അച്ചനുമമ്മയുമായി അഭിനയിക്കുകയാകും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

നാട്ടുകാരാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കിരിക്കുന്നത്
ഞങ്ങളെ അറിയാനായിരിക്കും
മറ്റാരുമറിയാതെ
അലിഞ്ഞില്ലാതാവാനായിരിക്കും

വാതിൽ തള്ളിത്തുറന്ന്
ആരെങ്കിലും അകത്തു വരും

പോലീസാകും

ഞങ്ങളീ മുറിയിൽ അടഞ്ഞിരിക്കുന്നത്
മുഖം നോക്കിയിരിക്കാനാകും
ഐസ് ക്രീമിൽ വിഷം ചേർത്തോ
ഫാനിൽ കുരുക്കിട്ടോ ചാകാനായിരിക്കും

ഞങ്ങളീ മുറിയിലൊന്നിരുന്നോട്ടെ
----------------------------------------------


26.4.11

ഉമ്മാച്ചു.

ഉമ്മാച്ചു.
--------------------
ഉമ്മാച്ചു
നടത്തം തൊടങ്ങീന്ന്.

കൊല്ലത്തിലൊരിക്കെ
ഉമ്മാച്ചു
വീട്ടീന്നെറങ്ങി നടക്കും.
അവിടെക്കണ്ടൂ,
ഇവിടെക്കണ്ടൂന്ന്
ആളോള്
അടക്കം പറയും.

സെക്കന്റ് ഷിഫ്റ്റ്
കഴിഞ്ഞ് വരുമ്പോ
പൊഴക്കെപ്പാടത്ത്
കണ്ടൂന്ന്
സീതാറാം മില്ലീപ്പോണ
ശങ്കരുട്ട്യേട്ടൻ പിറ്റേസം
കുഞ്ഞുണ്ണ്യേട്ടന്റെ
ചായക്കടേല്
പറഞ്ഞ് കഥയുണ്ടാക്കും.

ചൂണ്ടപ്പാടത്തും
ഗുരുവായൂരും
കണ്ടോരുണ്ടാവും
ന്നാല്, ഉമ്മാച്ചു
ആരേനീം
ആരും ഉമ്മാച്ചൂനീം
കണ്ട്ട്ട് ണ്ടാവില്ല.

തെരഞ്ഞ്
തെരഞ്ഞ്
ന്റെ ഉമ്മാച്ച്വോന്ന്
നെലോളിച്ച് തളർന്ന്
കല്ല്യാണിയേടത്തി
നാലുംകൂട്യേ മൂലേലെ
അത്താണീമ്മെ ചാരി
തല കുനിച്ചിരിക്കും.

ഒക്കേത്തിന്റേം
അവസാനം
പടിഞ്ഞാറേക്കോട്ടേലെ
ആശൂത്രീന്ന്
ആരേലും
എങ്ങനേങ്കിലും
പറഞ്ഞറീം
ഉമ്മാച്ചൂനെ കൊണ്ടരാൻ
ചെല്ലാൻ.

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

തോർത്ത് തലേലിട്ട്
അരിവാളും
കറ്റകെട്ടാൻ
വാഴേടെ പോള
ഒണക്കിയ വള്ളീം കൊണ്ട്
ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.
------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്.


ന്റെ ഉമ്മാച്ചു ഇവിടുണ്ട്..

13.4.11

ഒറ്റയിതളുള്ള ചെമ്പരത്തിപ്പൂവ്


കൊന്നു കഴിഞ്ഞു.
കണ്ടില്ലേ,
ചോരയിറ്റുന്ന വാക്കെന്റെ
കൈയിൽ?

തുണ്ടം തുണ്ടം
വെട്ടിനുറുക്കുകയായിരുന്നു.
ഓരോ വെട്ടിലും
വാക്കിൻ മൂർച്ച
കീറിപ്പോയപ്പോൾ
ചീറിത്തെറിച്ച
ചോരപ്പൂക്കൾ കണ്ടില്ലേ?

