9.11.13

ചൂണ്ട


-------
അന്നാമ്മച്ചേടത്തി
ആറും പെറ്റെഴുന്നേറ്റ് വന്നന്ന് മുതൽ 
ഔസേപ്പേട്ടന്റെ പായ 
വരാന്തേലേക്കായി.

പിറ്റേസം മുളങ്കമ്പും വെട്ടി 
പത്ത് പൈസക്കീരയും 
ചൂണ്ടക്കൊളുത്തും വാങ്ങി
ചൂണ്ടയിടാൻ പോയി ഔസേപ്പേട്ടൻ.

ഇരയെ കൊത്തിക്കിളച്ചെടുക്കുമ്പോൾ
ചൂണ്ടക്കൊളുത്തിൽ കോർക്കുമ്പോൾ
പോളപ്പുല്ലിന്റെ തുണ്ട് അനങ്ങുന്നുണ്ടോയെന്ന്
ഏകാഗ്രമായി ധ്യാനിച്ചിരിക്കുമ്പോൾ
ഒറ്റവലിക്ക് പുറത്തെത്തുന്ന
പരൽമീനിന്റെ
കരിപ്പിടിയുടെ
ബ്‌രാലിന്റെ പിടച്ചിലിൽ
ഔസേപ്പേട്ടൻ എന്തെന്നില്ലാത്ത 
സുഖമറിഞ്ഞു.

പാതിരാത്രിയിൽ വാതിൽ
ചവിട്ടിത്തുറന്ന് അന്നാമ്മയെ
പ്രാപിച്ചാലോയെന്ന ചിന്തകൾ
അന്നാമ്മച്ചേടത്തിയുടെ 
തീപാറുന്ന നോട്ടം പേടിച്ച്
ഔസേപ്പേട്ടൻ അടക്കിപ്പിടിച്ചങ്ങനെ കിടക്കും

ഈർക്കിലിയിൽ കോർത്ത
മീനുകൾ വൈകുന്നേരത്തേക്ക്
കറിവെക്കാനായി 
കൊടുക്കുമ്പോൾ
അന്നാമ്മയുടെ പുച്ഛത്തിലുള്ള നോട്ടം
കണ്ടില്ലെന്ന് നടിക്കും

അത്താഴത്തിന് 
വായിലേക്കെടുക്കുന്ന
ഓരോ മീൻ കഷ്ണത്തേയും
ഔസേപ്പേട്ടൻ 
അന്നമ്മച്ചേടത്തിയോളം വെറുത്തു

പിറ്റേസം 
ചൂണ്ടേ കൊരുക്കാനുള്ള
മണ്ണിരേടെ പിടച്ചിലിലും
ചൂണ്ടക്കൊളുത്തിൽ 
പിടക്കുന്ന മീനുകളിലും
അന്നാമ്മയെ സ്വപ്നം കണ്ട്
ഔസേപ്പേട്ടൻ വരാന്തയിൽ തന്നെ
കൈകൾ തുടക്കിടയിൽ തിരുകി
ഉടുമുണ്ടും പുതച്ചുറങ്ങും.

ഒരീസം 
കോറമ്പയിൽ മീനില്ലാണ്ട്
അത്താഴത്തിന് മീങ്കറിയില്ലാണ്ട്
കോലായിലുറക്കല്ല്യാതെ
ഔസേപ്പേട്ടൻ
ആപ്പിളു ബീഡിക്ക് മേലെ
ആപ്പിളു ബീഡി വലിച്ച്
ഇരുട്ടിൽ മിന്നാമിനുങ്ങ്
മിന്നിയപ്പോൾ
ഇ‌ളയ ചെക്കന്റെ വായേന്ന്
ഇടതുമുല എടുത്ത് മാറ്റി
ഒച്ചേണ്ടാക്കാണ്ട് വാതില് തൊറന്നേന്റെ
ഒമ്പതാം മാസം അന്നാമ്മച്ചേടത്തി
ഏഴാമതും പ്രസവിച്ചു

ഔസേപ്പേട്ടൻ മീൻ വാങ്ങല് 
മാർക്കറ്റീന്നാക്കീതും 
അയ്ന്റെ പിറ്റേന്നൊട്ടാത്രേ,

5.11.13

സെക്കന്റ് ഷോ

ലേബര്‍ ക്യാമ്പില്‍ നിന്നും
സി-റിംഗ് റോഡ് വഴി
IBQ ബാങ്കിന്റെ പരസ്യത്തിലെ
ഗോതമ്പ് പാടത്തിലൂടെ
വഴിയരികിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.
വരമ്പത്തെ പുല്ലിലെ
പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.

