24.2.09

ദൈവം ഒഴിച്ചിട്ടയിടം

ആളിക്കത്തുന്നത്
അണയാന്‍ വേണ്ടിത്തന്നെയാണ്.
അല്ലാതെ എണ്ണ വറ്റിയിട്ടൊന്നുമല്ല.

ദേശങ്ങളും കാലങ്ങളും
കയറിയിറങ്ങിയത്
തീര്‍ത്ഥാടനത്തിനല്ല.
പുണ്യങ്ങളുടെ അതിര്‍വരമ്പ്
മുറിച്ച് കടക്കാന്‍ തന്നെയാണ്.

കടലായ കടലൊക്കെ
കുടിച്ച് തീര്‍ക്കുന്നത്
ദാഹിച്ചിട്ടൊന്നുമല്ല.
ലഹരിയുടെ പുഴയില്
തോണി കളിക്കാനായിട്ടാണ്.

തെരുവിലലഞ്ഞത്
എന്റെ ഭ്രാന്തിനെ തിരഞ്ഞാണ്.
അല്ലാതെ പ്രണയം പൂത്ത
മരം തേടിയൊന്നുമല്ല.

പാപത്തിന്റെ
പുതിയ ഊട് വഴികള്‍ തിരയുന്നത്
അഹങ്കാരം കൊണ്ട് തന്നെയാണ്.
ദൈവം അവന്റെ വലതുവശത്ത്
ഒഴിച്ചിട്ടയിടം
എന്റെ പേരിലാണെന്നത് കൊണ്ട്.
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

18.2.09

വലത്തോട്ട് തിരിയുമ്പോള്‍

‘യു’ ടേണെടുത്ത്
നേരെ പോയി വഴി മുട്ടി നിന്നു.

എനിക്കു തന്നെ
പ്രവചിക്കാനാവതെ
ചിലപ്പോള്‍ ഇടത്തോട്ട്
അല്ലെങ്കില്‍ വലത്തോട്ട്
വെട്ടിത്തിരിയുമ്പോള്‍
പുറകില്‍ മുഴങ്ങുന്ന
നീണ്ട ഹോണ്‍.
അറിയാത്ത ഭാഷയിലെ
അറിയാന്‍ കഴിയുന്ന തെറി.

വീണ്ടു മൊരു ‘യു’ ടേണ്‍.
പഴയ സിഗ്നലില്‍ മറഞ്ഞ
സ്ഥലകാല ബോധം.
ചുവപ്പ് പച്ചയാണോ
പച്ച മഞ്ഞയാണോ
അതോ മഞ്ഞ
ഇതൊന്നുമല്ലാത്ത
നിറമാണോയെന്ന്.

വലത്തോട്ട് തിരിയുമ്പോള്‍
ചുവപ്പിന് ഒരു നിറം മാറ്റത്തിലൂടെ
നമ്മെ കബളിപ്പിക്കാമെന്ന്
പിന്നീട് കിട്ടിയ ട്രാഫിക് ഫൈന്‍
സാക്ഷ്യപ്പെടുത്തി.
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
--------------------

8.2.09

നിസ്സഹായത.

അക്ഷരങ്ങള്‍
പുറം തോട് പൊട്ടിച്ച്
പുറത്ത് ചാടാന്‍ വെമ്പുന്ന
പുതിയ വരികളില്‍;

തൊണ്ടയില്‍
കുരുങ്ങി പറയാനാവാത്ത
വാക്കുകളില്‍;

കടലാസ്സില്‍
പകര്‍ത്താന്‍ കഴിയാത്ത
മനസ്സിന്റെ വിങ്ങലില്‍;

തെരുവില്‍
പടരുന്ന ചോരയില്‍,
ചിന്നിച്ചിതറിയ
കുരുന്നിളം മേനിയില്‍;

ഒരു വിതുമ്പലില്‍
പറയുന്ന ആയിരം
വാക്കിന്റെ നിസ്സഹായതയില്‍;

വാക്കുകള്‍ക്കിടയില്‍,
വരികള്‍ക്കിടയില്‍,
വിരലുകള്‍ക്കിടയിലെ
വിറക്കുന്ന പേനയില്‍;

കാലം തെറ്റിപ്പെയ്യുന്ന
പെരുമഴയില്‍,
നനഞ്ഞ കോഴിയെപ്പോ-
ലിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ
കൂടെ ഞാനും.
-----------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.