കൈകാലുകൾ
അറ്റ് വേറിട്ടു,
ആമാശയം പിളർന്ന്
അന്ന് വരെ
തിന്ന് കുടിച്ച്
തീർത്തതൊക്കെയും
പുറത്തിട്ടു.
കരൾ പിളർന്ന് വാക്ക്
കേറുമ്പോൾ
കരളേയെന്നൊരു വിളി
കേട്ടിരുന്നു.

പുക പിടിച്ച്
ചുരുങ്ങിയ
ശ്വാസകോശത്തിൽ
ഒന്നും ചെയ്യാനില്ലായിരുന്നു.
ചങ്കിലൂടൊരു
മിന്നായം പോലെ
വാക്ക്
കേറിയിറങ്ങുമ്പോൾ
കുരുങ്ങിക്കിടന്ന
വാക്കിലൊന്ന് മുട്ടിതീ പാറി.

മൂർച്ചക്കല്പം
കുറവ് വന്നെങ്കിലും
നെഞ്ചിൻ കൂട്
പിളർക്കാനത് മതിയായിരുന്നു.
ചിതറിപ്പോയ
ചെമ്പരത്തിപ്പൂ കണ്ടില്ലേ?
നീയെന്നും പറയാറുള്ളത്?
സൂക്ഷിച്ച് നോക്കുക,
ഒറ്റയിതളുള്ള
ചെമ്പരത്തിപ്പൂവായിരുന്നു
അത്,
ചുവന്നത്.

10.4.11

അച്ഛന്‍

-------------------
അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും

ആശുപത്രിയുടെ നീണ്ട ഇടനാഴിയില്‍
വീല്‍ചെയറിലിരുന്നൊരു
മെലിഞ്ഞുണങ്ങിയ
വിളറിയ നോട്ടം ഇപ്പോഴും
നേരിടാനാവാതെ മുഖം തിരിക്കും.

ഓര്‍മ്മകളില്‍ പാടിത്തന്ന
പാട്ടുകള്‍, പറഞ്ഞ കഥകള്‍
കൈ പിടിച്ച് നടത്തിയ വഴികള്‍
കൊടി പിടിപ്പിച്ച് ഒപ്പം നടത്തിയ കൈ
തോളത്തെടുത്ത് കാണിച്ച ഉത്സവങ്ങള്‍
തോളത്തിട്ടുറക്കിയ രാത്രികള്‍
കാണിച്ച വികൃതികള്‍ക്ക്
കിട്ടിയ അടിപ്പാടുകള്‍
എല്ലാം തെളിഞ്ഞ് വരും.

നീയെന്നോട് നുണപറയുന്നോയെന്ന്
മടിയില്‍ തലവെച്ച് കിടക്കെ
ചോദിച്ച നോട്ടത്തില്‍,
ഇല്ലച്ഛാ, ഞാനിതുവരെ
നുണപറഞ്ഞിട്ടുണ്ടോയെന്ന
മറുപടിയില്‍ വേദന മറന്ന്
ചിരിച്ച ചിരി
ഇന്നും നെഞ്ച് പൊള്ളിക്കും.
ഇപ്പോഴും തുടരുന്ന
നുണകളുടെ ആരംഭം
അവിടെനിന്നായിരുന്നല്ലോയെന്ന്
അവളെ ഒളിഞ്ഞ് നോക്കും.

പുതിയ വീടിന്റെ
സ്വീകരണ മുറിയില്‍
തൂങ്ങിക്കിടക്കാത്ത
അച്ഛന്റെ ചിത്രം.
വീടിന്റെ ഭംഗിക്കഭംഗിയാകുമെന്നതോ
വരപ്പിച്ച ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ
അച്ഛനെ കാണാന്‍ വയ്യെന്നതോ
ഇതിലേതാവും എന്റെ നുണ..??
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

9.4.11

പഴുപ്പിക്കാൻ വെച്ചത്

---------------
ഓരോ കവിൾ പുകയും
ഉള്ളിലേക്ക്
ആഞ്ഞ് വലിക്കുന്നത്
വയ്ക്കോൽ നിറച്ച്
കുഴമണ്ണ് പൊതിഞ്ഞു വെച്ച
ആത്മാവിനെ
വാടിപ്പോകാതെ
പഴുപ്പിക്കണേയെന്ന
പ്രാർത്ഥനയോടെയാണ്‌.
------------------