ട്രാഫിക് സിഗ്നലില്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
പാട്ട് പാടിക്കളിച്ച്
ചുവപ്പിലൂടെ കൊടിയും പിടിച്ച്
കളക്ടറേറ്റ് പടിക്കല്‍
അടി കൊണ്ട് തല പൊട്ടി.

T V റൌണ്ട് എബൌട്ടിനു വശത്തെ
കോമ്പൌണ്ടില്‍
ജൂണിലെ വെയിലില്‍ പൂത്തുലഞ്ഞ്
കണിക്കൊന്നമരം.
വലിഞ്ഞു കയറി
കള്ളി മുണ്ട് കീറി.
പുലര്‍ച്ചെ കണികണ്ട്
പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

മരുഭൂമിയിലെ പൊരി വെയിലത്ത്
ഷവലും പിടിച്ച് ട്രഞ്ചിലെ
മണ്ണ് കോരുമ്പോള്‍
സ്കൂള്‍ ഗ്രൌണ്ടിലെ ഉച്ച വെയിലില്‍
അടുത്ത പന്ത് സിക്സര്‍ അടിക്കണമെന്ന്
മനസ്സില്‍ കരുതി.
സിറിയക്കാരന്‍ ഫോര്‍മാന്റെ
ചീത്ത വിളിയില്‍
കുറ്റി തെറിച്ച് ഔട്ടായി.

വൈകീട്ട് ക്യാമ്പില്‍
കുബ്ബൂസും ചെറുപയറും
കൂട്ടിക്കഴിക്കുമ്പോള്‍
പ്രതിഭാ ഹോട്ടലിലെ
മണിയേട്ടന്‍ വിളമ്പിയ
പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും
രുചിയില്‍ ഏമ്പക്കം വിട്ടു.

പന്ത്രണ്ട് പേര്‍ കിടക്കുന്ന
ഇടുങ്ങിയ മുറിയില്‍
മൂന്നാമത്തെ തട്ടില്‍
കിടന്ന പാടെ ഉറങ്ങുമ്പോള്‍
ചിറ്റിലപ്പിള്ളി മിനിയില്‍
സെക്കന്റ് ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു.
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

2.11.13

മടുപ്പിന്റെ പുറന്തോടുകള്‍ക്കുള്ളില്‍ ഞാനും നീയും.

‌‌‌‌‌‌------------------------------------- അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെന്ന് നെടുവീർപ്പിടുമ്പോഴും കാര്യങ്ങളൊക്കെ അങ്ങനെത്തന്നെ കിടക്കും മടുപ്പിന്റെ പുറന്തോട് പൊട്ടിക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരുവന്റേയും ഏതൊരുവളുടെയും നിരാശകളിൽ പെട്ട് കാര്യങ്ങളൊക്കെയങ്ങനെ കിടന്നിടത്ത് കിടന്ന് കുഴഞ്ഞ് മറിയും കുഴഞ്ഞ് മറിയുന്ന കാര്യങ്ങളിൽപ്പെട്ട് കുഴഞ്ഞ് പോകുന്ന നിന്നെയോർത്തുള്ള സങ്കടം കൊണ്ടാണ് നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക് എത്രനാൾ നീയിങ്ങനെ മലർന്ന് കിടക്കുമെന്ന് നിരാശപ്പെട്ടിട്ടാണ് മടുത്തിട്ടാണെങ്കിലും കിടന്നിടത്ത് കിടന്ന് കുഴഞ്ഞ് മറിയുന്നത്. പല കാഴ്ചകളുടെ ആകാശങ്ങളിലേക്ക് മലർന്ന് കിടക്കുമ്പോൾ അവയൊക്കെ തുന്നിക്കൂട്ടി നക്ഷത്രങ്ങളേയും വാരിയെടുത്ത് സ്ഥലം വിട്ടാലോയെന്നാലോചിക്കാതെയല്ല കാര്യങ്ങളൊക്കെ അങ്ങനെത്തന്നെയങ്ങ് കിടക്കട്ടേയെന്ന് പുറന്തോടിനുള്ളില്‍ ആര്‍ത്തലയ്ക്കുന്ന മടുപ്പ് പിടിച്ചുവലിക്കുന്നു (ഹും കിടക്കട്ടെ അങ്ങനെത്തന്നെ ഹല്ല പിന്നെ എന്ന് കൂടെത്തന്നെയുള്ള ഞാനും!)


