11.7.10

തിരിച്ചളക്കുന്ന ദൂരങ്ങള്‍

ഒറ്റ നോട്ടത്തില്‍ അളന്നെടുത്ത
ദൂരങ്ങളൊന്നും
നടന്നെടുത്തിട്ടില്ല
കാലുകള്‍
മനസ്സോടിയെത്തിയ
ദൂരത്തിലൊന്നും
ചെന്നെത്തിയില്ല
കണ്ണുകളിതേവരെ.

തൊട്ടടുത്തിങ്ങനെ
ചേര്‍ന്നിരിക്കുമ്പോഴും
തിട്ടപ്പെടുത്താനാവാത്ത
ദൂരത്തിലാണിപ്പോഴും നമ്മളെന്ന്
തൊട്ടൊട്ടിക്കിടക്കുന്ന
ശരീരങ്ങള്‍ക്കിടയിലെ
ദൂരമില്ലായ്മ
അളന്നളന്ന് കിതക്കുന്നുണ്ട്

ആദ്യം തൊട്ട വാക്കിന്റെ
വ്യാകരണപ്പിശകിലാകാം
കാലങ്ങളില്‍
കാണാനാവാതെ നമ്മളിങ്ങനെ
ദൂരെ ദൂരെയായത്.

മുന്നോട്ടോടിപ്പോയ
ദൂരങ്ങളൊക്കെയും
പിന്നോട്ടളക്കാന്‍ വഴികള്‍ തിരഞ്ഞ്
വരികള്‍ക്കിടയിലെവിടെയോ
വീണ നോക്കിന്റെയാഴത്തെ
കയറിപ്പോകാനൊരു
വാക്ക് തേടിയാണ്
ചുണ്ടുകളിങ്ങനെ നിന്റെ
ചുണ്ടിനെ
ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.
-----------------------------------