21.3.11

അവിചാരിതം

----------------
ചില ജീവിതങ്ങൾ
നമ്മുടെയൊക്കെ
ജീവിതത്തിനു കുറുകെ
അവിചാരിതമായി
വന്ന് പെടുമ്പോഴായിരിക്കും
ഒറ്റ നിമിഷം കൊണ്ട്
കുറേയേറെ ജീവിതങ്ങൾ
പലതായി ചിതറിപ്പോകുന്നത്.
-----------------------

12.3.11

മഴ

മഴ മഴയെന്ന്
പുറത്ത് ചാടിയപ്പോഴാണ്
കുട കുട,
പോപ്പിക്കുടയില്ലല്ലോയെന്ന്
നനഞ്ഞലിഞ്ഞത്.

ചേമ്പിലക്കുട തിരഞ്ഞ്
ഫുട്ട്പാത്തിലൂടെ
ശിഖരങ്ങള്‍
വെട്ടിയൊതുക്കി
ആകാശത്തോളമുയര്‍ന്ന
ഗോപുരങ്ങള്‍ക്കിടയിലൂടെ
നൂലിഴകളിറക്കി
ഊടും പാവുമിട്ട
മഴപ്പുതപ്പിന്റെ
നനുത്ത തണുപ്പിൽ
മഴ വെള്ളം കാലെറ്റിച്ച്
പടക്കം പൊട്ടിച്ചു.

കുടയെടുക്കാതെ
മഴ കൊണ്ടതിന്
“ഈ കുട്ടിക്കിതെന്തിന്റെ
കേടാ, പനി പിടിക്കൂലോ ഈശ്വരാ”
എന്ന് അമ്മ കോലായില്‍
തോര്‍ത്തും പിടിച്ച് നില്പുണ്ടാകും
അച്ഛന്‍ വഴക്കു പറയും, ഉറപ്പ്
എബ്രഹാം വൈദ്യരുടെ
പച്ചമരുന്നിന്റെ മണമുള്ള,
ഉണങ്ങിയ പല വേരുകളടക്കി വെച്ച
വൈദ്യഷാപ്പിലേക്കുള്ള
പോക്കില്‍ പരമേട്ടന്റെ
കടയില്‍ നിന്നച്ഛന്‍
വാങ്ങിത്തരുന്ന സുഖിയന്റെ
മണവും രുചിയും
വീണ്ടുമൊരു മഴ കൊള്ളാന്‍ പ്രേരിപ്പിക്കും

ചേമ്പിലയും, സുഖിയനും
പച്ച മരുന്നിന്റെ മണവും
ഓര്‍ത്ത് ക്ലിനിക്കിന്റെ
വരാന്തയിലിരിക്കുമ്പോള്‍
അമ്മ പല്ല് പോയ മോണയും ചവച്ച്
പീളകെട്ടിയ കണ്ണിനുമേല്‍
കൈവെച്ച്
മഴ പെയ്യൂലോ, ചെക്കന്‍
കുടയെടുത്തിട്ടില്ലല്ലോയെന്ന്
വഴിയിലേക്ക് നോക്കിയിരിപ്പുണ്ടാകും.

അച്ഛന്‍, ദാ എന്നെ തൊട്ടിരിപ്പുണ്ട്
പൊള്ളുന്ന നെറ്റിയില്‍
കൈചേര്‍ത്തൊരു മഴയുടെ തണുപ്പ് തന്ന്
ചുമക്കുമ്പോള്‍
പുറം തടവിക്കൊണ്ട്..

നിങ്ങള്‍ക്ക് കാണാത്തതോ?
അത്,
നിങ്ങളെന്റെ അച്ഛനെ
മുന്‍പ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.

മഴ

വായിക്കുക..

http://www.saikatham.com/Malayalam-Poem-Ramachandran-Vettikkattu.php
ഇവിടെ.........................
.............................
........................
.........................

