30.9.08

പേരില്ലാത്തവര്‍.

ഇന്നലെ ഞാനൊരാളെ
പരിചയപ്പെട്ടു,

അയാള്‍: ഹലോ.. ഞാന്‍ നായര്‍.
ഓഹോ? താന്‍ നായരെങ്കില്‍
ഞാനെഴുത്തച്ഛന്‍!
അയാളുടെ മുഖത്തമ്പരപ്പ്!

തനിക്ക് ജാതിയുണ്ടെങ്കി-
ലെനിക്കും ജാതിയുണ്ട്.
തനിക്ക് മതമുണ്ടെങ്കില്‍
എനിക്കുമുണ്ട്.
നിങ്ങള്‍ മൃഗമാണെങ്കില്‍
ഞാനും അങ്ങനെത്തന്നെ.
നിങ്ങള്‍ മനുഷ്യനെങ്കില്‍
ഞാനും മനുഷ്യനാണ്
നിങ്ങള്‍ക്കൊരു പേരുണ്ടെങ്കില്‍,
എനിക്കും ഒരു പേരുണ്ട്.

അയാള്‍ മുഖം കനപ്പിച്ച്
തിരിഞ്ഞു നടന്നു.
---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

23.9.08

മേല്‍വിലാസമില്ലാത്തവര്‍.

നിങ്ങള്‍ക്കും എനിക്കുമൊരു
മേല്‍വിലാസമുണ്ട്.
ഒരു ഫ്ലാറ്റ് നമ്പര്‍,
അല്ലെങ്കിലൊരു വീട്ടു പേര്‍.
പിന്നെയൊരു തെരുവിന്റെ
പേരൊരു പിന്‍ കോഡ്,
ജില്ല, സംസ്ഥാനം,
നമുക്കൊരു രാജ്യം തന്നെയുണ്ട്!

മേല്‍വിലാസമില്ലാത്തവരെ-
ക്കുറിച്ചോര്‍ത്തിട്ടുണ്ടോ നിങ്ങള്‍?
ഇതെന്റെ രാജ്യമെന്ന്
പറയാനില്ലാത്തവരെ?
ഒന്നന്തിയുറങ്ങാനൊരു
തെരുവ് പോലുമില്ലെങ്കില്‍?

അല്ലെങ്കില്‍ തന്നെ പശിയടക്കാ-
നൊരു കുപ്പത്തൊട്ടി പോലു-
മില്ലാത്തവര്‍ക്കെന്തിനാണൊരു
രാജ്യം? ഒരു വിലാസം?
ഒരു പേരു തന്നെ വേണ്ട.
-------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
+974 589 1237

7.9.08

ജനിക്കുമ്പോഴേക്കും മരിച്ചവര്‍.എന്നോ മരണപ്പെട്ട
ഒരു ജനത
കാത്തിരിക്കുന്നതൊരു
ഖബര്‍ മാത്രം.

കൈയില്‍ കവണയും
കല്ലുമായൊരു
ഗോലിയാത്തിന്‍
വെടിയുണ്ടക്കായി
വിരിമാറൊരുക്കി
ഖബറിലേക്ക്.

ജനിക്കുമ്പോഴേക്കും
മരിക്കാന്‍ വിധിക്ക-
പ്പെട്ടവര്‍ക്കുള്ള ദൂരമൊരു
തോക്കിന്റെ കാഞ്ചിക്കും
വിരലിനുമിടയിലാണ്.

വെടിയുണ്ടകളുടെ ഭാഗ്യം!
അവര്‍ പോകുന്നതൊരു
കൊച്ചുധീരന്റെ
ചങ്കിലൂടെയാണ്.
അവന്റെ ചോര-
ക്കെന്തൊരു ചൂട്!

നിങ്ങള്‍ക്കിവരെയിന്ന്
ഫലസ്തീനിയെന്നോ
ഇറാഖിയെന്നോ വിളിക്കാം.
നാളെ, നിങ്ങളെത്തന്നെയും.
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ദോഹ -ഖത്തര്‍.