13.5.14

തൃശൂരിൽ നിന്നും തൃശൂരിലേക്ക്.


പെനിസുല ബാറീന്നിറങ്ങി
നടുവിലാലീന്ന്
നടുവിലാലിലേക്കന്നെ
മൂന്നാംവട്ടവും
തിരിച്ചെത്തിയപ്പോൾ
ഭൂമി ഉരുണ്ടതാണെന്ന്
സംശയാതീതമായി
തെളിയിക്കപ്പെട്ടു.
പൊളിച്ചു കളഞ്ഞ
കറന്റ് ബുക്സും
അതിന്റ്പ്രത്തുണ്ടായിരുന്ന
വിനായക ഹോട്ടലും
കാണാഞ്ഞ് സങ്കടം വന്നു.
നടുവിലാലീന്ന് നേരെ
പൂരപ്പറമ്പും മുറിച്ച്
നെഹ്രുപാർക്കിന്റെ
മുന്നിലേക്ക് നടക്കുമ്പോ
കൊല്ലങ്ങളോളം അളന്നിട്ടും
അളന്ന് തീരാത്ത
തേക്കിൻ കാട് മൈതാനവും
നോക്കി അന്തം വിട്ടിരിക്കുന്ന
സിവിലെഞ്ചിനീയറിംഗ്
കുട്ട്യോളെ കണ്ടു.
വേഗം അളന്ന്
തീർക്ക് മക്കളെ,
എന്നിട്ട് വേണമതീന്നൊരു
അഞ്ച് സെന്റ് വിറ്റ്
ബാങ്ക് ലോണടക്കാനെന്നൊരു
കമന്റും പറഞ്ഞു.
പോട, പട്ടീന്നുള്ള
പിള്ളേർടെ മറുപടിക്ക്
ഇപ്പഴത്തെ പിള്ളേരൊന്നും
ശരിയല്ലെന്ന്
മനസ്സിൽ പറഞ്ഞ്
മിണ്ടാണ്ടെ പോന്നു.
മിഥിലേല് കേറി
ഒരു കാപ്പി കുടിച്ചു.
നേരെ വടക്കേ സ്റ്റാന്റ്
വഴി ഇറങ്ങി
കോവിലകം ബാറും
കടന്ന് വിയ്യൂരെ
ബീവറേജിന്റെ
അച്ചടക്കമുള്ള ക്യൂവിൽ
അച്ചടക്കത്തോടെ നിന്നു
പയ്ന്റും വാങ്ങി
അരയിൽ വെച്ച്
നേരെ ഗിരിജേലിക്ക്.
ഗിരിജ ഇപ്പ പഴയ
ഗിരിജ്യല്ലാത്രെ.
എത്രവേഗാ ആളോള്
നന്നാവണേന്ന്
നിരാശപ്പെട്ട് തിരിച്ച്
പാട്ട്‌രായ്ക്കൽ
തിരുവമ്പാടി
നായ്ക്കനാല് വഴി
നടുവിലാലിലേക്കന്നെ നടന്നു.
ദാണ്ടെ, ഇപ്പോ
പൂരപ്പറമ്പീക്കേറി
കുപ്പി തുറന്ന്
പകുതിയകത്താക്കി
കണ്ണടച്ച് പൂരോം കണ്ട്
മലർന്നങ്ങനെ കിടക്കുന്നു.
==================

10.5.14

ഇനിയെന്റെ ഏകാന്തതയെ ഞാനെന്ത് ചെയ്യണം?


പുഴുങ്ങിത്തിന്നാൻ അവൻ
വറുത്ത് തിന്നാൻ അവൾ
കഴുത്ത് ഞെരിച്ച് കൊല്ലാൻ മറ്റൊരാൾ
എനിക്ക് തന്നേക്കൂ-
യെന്ന് വേറൊരാൾ
നിന്റെ ഏകാന്തതക്ക്
കൂട്ടിരിക്കാമെന്നൊരാൾ.

രണ്ടാമത്തെ പെഗ്ഗിൽ 
മൂന്നാമത്തെ ഐസ് ക്യൂബ്
ഇടുമ്പോഴേക്കും
ഏകാന്തതയതിന്റെ
പാട്ടിനു പൊയ്ക്കോളുമെന്ന്
ഗ്‌ളാസ് മേറ്റ്. 

പച്ചക്ക് തിന്നല്ലേ ശീലം,
പച്ചക്ക് തന്നെ തിന്നോളൂ-
യെന്ന് നാണത്തോടെ നീയും.

പച്ചക്ക് തന്നെ തിന്നാം
ല്ലേ? ;)