9.11.13

ചൂണ്ട


-------
അന്നാമ്മച്ചേടത്തി
ആറും പെറ്റെഴുന്നേറ്റ് വന്നന്ന് മുതൽ 
ഔസേപ്പേട്ടന്റെ പായ 
വരാന്തേലേക്കായി.

പിറ്റേസം മുളങ്കമ്പും വെട്ടി 
പത്ത് പൈസക്കീരയും 
ചൂണ്ടക്കൊളുത്തും വാങ്ങി
ചൂണ്ടയിടാൻ പോയി ഔസേപ്പേട്ടൻ.

ഇരയെ കൊത്തിക്കിളച്ചെടുക്കുമ്പോൾ
ചൂണ്ടക്കൊളുത്തിൽ കോർക്കുമ്പോൾ
പോളപ്പുല്ലിന്റെ തുണ്ട് അനങ്ങുന്നുണ്ടോയെന്ന്
ഏകാഗ്രമായി ധ്യാനിച്ചിരിക്കുമ്പോൾ
ഒറ്റവലിക്ക് പുറത്തെത്തുന്ന
പരൽമീനിന്റെ
കരിപ്പിടിയുടെ
ബ്‌രാലിന്റെ പിടച്ചിലിൽ
ഔസേപ്പേട്ടൻ എന്തെന്നില്ലാത്ത 
സുഖമറിഞ്ഞു.

പാതിരാത്രിയിൽ വാതിൽ
ചവിട്ടിത്തുറന്ന് അന്നാമ്മയെ
പ്രാപിച്ചാലോയെന്ന ചിന്തകൾ
അന്നാമ്മച്ചേടത്തിയുടെ 
തീപാറുന്ന നോട്ടം പേടിച്ച്
ഔസേപ്പേട്ടൻ അടക്കിപ്പിടിച്ചങ്ങനെ കിടക്കും

ഈർക്കിലിയിൽ കോർത്ത
മീനുകൾ വൈകുന്നേരത്തേക്ക്
കറിവെക്കാനായി 
കൊടുക്കുമ്പോൾ
അന്നാമ്മയുടെ പുച്ഛത്തിലുള്ള നോട്ടം
കണ്ടില്ലെന്ന് നടിക്കും

അത്താഴത്തിന് 
വായിലേക്കെടുക്കുന്ന
ഓരോ മീൻ കഷ്ണത്തേയും
ഔസേപ്പേട്ടൻ 
അന്നമ്മച്ചേടത്തിയോളം വെറുത്തു

പിറ്റേസം 
ചൂണ്ടേ കൊരുക്കാനുള്ള
മണ്ണിരേടെ പിടച്ചിലിലും
ചൂണ്ടക്കൊളുത്തിൽ 
പിടക്കുന്ന മീനുകളിലും
അന്നാമ്മയെ സ്വപ്നം കണ്ട്
ഔസേപ്പേട്ടൻ വരാന്തയിൽ തന്നെ
കൈകൾ തുടക്കിടയിൽ തിരുകി
ഉടുമുണ്ടും പുതച്ചുറങ്ങും.

ഒരീസം 
കോറമ്പയിൽ മീനില്ലാണ്ട്
അത്താഴത്തിന് മീങ്കറിയില്ലാണ്ട്
കോലായിലുറക്കല്ല്യാതെ
ഔസേപ്പേട്ടൻ
ആപ്പിളു ബീഡിക്ക് മേലെ
ആപ്പിളു ബീഡി വലിച്ച്
ഇരുട്ടിൽ മിന്നാമിനുങ്ങ്
മിന്നിയപ്പോൾ
ഇ‌ളയ ചെക്കന്റെ വായേന്ന്
ഇടതുമുല എടുത്ത് മാറ്റി
ഒച്ചേണ്ടാക്കാണ്ട് വാതില് തൊറന്നേന്റെ
ഒമ്പതാം മാസം അന്നാമ്മച്ചേടത്തി
ഏഴാമതും പ്രസവിച്ചു

ഔസേപ്പേട്ടൻ മീൻ വാങ്ങല് 
മാർക്കറ്റീന്നാക്കീതും 
അയ്ന്റെ പിറ്റേന്നൊട്ടാത്രേ,

5.11.13

സെക്കന്റ് ഷോ

ലേബര്‍ ക്യാമ്പില്‍ നിന്നും
സി-റിംഗ് റോഡ് വഴി
IBQ ബാങ്കിന്റെ പരസ്യത്തിലെ
ഗോതമ്പ് പാടത്തിലൂടെ
വഴിയരികിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.
വരമ്പത്തെ പുല്ലിലെ
പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.

