28.8.09

ഡൈവോഴ്സ് നോട്ടീസ്.

ഇന്നലെ
കവിത എന്നോട്
പിണങ്ങിപ്പോയി.

എന്റെ അക്ഷരങ്ങളെ
എറിഞ്ഞും
വാക്കുകളെ തല്ലിയുടച്ചും
കെട്ടുതാലി പറിച്ചെറിഞ്ഞ്,
ഫൂ...,
നീയൊക്കെ
കവിയാണോടായെന്നാക്ഷേപിച്ച്
അവള്‍ പടിയിറങ്ങി...

നാളെ
എനിക്ക് കിട്ടിയേക്കാവുന്ന
ഡൈവോഴ്സ് നോട്ടീസ്
കാത്തിരിക്കുന്നു...

ക്ഷമിക്കുക,
നമുക്കിനി
കുടുംബകോടതിയില്‍
കാണാം.

12.8.09

വിധി.

ഫ്രിഡ്ജില്‍
തണുത്തുറഞ്ഞിരിക്കുമ്പോള്‍
വെറുതെ കൊതിച്ചിരുന്നു,
ഇളം ചൂടിന്‍ പുതപ്പുമായ്
അമ്മക്കോഴി വരുമായിരിക്കുമെന്ന്.

പുറം തോടില്‍
ആദ്യമുട്ട് കേട്ടപ്പോഴും
അമ്മതന്നെയെന്ന്
മനസ്സ് തുടിച്ചിരുന്നു.

വെള്ളയില്‍ മഞ്ഞ കലര്‍ന്ന്
എഗ്ഗ് ബീറ്ററില്‍
കറങ്ങുമ്പോഴാണറിഞ്ഞത്,
ഉള്ളിയും മുളകും ചേര്‍ന്ന്
ഫ്രൈയിംഗ് പാനില്‍
വെന്ത് പൊള്ളും‌വരെയാണ്‌
തോടിനുള്ളില്‍
ഉണ്ണിക്കരുവിലൊളിച്ച
ആത്മാവിന്‍ സാറ്റ് കളിയെന്ന്‌..
-------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

8.8.09

തിരികെ വരുന്നതും കാത്ത്.

കടലൊഴിഞ്ഞു
വെന്തുറഞ്ഞ മരുഭൂമിയില്‍
ഒറ്റക്കൊരു
കുഞ്ഞു ചിപ്പി.
ചേര്‍ത്ത്
കാതോര്‍ത്താലറിയാം
വിട്ടു പോയ
കടലിന്റെ തുടിപ്പ്.

വെളുത്തുറഞ്ഞ കല്ലുപ്പില്‍
വായിക്കാം
പലായനം ചെയ്ത
കടലിന്റെ കണ്ണുനീരിനെ.

ഇനിയൊരു കടല്‍
വന്ന് ചേരും വരെ
അടക്കിപ്പിടിച്ച്
കിടക്കുമായിരിക്കും
ഇടക്കുയരുന്ന
നെടുവീര്‍പ്പുകളെ.