20.11.11

കൊട്ടേഷൻ

കൊട്ടേഷൻ

എന്തേ, പേടീണ്ടാ?
പേടിക്കണം ട്ടാ.

ഒറ്റക്കുത്തിനോ, വെട്ടിനോ
കൊല്ലര്ത്‌ന്നാണ് കരാറ്
മാത്രൂമീല് ന്നാള് വന്ന
സാറിന്റെ കവിത ല്ല്യേ
"ഇരയെ പിടിക്കുമ്പോൾ"
അത് വായ്‌ച്ചേന് ശേഷം
ഇയ്ക്കും ഒറ്റ വെട്ടിന്
കൊല്ലുന്നേലുള്ള ത്രില്ല് പോയി.

അയ്നും മുമ്പ്
ഓടിച്ചിട്ട് കഴുത്തില്
വടിവാളോണ്ടാഞ്ഞ് വീശി
ചീറ്റിത്തെറിക്കണ
ചോരേടെ ചൂട്‌ങ്ങനെ
മേത്താവ്‌മ്പോള്ള സുഖണ്ട്ല്ലാ
ഹൗ! അതൊരു സുഖാര്ന്നു.

സാറിന് ശത്രുക്കളില്ലെന്നാ
ബെസ്റ്റ്!
കവ്യോൾക്കല്ലെ ശത്രുക്കൾക്ക്
പഞ്ഞം!
ഒപ്പം നടന്ന് കള്ള് കുടിച്ച്
തോളീക്കയ്യിട്ട് നടക്കണ
ഏത് കവിക്കും ഏത് കവീം
ശത്ര്വല്ലെന്റെ മാഷേ?
ഈ കവീന്ന് പറേമ്പൊ
അപ്പോ നിയ്ക്ക് ശവീന്നാ
നാവില് വരണത്.

ആരാ കൊട്ടേഷൻ തന്നേന്നാ
അത് പറയില്ല്യാട്ടാ
അത് ബിസിനസ് സീക്രട്ട്
ചെലപ്പ സാറിന്റെ കൂട്ടുകാരൻ കവി
അല്ലാച്ചാ കാമുകീടെ ഭർത്താവ്
അല്ലെങ്കി സാറിന്റെ
ഭാര്യന്നെ ആവാട്ടാ
സാറിന്റെ കവിത വായിക്കണ
ഞാന്തന്നെ ആയിക്കൂടെ
എന്തേ, സംശയണ്ടാ

ന്നാ റെഡ്യല്ലേ
നമ്മക്ക് ഇരയും വേട്ടക്കാരനും
കളിക്കാം
സാറോട്, ഞാൻ പിന്നാലെ
പേടീണ്ടാ? പേടിക്കണം,
പേടിച്ച് പേടിച്ചോടണം
ഒറ്റവെട്ടിന് തീർക്കില്ലാട്ടാ
ഓട്യോടി തളർന്ന്
കിതച്ച് വീഴണം
പതുക്കെ
പതുക്കെ
സാറോട്, ഞാൻ പിന്നാലെണ്ട്
-----------------------------------------

23.10.11

കഥയിൽ പറയാത്തത്

അല്ലെങ്കിലും
പുലികൾ കാട്ടിലെ
രാജാവായിട്ടില്ല.

എന്തിന്,
ഒരു മന്ത്രിസ്ഥാനം പോലും
കിട്ടിയിട്ടില്ല
ഒരു കഥയിലുമിതുവരെ.

ഒരിടത്തൊരിടത്ത്
ഒരു കാട്ടിൽ
ഒരു സിംഹം രാജാവായിരുന്നു.
സൂത്രശാലിയായ
കുറുക്കനായിരുന്നു മന്ത്രി.
എന്നിങ്ങനെ മാത്രമേ
കാട്ടിലെ
ഏല്ലാ കഥകളും തുടങ്ങുന്നത്.

പുലികൾ
ഉൾക്കാടുകളിലിരുന്ന്
വിപ്ലവ തന്ത്രങ്ങൾ മെനഞ്ഞു.
ഒളിപ്പോരുകൾ നടത്തി.
പരാജയപ്പെട്ട പോരാട്ടങ്ങൾ
ഒരു കഥയിലും
പറയപ്പെട്ടില്ല.