അച്ഛന്‍, ദാ എന്നെ തൊട്ടിരിപ്പുണ്ട്
പൊള്ളുന്ന നെറ്റിയില്‍
കൈചേര്‍ത്തൊരു മഴയുടെ തണുപ്പ് തന്ന്
ചുമക്കുമ്പോള്‍
പുറം തടവിക്കൊണ്ട്..

നിങ്ങള്‍ക്ക് കാണാത്തതോ?
അത്,
നിങ്ങളെന്റെ അച്ഛനെ
മുന്‍പ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.

6.3.11

ഞാൻ

------------
എത്രതവണ
മരിച്ചിട്ടുണ്ടെന്നറിയാമോ.
എന്നിട്ടും
ഓരോ പുന:ർജ്ജന്മത്തിലും
ആ പഴയ ഞാൻ തന്നെ.
----

1.2.11

ദൈവം ഒഴിച്ചിട്ടയിടം

നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുന്നതിന്
തൊട്ട് മുന്‍പ്
അരി തിളച്ച് തൂവുന്നതിന്റെ മണം കൊണ്ടു.
സ്വന്തമായി ഉണ്ടാക്കിയ
അരികൊണ്ട് മാത്രം
എന്നും രാവിലെ കഞ്ഞി
കുടിച്ചിരുന്ന അപ്പന്‍
വന്ന് ചോദിച്ചു
നീയും രാമചന്ദ്രനും
തമ്മിലെന്ത്
അവന്‍ എവിടത്തുകാരനാണ്
കള്ള് കുടിക്കുമോ
പണിയെടുക്കുമോ
കുടുമ്മം നോക്കുമോ

അരി തൂവിയ മണത്തിന്റെ കൂടെ
അമ്മയും വന്നു
അമ്മയും ചോദിച്ചു
ആ ചെക്കനേതാണ്
നിന്റെ കൂടെയാണോ പണിയെടുക്കുന്നത്
മലയാളിയാണോ (ക്രിസ്ത്യാനി അല്ലല്ലേയെന്ന് അമ്മയുടെ ഭാഷ)
അവനെന്തെങ്കിലും
തിന്നാന്‍ കൊടുക്കേണ്ടി വരുമോ

അമ്മിണിയും വന്നു
അവള്‍ മാത്രം ചിരിക്കുന്നത് കണ്ടു.
നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുമ്പോള്‍
അവള്‍ മാത്രം കരയുന്നത് കേട്ടു.

നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുന്നതിന് മുന്‍പ്
ഞാന്‍ എന്നോട് തന്നെ
ചോദിക്കുകയാണ്
നീ ആരാണ്
എവിടത്തുകാരനാണ്
എങ്ങനത്തെയാളാണ്
നീയെന്റെ ആരാണ്

ഇതെഴുതുമ്പൊള്‍ നീയെത്ര അകലെയാണ്. എങ്കിലും എന്റെയും നിന്റെയും കവിതകള്‍ ശ്വസിക്കുന്നത് ഒരേ വായുവാണ് എന്നെനിക്ക് തോന്നുന്നു.അന്തരീക്ഷം കൊണ്ട്, പ്രാണവായു കൊണ്ട് കൂടപ്പിറപ്പുകളായ നമ്മുടെ കവിതകള്‍ക്ക് സ്നേഹം കൊണ്ട് മാത്രം ഈ കുറിപ്പ്. നമ്മുടെ തൃശ്ശൂര് ഭാഷയില്‍
ഒരു എടാ പോടാ വിളി.