8.10.13

കണ്ടാൽ കൊത്യാവും.

=============
എത്രയാളോളാ 
എന്നും ചിരിച്ചിട്ടങ്ങനെ
പടങ്ങളായിട്ട്.
കണ്ടാൽ കൊത്യാവും.

കമലമ്മേടേം 
പാത്തുമ്മേടേം
നാണ്യേമ്മേടേം
ചിരി കണ്ടാ മതി,
പത്രോസിന്റെ
പത്രാസ് കാണണം.
ഹോ!
ചിരിച്ചങ്ങനെ 
പടമായിട്ടിരിക്കണ
പടങ്ങൾ കണ്ടാ മതി,

ഔ!!

കൊതിയാവും
എന്തൊരു സന്തോഷാ മോത്ത്.
എത്രയാളോളാ
ചിരിച്ചിങ്ങനെ ദെവസോം രാവിലെ.

പടമില്ലാത്തോർക്ക്
മരിച്ചിട്ടെങ്കിലും  
പടം വന്നില്ലല്ലോ എന്ന് 
സങ്കടണ്ടാവില്ലെ?

പാവം തോന്നും.

എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.
ചിരി വരും
ചിരിച്ച് ചിരിച്ച് ചാവും
ചാവുമ്പോ കൊടുക്കാൻ
പടമെടുത്ത് വെക്കും

ദിവസോം രാവിലെ ആദ്യം തന്നെ
ചരമകോളം നോക്കും
ചത്തോന്ന് നോക്കും
ചിരിച്ചിരുന്നെടുത്ത 
പടമുണ്ടോന്ന് നോക്കും
ചിരി ചുണ്ടിലിരുന്ന് ചത്ത് പോകും
ചത്തോര്ക്കൊക്കെ 
എന്തുമാവാലോന്ന് 
കുശുമ്പ് തോന്നും.

എന്നാലും എന്നും
എത്രയാളുകളാ ചിരിച്ചിട്ടങ്ങനെ.

എന്നിട്ടും...

18.9.13

ഹാർബർ

നല്ല മീൻ‌ചൂര്
ഉപ്പ് കാറ്റ്
കായലിൽ കടലോളം 
പരന്ന് കിടക്കുന്ന ചെളിവെള്ളം
കടലിലേക്ക് കായലിനൊപ്പം 
പോകാൻ തയ്യാറെടുക്കുന്ന
ഭക്ത വിലാസം, 
മേരിമാത ബോട്ടുകൾ
കരതേടുന്ന അൽ അമീൻ

ഇവിടെ തുപ്പരുത്
പുക വലിക്കരുത് എന്ന
മുന്നറിയിപ്പ് തൂണുകൾക്കരികെ
അടുക്കിവെച്ച പല നിറങ്ങൾ
ഇനീഷ്യലെഴുതിയ 
മീൻ പെട്ടികൾ. 