പിടിക്കപ്പെടാതിരിക്കാൻ
നാടിറങ്ങിയ പുലികളെ
കെണിവെച്ച് പിടിച്ച
പത്രവാർത്തകൾ മാത്രമെ
നിങ്ങളും പുലികളെക്കുറിച്ച്
വായിച്ചിട്ടുണ്ടാകൂ.
-------------------------

19.10.11

മരിച്ച് പോയവന്റെ ഓർക്കൂട്ട്


നിയന്ത്രണം തെറ്റി
ബൈക്ക് മതിലിലിടിക്കുകയായിരുന്നു

രാവിലെ മോർച്ചറിയിൽ
വിറങ്ങലിച്ച് കിടക്കുന്നത്
കണ്ടതാണ്
തലേന്ന് രാത്രി
ഇതവസാനത്തെയെന്ന്
പോകുന്നപോക്കിൽ
നിന്നനില്പിൽ
ഒറ്റവലിക്കകത്താക്കി
ചുണ്ട് കോട്ടിയ
അതേ പോലെ തന്നെ മുഖം

വർഷങ്ങൾക്ക് ശേഷം
ഇന്നലെയാണ്
അവന്റെ ഓർക്കൂട്ടും
ഫേസ്ബുക്കും
തുറന്ന് നോക്കിയത്

എത്ര അപ്ഡേറ്റുകൾ!

പലപ്പോഴായി
മാറ്റിയിട്ട അവന്റെ
അവ്യക്തമായ
പ്രോഫൈൽ ഫോട്ടോകൾ.
"Better to be in hell"
എന്ന സ്റ്റാറ്റസ് മെസ്സേജ്
തന്നെ പുതിയതാണ്.

പലരും ഉപേക്ഷിച്ച്
പോയിട്ടും
അവനിപ്പോഴും
ഓർക്കൂട്ടിൽ തന്നെയുണ്ട്.
അവന് പുതിയ സ്ക്രാപ്പുകൾ
പുതിയ കൂട്ടുകാർ
പുതിയ സന്ദർശകർ.
എനിക്കറിയാത്ത ഭാഷ
അവൻ പഠിച്ചെന്ന് തോന്നുന്നു,
അവന്റെ കൂട്ടുകാരും.

കൂട്ടുകാരിൽ പലരേയും
പലപ്പോഴായി
ചരമ കോളത്തിൽ
കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത്
അവളെക്കൂടി
അവന്റെ ഫ്രണ്ട് ലിസ്റ്റിൽ
പുതുതായി
കണ്ടത് കൊണ്ടാണ്

നിങ്ങൾക്കതൊന്നും
കാണുന്നില്ലെന്നതോ
നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ
എന്റെ വിഷയമല്ല

പക്ഷെ,
ഇത്ര ബലമായി
എന്റെ കൈ പിടിച്ച്
എന്റപ്പുറത്തുമിപ്പുറത്തും
ഇവിടിങ്ങനെ
ഇരിക്കുന്നതെന്തിനാണെന്നത്
മാത്രമാണ്,
അത് മാത്രമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്.
-------------------------

15.10.11

ആശയക്കുഴപ്പം

പ്രണയിക്കേണ്ടത്
നിന്നെത്തന്നെയെന്ന്
ഉറപ്പിച്ചിരുന്നു

പലരിലൂടെ
പലതിലൂടെ
കാലമെത്ര കടന്നിട്ടാണ്
നിന്നിലേക്കെത്തുന്നതെന്ന്
എന്റെ പ്രണയത്തിന്നു
മാത്രമറിയാം

ചേർന്നിരിക്കുമ്പോൾ
പ്രണയമില്ലായ്മയിൽ
പരിഭവിച്ചവളുണ്ട്,
പ്രണയാതുരമായി
അല്പമകന്നിരിക്കുമ്പോൾ
നീയൊന്ന് വിരലിൽ 
തൊട്ടതേയില്ലല്ലൊ,
ഒന്ന് ചുംബിച്ചതേയില്ലല്ലോയെന്ന്
പിണങ്ങിപ്പോയവളുണ്ട്

ഒടുവിലാണ് നീ

നിന്നെ അകന്നിരുന്ന്
പ്രണയിക്കണോ
നിന്റെ വിരൽ തൊട്ട്
ഉടൽ തൊട്ട്
ചുണ്ടിലമർത്തിച്ചുംബിക്കണോ

ആശയക്കുഴപ്പത്തിലാണ് ഞാൻ.

ഇങ്ങടുത്തിരിക്ക്,
ചുണ്ടിലമർത്തിച്ചുംബിക്ക്
ദായിങ്ങനെ
വിരലുടലാകെ
ഉടലുടലാകെ

നിന്നെ
ഞാൻ പ്രണയിക്കട്ടെ
---------------------------