19.10.11

മരിച്ച് പോയവന്റെ ഓർക്കൂട്ട്


നിയന്ത്രണം തെറ്റി
ബൈക്ക് മതിലിലിടിക്കുകയായിരുന്നു

രാവിലെ മോർച്ചറിയിൽ
വിറങ്ങലിച്ച് കിടക്കുന്നത്
കണ്ടതാണ്
തലേന്ന് രാത്രി
ഇതവസാനത്തെയെന്ന്
പോകുന്നപോക്കിൽ
നിന്നനില്പിൽ
ഒറ്റവലിക്കകത്താക്കി
ചുണ്ട് കോട്ടിയ
അതേ പോലെ തന്നെ മുഖം

വർഷങ്ങൾക്ക് ശേഷം
ഇന്നലെയാണ്
അവന്റെ ഓർക്കൂട്ടും
ഫേസ്ബുക്കും
തുറന്ന് നോക്കിയത്

എത്ര അപ്ഡേറ്റുകൾ!

പലപ്പോഴായി
മാറ്റിയിട്ട അവന്റെ
അവ്യക്തമായ
പ്രോഫൈൽ ഫോട്ടോകൾ.
"Better to be in hell"
എന്ന സ്റ്റാറ്റസ് മെസ്സേജ്
തന്നെ പുതിയതാണ്.

പലരും ഉപേക്ഷിച്ച്
പോയിട്ടും
അവനിപ്പോഴും
ഓർക്കൂട്ടിൽ തന്നെയുണ്ട്.
അവന് പുതിയ സ്ക്രാപ്പുകൾ
പുതിയ കൂട്ടുകാർ
പുതിയ സന്ദർശകർ.
എനിക്കറിയാത്ത ഭാഷ
അവൻ പഠിച്ചെന്ന് തോന്നുന്നു,
അവന്റെ കൂട്ടുകാരും.

കൂട്ടുകാരിൽ പലരേയും
പലപ്പോഴായി
ചരമ കോളത്തിൽ
കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത്
അവളെക്കൂടി
അവന്റെ ഫ്രണ്ട് ലിസ്റ്റിൽ
പുതുതായി
കണ്ടത് കൊണ്ടാണ്

നിങ്ങൾക്കതൊന്നും
കാണുന്നില്ലെന്നതോ
നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ
എന്റെ വിഷയമല്ല

പക്ഷെ,
ഇത്ര ബലമായി
എന്റെ കൈ പിടിച്ച്
എന്റപ്പുറത്തുമിപ്പുറത്തും
ഇവിടിങ്ങനെ
ഇരിക്കുന്നതെന്തിനാണെന്നത്
മാത്രമാണ്,
അത് മാത്രമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്.
-------------------------

7 അഭിപ്രായങ്ങൾ:

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

മരിച്ചവന്റെ സുവിശേഷം എന്നും പറയാം....
നല്ല ആശയം.

Shikandi പറഞ്ഞു...

ടെക്നോളജി-യെ കുറിച്ചുള്ള വേവലാതിയാണോ...?

Satheesan .Op പറഞ്ഞു...

Ishtayi...

പദസ്വനം പറഞ്ഞു...

:(

അജ്ഞാതന്‍ പറഞ്ഞു...

http://jalajeevitham.blogspot.com/2011/10/blog-post_08.html#comment-formITHONNU NOKKKOO

pramodbalussery പറഞ്ഞു...

പ്രിയ സുഹൃത്തേ...... എന്റ കവിത നിങ്ങള്ക്ക് കാണിച്ചു തന്ന അജ്ഞാതന് എന്റെയും നന്ദി .....
"മരിച്ചു പോയവരുടെ ഫേസ് ബുക്ക്‌" ഞാന്‍ സെപ്റ്റംബര്‍ ഇല്‍ എഴുതിയതാണ്. അത് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത ഡേറ്റ്
: SATURDAY, OCTOBER 8, 2011 . അതായതു നിങ്ങള്‍
"മരിച്ച് പോയവന്റെ ഓർക്കൂട്ട്" പോസ്റ്റ്‌ ചെയ്യുന്നതിന് ( wensday OCTOBER 19,2011) പതിനൊന്നു ദിവസം മുന്‍പ്...
നിങ്ങള്‍ ഉന്നയിച്ച ചോദ്യം ഞാന്‍ തിരിച്ചു അങ്ങോട്ട്‌ ചോദിച്ചാല്‍ നിങ്ങള്ക്ക് ഉത്തരമുണ്ടാവുമോ...http://jalajeevitham.blogspot.com/2011/10/blog-post_08.html?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

പ്രമോദ്,

:)

ആവേശം കൊള്ളണ്ട. :)

താങ്കൾ തന്നെയാണ് ആ കവിത എന്നെക്കാൾ മുമ്പെഴുതിയത്. ഞാൻ കണ്ടിരുന്നു, താങ്കൾ പോസ്റ്റ് ചെയ്ത ഡേറ്റും. അത് ഞാൻ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് തന്നെയാണ്. ഞാൻ ഒക്ടോബറിൽ എഴുതിയതാണെന്ന് പറഞ്ഞത് ഏതാണ്ട് ഒരേ സമയത്ത് രണ്ട് പേർ സാമ്യത പുലർത്തുന്ന രണ്ട് കവിതകൾ പോസ്റ്റ് ചെയ്തതിലെ അത്ഭുതം കാരണം മാത്രമാണ്. അല്ലാതെ താങ്കൾ എന്റെ കവിത മോഷ്ടിച്ചു എന്ന അർത്ഥത്തിലല്ല. ഇനി ആരെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ മോഷ്ടിച്ചതാവണം എന്നേ സംശയിക്കൂ. മോഷണമെന്ന് പറയാനുള്ള സാമ്യമൊന്നും ഇല്ല. ആശയ സാമ്യവും തലക്കെട്ടിന്റെ സാമ്യതയും പറയാം. താങ്കളുടെ ബ്ലോഗ് ആദ്യമായാണ് ഞാൻ കണ്ടത്. അതും അജ്ഞാതന്റെ കമന്റിലൂടെ. ബ്ലോഗ് വായന തീരെ ഇല്ലെന്ന് പറയാം. വല്ലപ്പോഴും എഴുതുന്നത് പോസ്റ്റ് ചെയ്യും. അത്ര തന്നെ. ഇത്തരമൊരു സാമ്യതയിലെ അത്ഭുതത്തെ പറ്റി ഞാനെന്റെ കൂട്ടുകാരോട് സംസാരിച്ചതാണ്. താങ്കൾക്ക് മെയിലയക്കണമെന്നും കരുതിയിരുന്നു. അത് കൊണ്ട് തെളിവിന്റേയോ റഫറൻസിന്റേയോ ആവശ്യമെനിക്കില്ല. താങ്കളുടെ കവിത താങ്കളുടേത് തന്നെ. അത് ഇഷ്ടപ്പെടുകയും ചെയ്തു.