ഒരു വെള്ളിയാഴ്ച്ച

നാട് വിട്ട് ഗള്‍ഫിലെത്തിയവരുടെ ഞായറാഴ്ചയാണ് വെള്ളിയാഴ്ച. അനൂപ് ചന്ദ്രന്റെ കവിതയില്‍ ഉള്ള പോലെ നനച്ചിട്ട കിനാക്കള്‍ അലക്കി വെളുപ്പിക്കാനുള്ള ഒരു വെള്ളിയാഴ്ച. വെന്തുവോ ജീവിതമെന്ന് രുചിച്ച് നോക്കുവാനൊരു വെള്ളിയാഴ്ച.അവധിയില്ലാത്ത വാര്‍ത്തകളില്‍ നിറഞ്ഞ് ദുബായ് മീഡിയ സിറ്റിയിലെ ഏഷ്യാനെറ്റ് ഓഫീസില്‍ ഒരു വാര്‍ത്താ വായനക്കാരന്‍ ഇരിക്കുകയാണ്. നടക്കുകയാണ്. ഇടക്കിടെ സിഗരറ്റ് വലിക്കുകയാണ്. വാര്‍ത്തകളില്‍ നിന്ന് രക്ഷപ്പെടുത്തണേയെന്ന് ആരോടോ പിന്നെയും പിന്നെയും പറയുകയാണ്. ഒരു കാര്‍ നിറയെ കവിതയുമായി നീയന്ന് താഴെ വന്നു. ഖത്തറില്‍ നിന്ന് ദുബായ് വരെയുള്ള വേഗതയില്‍ കവിത, കുപ്പിയില്‍ കവിത. കൂടെയുള്ള കടിക്കാടിലും ശശിയിലും നജൂസിലും കവിത. വലിക്കുന്ന സിഗരറ്റിലും കവിത. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ വഴിയിലെവിടെയോ മറന്നുവെച്ച പ്രിയപ്പെട്ടവരെ കാണാനെന്ന പോലെ ഞാനോടിവന്നു. എടായെന്ന് ഞാന്‍ വിളിച്ചു. പോടായെന്ന് ഇടക്കിടെ നീ പറഞ്ഞു.നീ പകുത്ത സിഗരറ്റിനിടക്ക് നഷ്ടപ്പെട്ടപ്പോള്‍ എപ്പഴോ ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നു. ഈ രാമചന്ദ്രന്‍ ആരാണ്, എവിടത്തുകാരനാണ്, എങ്ങനത്തെയാളാണ്.

രാമചന്ദ്രാ ഏത് സ്കൂളില്‍
ഏത് ബഞ്ചിലാണ്
നമ്മളൊരുമിച്ച് പഠിച്ചത്.
എപ്പോഴാണ് നീ
ജീവിതത്തിലേക്ക് മരിച്ചത്
എപ്പോഴാണ് നീ
കവിതയിലേക്ക് ജനിച്ചത്.

അതേടാ, ഏതോ സ്ക്കൂളില്‍ ഏതോ ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നതിന്റെ ചൂട്, കുറേ നേരം ഒരുമിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ബഞ്ചിന്റെ ചൂട്,എന്തോ ഒരു ചൂടിന്റെ ഇഷ്ടം ചൂടിന്റെ ധൈര്യം നമുക്കിടയില്‍.വാര്‍ത്തകളിലെക്ക് ഒറ്റക്കാക്കി ഒരു കാര്‍ കവിതയുമായി നീയന്ന് ഓടിച്ച് പോയപ്പോള്‍ വല്ലാതായി. സ്കൂളിന്റെ പടി മുതല്‍ തല്ല് പിടിച്ചും തമ്മില്‍ കെട്ടിപ്പിടിച്ചും വീട്ട് പടിക്കലെത്തുമ്പോള്‍ ഒരു രാ‍ത്രിയിലേക്ക് വിരിയുന്നതിന്റെ എന്തോ സങ്കടം പോലെ ഒന്ന്-

‘ഉറക്കം വിട്ടുണരുന്നത് ‘എന്ന നിന്റെ ഈ കവിത വായിക്കുമ്പോള്‍ ഇപ്പോള്‍ അത്ഭുതം തോന്നുന്നു.

“ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.

പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.“

ഹോം വര്‍ക്കുകള്‍ ചെയ്യാത്ത ഒരു മുതിര്‍ന്നയാള്‍ ഹോം വര്‍ക്കുകള്‍ക്കിടയിലുംകവിത കാണുന്ന നിന്നെ ഒന്ന് പകര്‍ത്തുകയാണ്. നിന്റെ സ്നേഹത്തിന്റെ ഒരു ടെസ്റ്റ് പേപ്പറില്‍ എങ്കിലും വിജയിക്കുവാ‍ന്‍.

