21.11.12

--

നിങ്ങൾക്ക് അതൊരു സാധാരണ ദിവസത്തിന്റെ തുടക്കമായിരിക്കും, എനിക്കങ്ങനെയല്ലെങ്കിലും. നിങ്ങൾ മൊബൈലിലെ അലാറമടിക്കുമ്പോൾ എഴുന്നേറ്റ് ദിനചര്യകളിലേക്ക് പോകും.  അലാറം ഓഫ് ചെയ്ത് ചിലപ്പോഴൊക്കെ മടിപിടിച്ച് കിടക്കാറുള്ളതോർത്ത് നിങ്ങൾ  എന്നെ പതിവ് പോലുള്ള നോട്ടം നോക്കി ജോലിക്ക് പോകും. ഇന്ന് ഞാൻ കിടക്കുന്നത് മടി പിടിച്ചിട്ടല്ല, നിങ്ങൾ പോയിട്ട് വേണമെന്റെ പദ്ധതികളിലേക്ക് കടക്കാനെന്ന് കരുതിയാണ്. നിങ്ങൾക്ക് ഇന്നൊരു പതിവ് ദിവസം പോലെ തോന്നിച്ചേക്കാം. അതൊരു തോന്നൽ മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴത്തെ നിങ്ങളുടെ അങ്കലാപ്പ് എനിക്ക് മനസ്സിലാവും. നിങ്ങൾ പോയിക്കഴിഞ്ഞയുടൻ ഞാനെഴുന്നേറ്റിരുന്നു. പതിവിലും സമയമെടുത്ത് ഷേവ് ചെയ്ത്, കുളിച്ച് എനിക്കേറ്റവും പ്രിയപ്പെട്ട കറുത്ത ടീഷർട്ടും നീല ജീൻസും ധരിച്ചാണ് ഇറങ്ങിയത്. പതിവ് പോലെ നിന്നെ ഞാൻ വിളിച്ചില്ല. നിന്റെ മിസ്സ്ഡ് കോളുകൾ അവഗണിച്ച് പതിയെ കാർ ഹൈവേയിലൂടെയോടിച്ച് പോയി. (160 കിലോമീറ്ററിൽ ട്രെയിലറിനു പിന്നിലിടിച്ച് കയറുന്ന സ്വപ്നമെന്നൊക്കെ നിന്നോട് വെറുതെ പറഞ്ഞതാണ്). അന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്ന മരമില്ലേ? അത് വെട്ടിക്കളഞ്ഞിരുന്നു. എന്റെ പദ്ധതികൾ അല്പം തെറ്റിപ്പോയെങ്കിലും പതിയെ കാറോടിച്ച് പോകുമ്പോഴാണ് പുതിയൊരാശയം തെളിഞ്ഞ് വന്നത്.   രാത്രി മുഴുവൻ നിങ്ങളെന്നെ തിരഞ്ഞ് നടന്നു, പതിവായി പോകാറുള്ള ബാറിൽ, കൂട്ടുകാരുടെ റൂമിൽ, ഞാനൊറ്റക്ക് ചെന്നിരിക്കാറുള്ള പാർക്കിൽ.. ഒരുവിധപ്പെട്ട എല്ലായിടത്തും അന്വേഷിച്ചാണൊടുവിൽ നിങ്ങളീ ഒഴിഞ്ഞ ബീച്ചിൽ എന്നെ കണ്ടെടുക്കുന്നത്. ഈ ബീച്ചിലാണല്ലോ നിന്നോട് തനിച്ചിരുന്ന്  സംസാരിക്കാൻ വന്നിരിക്കാറുള്ളത്. നിങ്ങൾക്കിപ്പോൾ പലതും അസാധാരണമായിത്തോന്നുന്നുണ്ടാവും, എനിക്കിപ്പോൾ അങ്ങനെയല്ല.