6.1.15

മരിച്ചുപോയവരോടൊപ്പമാണ് സ്വപ്നത്തിലെന്നും

===========================
മരിച്ച് പോയവരുടെ കൂടെയാണ്
സ്വപ്നത്തിലെന്നും.
അച്ഛൻ, മുത്തശ്ശൻ, പാപ്പൻ
അപ്പുറത്തെ വീട്ടിലെ കാരണോന്മാർ
അകാലത്തിൽ പോയ
ബന്ധുക്കൾ, കൂട്ടുകാർബന്ധത്തിലേയില്ലാത്തവർ.
ജീവിതത്തിലാണെന്നേ തോന്നൂ
ജീവിച്ച് പോന്ന അതേ ഇടവഴി
എന്നേ പൊളിച്ചു പോയ
വേലികൾ വീടുകൾ
ഇരുട്ട് നിറഞ്ഞ
ഇടനാഴികളും, മുറികളും
അവിടെയെവിടെയെങ്കിലുമാകും
ആരെങ്കിലുമൊരാളോടൊപ്പം ഞാൻ.
ചിലപ്പോൾ അച്ഛന്റെ വിരലിൽ തൂങ്ങി
പാടത്തേക്ക് കൈത്തോടിന്നു
കുറുകെയുള്ള തെങ്ങിൻ പാലം കടക്കുകയാകും
അവിടെ നിന്നും നേരെ
ലോക്കൽ കമ്മറ്റി ആപ്പീസിന്റെ
വരാന്തയിലാകും, അച്ഛനേയും കാത്തിരിക്കുക.
അച്ഛാച്ചനിപ്പോഴും
ആ പത്തായപ്പെട്ടിമേൽ തന്നെ,
നെല്ലെടുക്കാൻ വരുന്ന
അച്ഛമ്മയെ ചീത്ത വിളിച്ചിട്ട്.
സ്വപ്നത്തിലാണെന്നൂടി ഓർക്കില്ല.
ചിരി വരും,
അച്ഛനവിടെങ്ങാനുമുണ്ടോന്ന് നോക്കും
പാറെക്കാട്ടെ പറമ്പിലൂടെ
പാടത്തേക്കിറങ്ങുമ്പൊ
കൃഷ്ണൻകുട്ടിമാഷ് ഉമ്മറത്തുണ്ട്,
നീ എവിടേക്കാടായെന്ന് ചോദിച്ച്.
കൂട്ടുകാരാരേം കാണില്ല.
കൂട്ടില്ലാതെ സ്വപ്നത്തിലുമെങ്ങനാന്ന്
സങ്കടം തോന്നും.
സ്വപ്നത്തിന് തുടർച്ചകളില്ലാത്തത് കഷ്ടമാണ്.
അവിചാരിതമായി
അപരിചിതരുടെ ഇടയിലേക്കാവും
ചെന്നു ചാടുന്നത്.
അവനവിടെയുണ്ടാകും, എന്നും.
ഒറ്റത്തവണയേ കണ്ടിട്ടുള്ളുവെങ്കിലും
ഒപ്പം കൂടാനുണ്ടാകും
ഒരിക്കൽ കണ്ട അതേ ചിരിയുമായി.
പിറ്റേദിവസം പോയതാണവൻ
മോർച്ചറിയിൽ കിടക്കുമ്പോഴും
മുഖത്തുണ്ടായിരുന്നു, അതേ ചിരി.
അപ്പഴാവും അനിയേട്ടൻ
(ഏട്ടനൊന്നുമല്ല, അച്ഛനേക്കാൾ പ്രായമേറും)
പറമ്പിൽ തെങ്ങിനു തടമെടുക്കുന്നുണ്ടാവുക.
കണ്ടാലാദ്യം ഉടുത്ത തോർത്തിന്റെ
മടിക്കുത്തിൽ നിന്നും
മൂക്കുപൊടിയുടെ ഡപ്പിയെടുത്ത് തരും
ചെവിയിൽ ഇയർഫോണെടുത്ത് വെക്കും
എന്നിട്ടേ ചോദിക്കൂ,
"നീയെന്നേ വന്നേന്ന്"
ഉറക്കത്തിലാണെങ്കിലും
സ്വപ്നത്തിലാണെങ്കിലും
ഞെട്ടിയെഴുന്നേൽക്കും,
ജീവിച്ചിരിപ്പില്ലേന്ന് തൊട്ട് നോക്കും.
ജീവിച്ചിരിക്കുന്നവരുടെയൊപ്പം
ജീവിച്ചെത്താൻ പറ്റാത്തത് കൊണ്ടായിരിക്കണം
മരിച്ചവരുടെയൊപ്പം
സ്വപ്നത്തിലെങ്കിലും ജീവിക്കുന്നതെന്ന്,
അച്ഛനിപ്പോഴും വിരൽ വിടാതെ
കൂടെയുണ്ടല്ലോയെന്ന് ആശ്വസിക്കും. 
കൂട്ടിരിക്കാൻ
കൂടെയുള്ളവരില്ലാതാകുമ്പോഴാകും
സ്വപ്നത്തിലെങ്കിലും
മരിച്ചവർ കൂട്ടിനുവരുന്നത്.
==================