കവിതയിലെ രണ്ടാം നിരക്കാരന്‍;ജീവിതത്തിലെ സെക്കന്റ് ഷോകളും

ഇതാ ഞാന്‍ ഒരു വിശ്വമഹാകവിയെ അവതരിപ്പിക്കുന്നു എന്ന മട്ടിലാണ് മിക്ക അവതാരികകളും വരാറുള്ളത്. രാമചന്ദ്രന്‍ വെട്ടിക്കാട് എന്ന യുവകവിയുടെ ആദ്യ പുസ്തകത്തിന്റെ അവതാരികാകാരന് അങ്ങനെയെഴുതാന്‍ മനസ്സില്ല. വെട്ടിക്കാട് ഒരു വിശ്വമഹാകവിയോ ഒന്നാം നിര കവിയോ അല്ല എന്നതു തന്ന്നെ അതിനു കാരണം. മലയാള കവിതയില്‍ എന്തു കൊണ്ടും രണ്ടാം നിരക്കാരനാണ് രാമചന്ദ്രന്‍ വെട്ടിക്കാട്. രണ്ടാം നിര ബഞ്ചില്‍ ഇരുന്ന് പഠിക്കുന്നതിനെക്കുറിച്ച് അയാള്‍ എഴുതുന്നത് പോലെ ജീവിതത്തിലെ സെക്കന്റ് ഷോകളെക്കുറിച്ച് അയാള്‍ പറയുന്നത് പോലെ കവിതയിലും അയാള്‍ രണ്ടാം നിരയിലായിപ്പോകുന്നു. കാരണങ്ങള്‍ പലതാണ്. നാട്ടിലേത് പോലെ ഒരു ഒന്നാന്തരം ജീവിതമല്ല ഗള്‍ഫിലേത്. കുറേക്കാലമായി രാ‍മചന്ദ്രന്‍ വെട്ടിക്കാട് ഗള്‍ഫിലാണ്. ഇടക്ക് ഒന്നാന്തരം ജീവിതം കുടിക്കുവാന്‍ ഒന്നാം തരം ജീവിതം ഉറങ്ങുവാന്‍ അയാള്‍ നാട്ടിലെത്താറുണ്ട്. ഈ ഒന്നാം തരത്തിനും രണ്ടാം തരത്തിനും ഇടയിലാണ് വെട്ടിക്കാടിന്റെ കവിതയെന്ന് തോന്നുന്നു. ഗള്‍ഫിലായിരിക്കുമ്പോഴും എട്ടേ എട്ടു വരികള്‍ കൊണ്ട് നാട്ടില്‍ കാല് കുത്തുവാന്‍ ഇയാള്‍ക്കാകുന്നുണ്ട്. അത് തന്നെയാണ് ഈ കവിതകളും ഇച്ഛയും ഊര്‍ജ്ജവും. ഈ എട്ടു വരികള്‍ ഒന്നിരുത്തി വായിക്കുക.

“ലേബര്‍ ക്യാമ്പില്‍ നിന്നും

സി-റിംഗ് റോഡ് വഴി

IBQ ബാങ്കിന്റെ പരസ്യത്തിലെ

ഗോതമ്പ് പാടത്തിലൂടെ

വഴിയരികിലെ പച്ചപ്പിലൂടെ

പാടത്തേക്കിറങ്ങി.