നീലയും മഞ്ഞയും 
ചുവപ്പും നിറമുള്ള
വലയിലെ പിഴവുകൾ
തിരുത്തുന്ന മുക്കുവർ
കരക്ക് പിടിച്ചിട്ട
ചത്ത മീൻ കണ്ണുകളേപ്പോലെ
കടലിലേക്ക് കണ്ണും 
നട്ടിരിക്കുന്നവർ

കാക്കകൾ കൂട്ടം കൂടി
കവിയരങ്ങ് നടത്തുന്നുണ്ട്
ബോറടിക്കുമ്പോൾ
തെങ്ങോലകളിലിരുന്ന്
താഴേക്ക് കാഷ്ഠിക്കുന്നുണ്ട്
മീനുമായി ഒരു ബോട്ടെങ്കിലും 
വരുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്

അഴിമുഖത്ത് കായലിലേക്ക്
തള്ളിക്കയറാൻ
തിരക്ക് കൂട്ടുന്ന തിരകൾ
തിരകളുടെ മോഹിപ്പിക്കുന്ന 
രതിയിലേക്കിറങ്ങിപ്പോയവർ
തിരികെ വരുന്നവരേയും
കാത്തിരിക്കുന്ന പുലിമുട്ടിലെ
കൂറ്റൻ പാറകൾ.

ഒരടയാളവും ശേഷിപ്പിക്കാതെ
പോയവരെപ്പോഴെങ്കിലും
കയറിവരുമെന്ന്
വഴിക്കണ്ണുമായി
നോക്കിയിരിപ്പുണ്ട് 
ഹാർബറിന്റെ അങ്ങേയറ്റത്ത്
എന്നോ ഉപേക്ഷിക്കപ്പെട്ട
ഒരു  വിളക്കുമാടം.

ഒറ്റക്ക്.

5.8.13

ത്ഫൂ.....

=======
ഒരു സമരത്തിലും
ഒരു വിപ്ലവത്തിലും 
പങ്കെടുത്തിട്ടില്ല
എന്റെ കവിത.

അടി കൊണ്ട് തലപൊട്ടിയിട്ടില്ല
ടിയർഗ്യാസിൽ കണ്ണെരിഞ്ഞിട്ടില്ല
ഇടിവണ്ടിയിൽ നഗരം ചുറ്റി
തല്ല് കൊണ്ടിട്ടില്ല

നിരത്തിലെന്റെ കവിതയുടെ
ചോര ചാലിട്ടൊഴുകിയേട്ടേയില്ല
ഒരു വെടിയുണ്ട പോലും
നെഞ്ച് പിളർത്തി കടന്ന് പോയിട്ടില്ല

ഒരു കോടതിയിലേയും
പ്രതിക്കൂട്ടിൽ കയറിയിട്ടില്ല
ജയിൽ കിടന്നിട്ടില്ല
തൂക്കുകയറിൽ കിടന്നാടിയിട്ടുമില്ല

എന്നിട്ടും കവിതയാണെന്ന്
പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നു
നാണമില്ലാതെ

ത്ഫൂ.... 
=============

10.7.13

ഗാഫ്

==========
ചുവന്ന മണലാണ്
പാതക്കിരുവശവും കൂട്ടം കൂടി നിൽക്കുന്ന 
മരങ്ങളെ നിരയൊപ്പിച്ച് നിർത്തിയിട്ടുണ്ട്
പ്രകടനത്തിനും സമ്മേളനത്തിനും
നിരയൊപ്പിച്ച് നിർത്തിയ പോലെ

ജാഥക്കെത്തിയ മരങ്ങളെ,
നിങ്ങളറിയുമോ
നിങ്ങൾക്കു പുറകിലെ മണൽക്കൂനകൾക്കപ്പുറത്ത്
അപ്പുറത്ത്
ഒറ്റക്ക്
ഒറ്റക്ക് നില്ക്കുന്ന ഒരു ഗാഫ് മരത്തിന്റെ
ഏകാന്തതയെ?

കാറ്റ്
കാടിനെക്കുറിച്ച്
കാട്ടരുവിയെക്കുറിച്ച്
കാട്ടുകോഴിയെക്കുറിച്ച്
ചെവിയിലടക്കം പറഞ്ഞ് പോകുമ്പോൾ
വേരും പറിച്ചോടാൻ കൊതിക്കുന്ന
ഒരേകാന്ത മരത്തിന്റെ പ്രാണൻ പോകുന്ന വേദനയെ?