ട്രാഫിക് സിഗ്നലില്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
പാട്ട് പാടിക്കളിച്ച്
ചുവപ്പിലൂടെ കൊടിയും പിടിച്ച്
കളക്ടറേറ്റ് പടിക്കല്‍
അടി കൊണ്ട് തല പൊട്ടി.

T V റൌണ്ട് എബൌട്ടിനു വശത്തെ
കോമ്പൌണ്ടില്‍
ജൂണിലെ വെയിലില്‍ പൂത്തുലഞ്ഞ്
കണിക്കൊന്നമരം.
വലിഞ്ഞു കയറി
കള്ളി മുണ്ട് കീറി.
പുലര്‍ച്ചെ കണികണ്ട്
പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

മരുഭൂമിയിലെ പൊരി വെയിലത്ത്
ഷവലും പിടിച്ച് ട്രഞ്ചിലെ
മണ്ണ് കോരുമ്പോള്‍
സ്കൂള്‍ ഗ്രൌണ്ടിലെ ഉച്ച വെയിലില്‍
അടുത്ത പന്ത് സിക്സര്‍ അടിക്കണമെന്ന്
മനസ്സില്‍ കരുതി.
സിറിയക്കാരന്‍ ഫോര്‍മാന്റെ
ചീത്ത വിളിയില്‍
കുറ്റി തെറിച്ച് ഔട്ടായി.

വൈകീട്ട് ക്യാമ്പില്‍
കുബ്ബൂസും ചെറുപയറും
കൂട്ടിക്കഴിക്കുമ്പോള്‍
പ്രതിഭാ ഹോട്ടലിലെ
മണിയേട്ടന്‍ വിളമ്പിയ
പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും
രുചിയില്‍ ഏമ്പക്കം വിട്ടു.

പന്ത്രണ്ട് പേര്‍ കിടക്കുന്ന
ഇടുങ്ങിയ മുറിയില്‍
മൂന്നാമത്തെ തട്ടില്‍
കിടന്ന പാടെ ഉറങ്ങുമ്പോള്‍
ചിറ്റിലപ്പിള്ളി മിനിയില്‍
സെക്കന്റ് ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു.
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

2.11.13

മടുപ്പിന്റെ പുറന്തോടുകള്‍ക്കുള്ളില്‍ ഞാനും നീയും.

‌‌‌‌‌‌------------------------------------- അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെന്ന് നെടുവീർപ്പിടുമ്പോഴും കാര്യങ്ങളൊക്കെ അങ്ങനെത്തന്നെ കിടക്കും മടുപ്പിന്റെ പുറന്തോട് പൊട്ടിക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരുവന്റേയും ഏതൊരുവളുടെയും നിരാശകളിൽ പെട്ട് കാര്യങ്ങളൊക്കെയങ്ങനെ കിടന്നിടത്ത് കിടന്ന് കുഴഞ്ഞ് മറിയും കുഴഞ്ഞ് മറിയുന്ന കാര്യങ്ങളിൽപ്പെട്ട് കുഴഞ്ഞ് പോകുന്ന നിന്നെയോർത്തുള്ള സങ്കടം കൊണ്ടാണ് നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക് എത്രനാൾ നീയിങ്ങനെ മലർന്ന് കിടക്കുമെന്ന് നിരാശപ്പെട്ടിട്ടാണ് മടുത്തിട്ടാണെങ്കിലും കിടന്നിടത്ത് കിടന്ന് കുഴഞ്ഞ് മറിയുന്നത്. പല കാഴ്ചകളുടെ ആകാശങ്ങളിലേക്ക് മലർന്ന് കിടക്കുമ്പോൾ അവയൊക്കെ തുന്നിക്കൂട്ടി നക്ഷത്രങ്ങളേയും വാരിയെടുത്ത് സ്ഥലം വിട്ടാലോയെന്നാലോചിക്കാതെയല്ല കാര്യങ്ങളൊക്കെ അങ്ങനെത്തന്നെയങ്ങ് കിടക്കട്ടേയെന്ന് പുറന്തോടിനുള്ളില്‍ ആര്‍ത്തലയ്ക്കുന്ന മടുപ്പ് പിടിച്ചുവലിക്കുന്നു (ഹും കിടക്കട്ടെ അങ്ങനെത്തന്നെ ഹല്ല പിന്നെ എന്ന് കൂടെത്തന്നെയുള്ള ഞാനും!)