വരമ്പത്തെ പുല്ലിലെ

പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.“

(സെക്കന്റ് ഷോ)

മരുഭൂമിയില്‍ നിന്ന് എട്ട് വരി കൊണ്ട് നാട്ടിലെത്തി കാല്‍ തണുപ്പിക്കാനുള്ള കവിതയുടെ മാജിക് ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിന് മഹാകവികളുടെ അനുഗ്രഹാശിസുകളോ അക്കാദമികളുടെ അംഗീകാരങ്ങളോ ഒന്നുമല്ല അടിസ്ഥാനം. നാട്ട് വഴികലിലൂടെ ചെരിപ്പിടാതെ നടന്നതിന്റെ ഊര്‍ജ്ജം, മരുഭൂമിയില്‍ പകലന്തിയോളം പണിയെടുക്കുന്നതിന്റെ തഴമ്പ്, കണ്ടവരൊക്കെ കൂട്ടുകാരാകുന്ന ഇഹലോകത്തേയും ഇ-ലോകത്തേയും മനുഷ്യപ്പറ്റ്. അതൊക്കെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?ജീവിതം സെക്കന്റായിപ്പോകുന്ന പ്രവാസിയുടെ സാധാരണ ജീവിതം ആവിഷ്കരിക്കുന്ന ‘സെക്കന്റ് ഷോ‘ എന്ന ഒറ്റക്കവിത മാത്രം മതി രാമചന്ദ്രന്‍ വെട്ടിക്കാടിനെ കവിയെന്ന് വിളിക്കുവാന്‍. പരാജയത്തിന്റേയും അവിശ്വാസത്തിന്റേയും മതവും രാഷ്ട്രീയവും രാമചന്ദ്രന്റെ കവിതകള്‍ അവതരിപ്പിക്കുന്നുണ്ട്.

“നാല് പേര്‍ ചേര്‍ന്ന്
മേയുന്ന അവളുടെ
മാറില്‍ കിടന്ന്
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.

അതു കണ്ട് അതിലൊരുവന്റെ
കൈയിലെ പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.“

(ഇതിനായിരുന്നോ)

ഓര്‍മ്മ കവിതയുടെ നില നില്‍പ്പ് കൂടിയാണ്. കാലത്തിന്റേയും. അഴുക്കാകുന്നതിന് മുന്‍പ് കേരളം വിട്ടതിനാലാവണം വെട്ടിക്കാടിന്റെ കവിതയിലെ മതമില്ലാത്ത സാഹോദര്യം വായിക്കാന്‍ നല്ല കൌതുകമാണ്.

“വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.

ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.“
(സമാന്തരം)

രാമചന്ദ്രന്റെ കവിതയില്‍ ഇപ്പോഴും ഒരു കേരളമുണ്ട്. മതം, ജാതി, പണം, ആണ്, പെണ്ണ്, അധികാരം നാനാവിധത്തില്‍ (നൂറാവിധത്തിലോ) ഛിന്നഭിന്നമായിപ്പോകുന്ന ഒരു കേരളമല്ല അത്. ഓര്‍മ്മയിലെ ഒരു കേരളം. അത് പുന:ര്‍നിര്‍മ്മിക്കുക എളുപ്പമല്ല. അങ്ങനെയൊരു സ്വപ്നവഴി കൂടി ഈ കവിതകള്‍ വായനക്കാരന് നല്‍കുന്നുണ്ട്.ആത്മ സംഘര്‍ഷങ്ങളുടേയും കവിതകളുടേയും കവികളുടേയും അടിസ്ഥാനമാണ്. വെട്ടിക്കാടിന്റെ ഒരു നിരീക്ഷണം നോക്കുക.

“വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.“
(വേട്ടക്കാരനും ഇരകളും)

മണ്ണില്‍ വേരുറപ്പിച്ചവനെങ്കിലും മരുഭൂമിയില്‍ ഒട്ടേറെ യു ടേണുകള്‍ തിരിഞ്ഞുവെങ്കിലും വെട്ടിക്കാട് എന്ന കവിയുടെ കവിത സ്വന്തം ഇടം കണ്ടെത്തിയത് സൈബര്‍ ലോകത്താണ്. സൈബര്‍ ബിംബങ്ങളിലൂടെ തന്നെ കവിതയാവിഷ്ക്കരിക്കാന്‍ ഇവനാവുന്നുണ്ട്.