നിന്ന നിൽപ്പിൽ നിന്ന് നിന്ന് മടുത്ത്
വേരൊന്ന് തൊട്ടപ്പുറത്തൂന്നി
നിൽക്കാൻ കൊതിക്കുന്ന
കാടായില്ലെങ്കിലും
കാടനാവാതിരിക്കണേയെന്ന്
നിന്ന നിൽപ്പിൽ മേലോട്ട് കൈയുയർത്തി*
പ്രാർത്ഥിക്കുന്ന
ഗാഫിനെ
നിങ്ങൾ കാണുന്നുണ്ടോ
നിരയൊപ്പിച്ച് നിർത്തിയ
ഏകാന്തതയറിയാത്ത
മരങ്ങളേ?
===============

3.6.13

എത്ര ലളിതമാണ്

-------------------------
അതൊന്നും അങ്ങനെയല്ലായിരുന്നു.

ദുരൂഹതകളുടെ
പിരിയൻ ഗോവണി-
പ്പടികളാണെന്നായിരുന്നു
തോന്നിപ്പിച്ചിരുന്നത്.
ഓരോ പടികളും 
എത്ര ലളിതമായിട്ടാണ്
നിന്നിലേക്കിറങ്ങുന്നതെന്ന്
തിരിച്ചു വരാതെ പോയവരുടെ 
കാൽപ്പാടുകൾ 
സാക്ഷ്യം പറയുന്നു.

അങ്ങനെത്തന്നെയൊക്കെ
ആയിരിക്കണം
ലളിതമല്ലെന്ന് തോന്നിപ്പിക്കുന്ന
ഓരോ നീയും ഞാനും.

തോന്നിപ്പിക്കലുകളാണത്രെ എല്ലാം.

നീയുണ്ടെന്നും
ഞാനുണ്ടെന്നും
നമ്മളുണ്ടെന്നും
നമുക്കെല്ലാമുണ്ടെന്നും.

നിറയെ നിറങ്ങളുണ്ടായിരുന്നു
പൂത്തുലഞ്ഞ നിലാവുണ്ടായിരുന്നു
നനുനനുങ്ങനെ കുളിർന്ന
മഴയുണ്ടായിരുന്നു
മഞ്ഞുണ്ടായിരുന്നു
അങ്ങനെയങ്ങനെ.

അതെല്ലാം അതേപോലെത്തന്നെയായിരുന്നന്നും
അതേപോലെത്തന്നെയാണിപ്പോഴും

അന്നത്തെ ഞാനും നീയും
അതേപോലെത്തന്നെ
തിരിച്ചറിയാൻ പറ്റാത്തയത്രക്ക്
ലളിതമായിട്ട്. 
==============

27.4.13

ചെമ്പരത്തിപ്പൂവ്

ചെമ്പരത്തിപ്പൂവ്
-------------------
ചങ്കെടുത്ത് കാണിച്ചിട്ടും
ബോധ്യം വരാത്തത്
കൊണ്ടാണ്
ചെവിയിലിങ്ങനെ.

ഇനി അവിടിരിക്കട്ടെ.

*****

17.3.13

-----------

അവളെപ്പോഴും മഴയെ
മഴക്കാലത്തെപ്പറ്റി പറഞ്ഞ്
കൊണ്ടിരുന്നപ്പോൾ
ഞാൻ ചോരുന്ന
വീടിനെ കണ്ട് കൊണ്ടിരുന്നു.

അവൾ നിറമുള്ള സ്വപ്നങ്ങളേപ്പറ്റി
ഓര്‍മ്മിപ്പിച്ചപ്പോള്‍
ഞാൻ ഇരുളടഞ്ഞ് പോകുന്ന
സ്വപ്നങ്ങളേപ്പറ്റിയാണ്
ചിന്തിച്ചു കൊണ്ടിരുന്നത്.

