27.7.09

എന്റെ മഴ.

മഴയാണ്, മഴ..
നനുനനുങ്ങിനെ
നനഞ്ഞിറങ്ങും മഴ.
നനഞ്ഞാലും നനയില്ലെന്ന
ചേമ്പിലച്ചിരിയില്‍
ഇക്കിളിയിട്ട്
മണ്ണില്‍ കുളിരുന്ന മഴ”

മഴയാണ്, മഴ..
ചിണുങ്ങിച്ചിണുങ്ങി
ചരിഞ്ഞിറങ്ങും മഴ.
പ്രണയം നനയും
പ്രകൃതിയെ
തരളിതമാക്കും
തളിരിളം പച്ചയില്‍
കുതിര്‍ന്നിറങ്ങും മഴ.

മഴയാണ്, മഴ...
കുണുങ്ങിക്കുണുങ്ങി
കിനിഞ്ഞിറങ്ങും മഴ.
തലയാട്ടിച്ചിരിക്കും
ചെമ്പരത്തിപ്പൂവിന്‍
കവിളില്‍ മുത്തി
നാണിച്ചൊളിക്കും മഴ.

മഴയാണ്, മഴ..
ഇത് ഞാന്‍ നനയുന്ന
എന്റെ പ്രണയമഴ..
----------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

19.7.09

തീന്‍ മേശയില്‍

വെന്ത മാംസം
മുള്ളില്‍ നിന്നുമടര്‍ത്തി
വായില്‍ വെച്ചപ്പോള്‍
മുളക് തേച്ച്
എണ്ണയില്‍ മൊരിഞ്ഞ
മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി.

വലയും കൊണ്ട്
പുറകിലാരോയെന്ന്
ഞെട്ടിത്തിരിഞ്ഞു.

ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്
പുറത്തെയിരുട്ടില്‍
ഇലയനക്കം.

കൈ തട്ടിയുടഞ്ഞ
ചില്ലു ഗ്ലാസില്‍
കടലോളം തിരയിളകി,
വലയില്‍
അവസാനത്തെ പിടച്ചില്‍.

പിറ്റേന്ന് വാതില്‍
ചവിട്ടിപ്പൊളിച്ച്
കണ്ടെടുക്കുമ്പൊള്‍
കണ്ണ് തുറന്ന്
കരയില്‍ ചത്തടിഞ്ഞ
മീന്‍ പോലെ തറയില്‍.

തൊണ്ടയില്‍ കുരുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്
പോലൊരു മീന്‍ മുള്ള്
മരണകാരണമെന്ന്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
-------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

7.7.09

സ്വപ്നം കാണുന്നത്..

സ്വീകരണ മുറിയില്‍
ചമഞ്ഞിരിപ്പുണ്ട്,
മലയിറങ്ങിപ്പോയ കാട്.

അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.

മാനം മുട്ടെ നില്‍ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.

വണ്ടിയില്‍ കയറി
വയല്‍ നിരന്ന കുന്നുകള്‍
ഉറക്കത്തില്‍
സ്വപ്നം കാണുന്നുണ്ട്,
വേരറുത്ത് പോയ
അവസാനത്തെ കുറ്റിച്ചെടി,
ഇറങ്ങി നടന്ന
ഒടുക്കത്തെ തുള്ളി നീരുറവ
തിരിച്ചു വരുന്നത്,
കുന്നും കാടും
പുഴയും മഴയുമാവുന്നത്.
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

3.7.09

ഉറക്കം വിട്ടുണരുന്നത്


ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.

പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.

സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!

ഇന്റര്‍ ബെല്ലിന്
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും
കടന്ന് പോകുമ്പോള്‍
ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നവള്‍
ഇടം കണ്ണിടുന്നോയെന്ന്
വെറുതെയാശിച്ച് തിരിഞ്ഞ് നോക്കും.

മാരാര്‍ മാഷിപ്പോഴും വേലിക്കല്‍ നിന്ന്
“അമ്മിണീ‍.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.

തിരിച്ചെന്നത്തേയും പോലെ
അമ്പലപ്പറമ്പിലെ ഊട് വഴിയില്‍ കയറി
മൂത്രമൊഴിച്ച് കിടക്ക നനച്ചാണിന്നും
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നത്.
--------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.