“സീലിംഗില്‍ തൂങ്ങുന്ന
ഈ ഒറ്റക്കയറിലൂടെ
ഇ‍ന്‍വിസിബിള്‍ ആയത്
ജീവിതത്തിന്റെ പാസ്സ് വേഡ്
മറന്ന് പോയത് കൊണ്ടാണ്.”
(പാസ്സ് വേര്‍ഡ്)

ബന്ധങ്ങളുടെ കാലത്തില്‍ ഈ കവിയുടെ ജന്മപരമ്പരയില്‍ ആരോ കഠിനമായി കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ. അച്ഛനും കവിയും മകളും പരിസരമായി അവതരിക്കുന്ന വരികള്‍ നോക്കുക

“അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും.”
(അച്ഛന്‍)

ജനിച്ച നാടിനും, ജീവിതത്തോട് പോരടിക്കുന്ന നാടിനും, ആഗോളമായി പടര്‍ന്ന് കിടക്കുന്ന സൈബര്‍ നാടിനും ഇടയില്‍ ഇതാ ഒരു കവി തന്നെ അടയാളപ്പെടുത്തുകയാണ്. അതിലൂടെ ഒരു മനുഷ്യനെ അടയാളപ്പെടുത്തുകയാണ്. ഈ കവിതകളില്‍ വായനക്കാരാ നീ നിന്നെയും കണ്ടെടുത്തു കൊള്ളുക.

**********************

കവിത കുടിച്ച് കവിത വലിച്ച് കവിത പാടി കവിത കണ്ട് ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍. കവിതയുടെ ഒരു പകല്‍ക്കിനാവന്‍, കവിതയുടെ ഒരു എരകപ്പുല്ല്, കവിതകളുടെ ഒരു വെട്ടിക്കാട്, കവിതയുടെ ഈ കുരിശുമരം, ഞങ്ങള്‍ നാല് പേര്‍ എത്ര കിടന്നിട്ടും ഉറങ്ങിയില്ല. എത്ര തളര്‍ന്നിട്ടും ഉറങ്ങിയില്ല. എത്ര കുടിച്ചിട്ടും ദാഹം തീര്‍ന്നില്ല. കവിത കലര്‍ന്ന ആ പാതിരാത്രിയില്‍ വില്ലയില്‍ നിന്നൊഴിപ്പിച്ച ഒരു ധനവാന്റെ കാറിന്റെ കാറ്റഴിക്കുവാന്‍ ഞാന്‍ പാട്പെട്ടു. നീയന്ന് ധൈര്യത്തോടെ കൂട്ട്കൂടി. വയനാടന്‍ മലനിരകളില്‍ ഒരു വര്‍ഗ്ഗീസിനേയും സുധാകരനേയും പോലെ വിപ്ലവത്തിന്റെ രണ്ട് ഫോട്ടോസ്റ്റാറ്റുകള്‍. അന്ന് രാത്രി പോലീസിനെ പേടിച്ച് മിണ്ടാതെ നാല് പേരും ഒരു വില്ലയിലെ മുറിയില്‍ കെട്ടിപ്പിടിച്ച് കിടന്നു. പിന്നീടെപ്പോഴോ നമ്മളുറങ്ങിപ്പോയി. ഏറെ നാളുകള്‍ക്ക് ശേഷം നീയൊരു കവിത തന്നു.

(നിനക്ക് ഞാനില്ലേയെന്ന്)

ഇന്ന് ആ കവിത ഒരിക്കല്‍ കൂടി വായിക്കുമ്പോള്‍ രാമചന്ദ്രാ, ഞാന്‍ നിന്നൊട് തന്നെ ചോദിക്കുകയാണ്
നീ ആരാണ്
നീ എവിടത്ത് കാരനാണ്
എങ്ങനത്തെയാളാണ്
നീ എന്റെ ആരാണ്.

കുഴൂര്‍ വിത്സന്‍
2010 നവംബര്‍ 16

(സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെ "ദൈവം ഒഴിച്ചിട്ട ഇടം" എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയില്‍ നിന്ന്.)

ദൈവം ഒഴിച്ചിട്ടയിടം പുതുകവിതയിൽ വായിക്കുക..