അവൾ
പൂക്ക‌ളെ
പൂക്കാലത്തേ
പൂമ്പാറ്റകളേപ്പറ്റി
വാതോരാതെ പറഞ്ഞ് പറഞ്ഞെന്റെ
മാറിലേക്ക് ചാഞ്ഞപ്പോൾ
മരുഭൂമിയിലൊരൊറ്റമരം എങ്ങനെ
കൂട്ടില്ലാതെ
കരിയാതെ
പിടിച്ചുനിൽക്കുന്നുവെന്നാണ്
ഞാനത്ഭുതപ്പെട്ടത്.

അവൾ വരാനിരിക്കുന്ന സുന്ദരമായ
കാലത്തേപ്പറ്റിയുള്ള
സ്വപ്നത്തിലേക്ക് വീണപ്പോൾ
ഞാൻ നടന്നെത്തിയ
ഇനിയും നടക്കാനുള്ള
ചരൽപ്പാതകളേയോർത്തെന്റെ
തുളവീണ ചെരുപ്പിനെ പറ്റി
വിഷാദിച്ചു കൊണ്ടിരിക്കുന്നു,
നിന്റെ മഴ നനഞു കൊണ്ടിരിക്കുന്നു.

11.3.13

സമത്വംനിന്നോട് കൂട്ട്
കൂടാത്തതെന്താന്നാ?

അതേയ്,
നിന്നേം എന്നേം
കവീന്ന് വിളിക്കുമ്പളേ
എന്നിലെ കവിക്കത് കൊറച്ചിലാ

ഞാൻ നായരും
നീ പൊലേനും
എന്നപോലെന്ന്യല്ലേ
മ്മ്‌ടെ കവിതോൾടെ
നെലവാരോംന്ന്
നിനക്കറിയില്ലാച്ചാലും
എനിക്കറിയാലോ.

നെന്റെ കവിത വായിക്കണ
നെലവാരത്തിലുള്ളോരല്ല
മോനേ
ന്റെ കവിതോള് വായിക്കണത്‌ന്ന്
നിനക്കറീല്ലെങ്കിലും
എനിക്കറിയാലോ.

അതോണ്ടല്ലെഡാ
നെന്നോട് ഞാൻ
കൂടാത്തത്.

ന്തേ?
ബാറിൽ പോവാന്നാ?
അവിടിരുന്ന്
വർത്താനം പറയാന്നാ?
ന്നാ നീ വാ
ന്റെ തോളത്ത് കൈയിട്
മ്മ്ക്കവിടിരുന്നാവാം ബാക്കി

ന്റെ ഷ്ടാ,
ന്തൂട്ട് കവിത്യാടാ നെന്റെ
എന്ത് പെടയാ നീ പെടച്ചേ
സമ്മയ്ച്ചൂട്ടാ
ഞാൻ ഫിറ്റായോണ്ട്
പറേണതല്ലാട്ടാ..

മ്മ്ക്കെന്ത് വലിപ്പച്ചെറുപ്പാടാ?
മ്മ്‌ക്കെന്ത് നായരും
പൊലേനും?
ഒക്കെ മൻഷ്യന്മാരല്ലേ
മൻഷ്യന്മാര്.
===============3.3.13

രണ്ടകലങ്ങളിലെ നെടുവീർപ്പുകളിൽ നീയും ഞാനും

കുറേക്കഴിയുമ്പോൾ 
നമുക്കും ബോറടിച്ച് തുടങ്ങും

മഹാ സമുദ്രത്തിൽ ഒറ്റപ്പെട്ടു പോയ
ദ്വീപുകളേപ്പോലെ നമ്മൾ
പരസ്പരം കാണാതെയാവും
രണ്ട് തീരങ്ങളിൽ ആർത്തിരമ്പുന്ന
തിരമാലകളുടെ ആരവങ്ങളിലലിയുന്ന 
നെടുവീർപ്പുകളാകും
ഓരോ ഓർമ്മകളും.

പിന്നെ
നമുക്കിടയിൽ
ആർത്തിരമ്പുന്ന കടൽ
നിശബ്ദമാകും, നമ്മുടെ
മൗനം പോലെ.

