17.3.09

വാക്ക്.

എനിക്കും നിനക്കും
കളഞ്ഞു കിട്ടിയത്
ഒരേ വാക്ക്.

നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

എനിക്കും നിനക്കും
കളഞ്ഞു കിട്ടിയത്
ഒരേ നിറങ്ങള്‍.

നിന്റെ നിറങ്ങള്‍
ചരിഞ്ഞ ആകാശങ്ങളില്‍
മഴവില്ല് തീര്‍ത്തപ്പോള്‍

എന്റെ നിറങ്ങള്‍
ഇരുട്ട് തേടി പോയിരുന്നു.

ഞാനിപ്പോള്‍
നിന്റെ പുഴയുടെ
തീരത്ത് മഴവില്ലും
കണ്ടിരിക്കുകയാണ്.

മഴ നനഞ്ഞ്....

----------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

14.3.09

ഒസ്യത്ത്

അരുത്,
മരണശേഷം എന്നെ
കീറി മുറിക്കരുത്.

എന്റെ ഹൃദയത്തിലൊളിപ്പിച്ച
പ്രണയ മുഖങ്ങള്‍
നിന്നെ വേദനിപ്പിച്ചേക്കാം.

എന്റെ കരളിലിന്നും
ചോരയിറ്റുന്ന നഷ്ടപ്രണയങ്ങള്‍
നിനക്കു സഹിക്കില്ല.

എന്റെ നാവിലിനിയും
നിന്നോട് പറഞ്ഞ കള്ളങ്ങളുടെ
ബാക്കി കണ്ടേക്കാം.

എന്റെ കണ്ണിലെ
അരുതാത്ത കാഴ്ചകള്‍
നിന്റെ ഉറക്കം കെടുത്തിയേക്കാം

അരുത്, എന്റെ ശരീരം
കത്തിച്ചു കളയുക.
ചാരം പോലും ബാക്കി വെക്കാതെ.

അരുത്, കരയരുത്….
----------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

11.3.09

ഇന്നത്തെ വാര്‍ത്ത (നാളത്തേയും)

പ്രവാസ കവിതകളില്‍ ഒരു പുതിയ പോസ്റ്റ്.


ഇതിലെ ഒന്ന് പോയി നോക്കുക





ഇനിയും വാര്‍ത്തകള്‍
വരും പോകും.
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള്‍ പ്രാതല്‍ കഴിക്കും.
ഉള്‍ പേജുകളില്‍ കൂടുതല്‍
പീഡന വാര്‍ത്തകള്‍ക്കായ്
കണ്ണുകള്‍ തിരയും.
കാറ്റത്തു പൊന്തുന്ന
കുഞ്ഞുടുപ്പില്‍
കണ്ണുകള്‍ തിളങ്ങും.
ഒരു മുറിക്കു പുറത്ത്
അച്ഛന്‍ കാവല്‍ നില്‍ക്കും
അടുത്ത ഊഴക്കാരനോട്
വില പേശി.
വളരുന്ന മകളില്‍
നടക്കുന്ന സ്ക്രീനിംഗില്‍
ഒരു നായികയെക്കണ്ട്
അമ്മ മനക്കോട്ടകള്‍ കെട്ടും.
സഹോദരന്റെ
ഹൃദയമിടിപ്പ് കൂടും.
അദ്ധ്യാപകന്റെ
ഉറക്കം കെടും.
വേട്ട നായ്ക്കള്
കൊതി പൂണ്ട് നടക്കും.

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

5.3.09

കാക്ക.

നിരത്തിലെ
അഴുക്കില്‍
പറന്നിറങ്ങി,
പരതി,
ചിക്കി ചികഞ്ഞ്

കര്‍ക്കിടക വാവിന്റെ
ബലിച്ചോറിലേക്ക്.

പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.

ബലിച്ചോറ് കൊത്താതെ.
-------------------