അപരിചിതമായ രണ്ട് 
ലോകത്തിൽ നമ്മളങ്ങനെ
എവിടെനിന്നെങ്കിലുമൊക്കെ 
ഒരു കപ്പലകടത്തിൽപ്പെട്ട
യാത്രികനേപ്പോലെ
യാത്രികയേപ്പോലെ
അവൻ
അവൾ
കയറിവരുമെന്ന് 
ഉറക്കത്തിൽ സ്വപ്നം കാണും

സ്വപ്നം കണ്ട് 
സ്വപ്നം കണ്ട്
ബോറടിച്ച് 
ബോറടിച്ച്
തിരിഞ്ഞ് നടക്കുമ്പോഴാവും
വഴിയിലെവിടെയെങ്കിലും
നമ്മൾ പരസ്പരം 
കടന്ന് പോവുക

എവിടെയോ വെച്ച്
നീ എന്നെ
ഞാൻ നിന്നെ
കണ്ടിട്ടുണ്ടല്ലോയെന്ന്
നമ്മൾ ഓർമ്മയിൽ 
പരതി നടക്കും
തിരിഞ്ഞ് നോക്കി ചിരിക്കും

അപ്പോഴായിരിക്കും
നമ്മളുണരുന്നത്.
കടൽക്കാറ്റടിക്കുന്നുണ്ടാകും
തണുക്കുന്നുണ്ടാകും
തണുപ്പുമാറ്റാൻ നമ്മൾ കെട്ടിപ്പിടിക്കും
ചുംബിക്കും
ചുംബിക്കും
ചുംബിക്കും
വീണ്ടും ബോറടിക്കുന്നത് വരെ.
=======================

29.1.13

ഓരോരോ ചിന്തയിൽ, ഓരോരുത്തരും...

ഒരു യാത്രയിൽ
കൂടെ വന്നവരെല്ലാം
ഇപ്പോൾ
ഓർമ്മകളുടെ ചുരമിറങ്ങുകയാണ്.

എത്രപെട്ടെന്നാണ്
നിശബ്ദത ഞങ്ങളുടെ
ഭാഷയായത്.
*കാട് ഒരു നൃത്തത്തിന്റെ
നീശ്ചല ദൃശ്യമായി
ഇരുവശവുമങ്ങനെ
നിൽപ്പുണ്ട്.

ഓരോ മരത്തേയും
പിന്നിടുമ്പോൾ
അത് ഞാനാണ്
ഞാനാണെന്ന് ഓരോരുത്തരും
കണ്ണീരൊഴുക്കുന്നുണ്ട്.

എനിക്ക് മാത്രം
അത് നീയാണെന്നേ
തോന്നിയത്.
ഒറ്റക്കാക്കിപ്പോവല്ലേയെന്ന്
നീ ചില്ലയാട്ടി
വിളിക്കുമ്പോലെ.

ഓരോ മരത്തേയും
ചൂണ്ടിക്കാണിച്ച്കൊണ്ട്
അവൻ മാത്രം
പറയുന്നുണ്ട്,
മരിച്ച് പോയ നമ്മളുടെ
പിതാക്കന്മാരാണ്
ഇവരെന്ന്.

അന്ന് കൂടെപ്പോന്ന
ഓരോ മരവും
വേരാഴത്തിലിറക്കിയിങ്ങനെ
ഇങ്ങനെ
ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്
ഇപ്പോഴും.

==============
*ഒരു യാത്രയിൽ സാരഥിയായ നൗഷാദിനോട് കടപ്പാട്.

5.1.13

വാർത്തയിൽ

വീട്ടിൽ
വഴിയരികിൽ
സുഹൃത്തിനോടൊപ്പം
ഒറ്റക്കൊരു പാർക്കിൽ
കോളേജിന്റെ
ആളൊഴിഞ്ഞ വരാന്തയിൽ
നിവൃത്തികേട് കൊണ്ട്
അസമയത്ത്
ഏതെങ്കിലുമൊരു ബസ്റ്റോപ്പിൽ
അല്ലെങ്കിൽ
എവിടെയെങ്കിലുമൊക്കെ വെച്ച്
ഏതെങ്കിലുമൊരു
നിമിഷത്തിലാവും
അശുഭകരമായ
ഒരു പ്രഭാതവാർത്തയായി
നീ മാറുന്നത്.