15.10.10

പണ്ട് പണ്ട്, ഒരിടത്തൊരിടത്ത്.

പണ്ട് പണ്ട്, ഒരിടത്തൊരിടത്ത്.

രാമചന്ദ്രന്‍ വെട്ടിക്കാട്















പണ്ട് പണ്ട്...

ഒരിടത്തൊരിടത്ത്..

വേണ്ടച്ഛാ.. ഇത് മടുത്തു
പണ്ട് പണ്ടല്ലാതെ....
..........................





ആനുകാലിക കവിതയുടെ ഈ ലക്കത്തില്‍ വായിക്കുക

പണ്ട് പണ്ട്, ഒരിടത്തൊരിടത്ത്.


ഇതിലെ>>>>>>

സ്നേഹത്തോടെ,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

19.8.10

ആധാരം

ആനുകാലിക കവിത ഓണപ്പതിപ്പ് 2010ല്‍ ഒരു കുഞ്ഞു കവിത.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്

http://kavithaonappathippu.blogspot.com/

ആനുകാലിക കവിതയുടെ ഓണപ്പതിപ്പ് 2010 വായിക്കുമല്ലോ.

11.7.10

തിരിച്ചളക്കുന്ന ദൂരങ്ങള്‍

ഒറ്റ നോട്ടത്തില്‍ അളന്നെടുത്ത
ദൂരങ്ങളൊന്നും
നടന്നെടുത്തിട്ടില്ല
കാലുകള്‍
മനസ്സോടിയെത്തിയ
ദൂരത്തിലൊന്നും
ചെന്നെത്തിയില്ല
കണ്ണുകളിതേവരെ.

തൊട്ടടുത്തിങ്ങനെ
ചേര്‍ന്നിരിക്കുമ്പോഴും
തിട്ടപ്പെടുത്താനാവാത്ത
ദൂരത്തിലാണിപ്പോഴും നമ്മളെന്ന്
തൊട്ടൊട്ടിക്കിടക്കുന്ന
ശരീരങ്ങള്‍ക്കിടയിലെ
ദൂരമില്ലായ്മ
അളന്നളന്ന് കിതക്കുന്നുണ്ട്

ആദ്യം തൊട്ട വാക്കിന്റെ
വ്യാകരണപ്പിശകിലാകാം
കാലങ്ങളില്‍
കാണാനാവാതെ നമ്മളിങ്ങനെ
ദൂരെ ദൂരെയായത്.

മുന്നോട്ടോടിപ്പോയ
ദൂരങ്ങളൊക്കെയും
പിന്നോട്ടളക്കാന്‍ വഴികള്‍ തിരഞ്ഞ്
വരികള്‍ക്കിടയിലെവിടെയോ
വീണ നോക്കിന്റെയാഴത്തെ
കയറിപ്പോകാനൊരു
വാക്ക് തേടിയാണ്
ചുണ്ടുകളിങ്ങനെ നിന്റെ
ചുണ്ടിനെ
ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.
-----------------------------------

9.5.10

വ്യഭിചാരം

മഞ്ഞത്തവള കണക്ക്
മലര്‍ന്ന് കിടക്കുന്നവള്‍
നീയല്ല
നിന്റെ അനിയത്തി,
ഉടലഴകൊത്ത
അപ്പുറത്തെ വിലാസിനി.
അല്ല,
ബസ്സിലിന്ന് ചേര്‍ന്ന് നിന്നവള്‍
ഹാ........
.............................

കള്ളും വായ് നാറ്റവും
കുടവയറും കഷണ്ടിയുമായ്
മുകളില്‍ കിതക്കുന്നവന്‍
നീയല്ല,
സല്‍മാന്‍ ഖാന്‍
ജോണ്‍ അബ്ര....
ഹോ....
...........................,
ഇന്നെങ്കിലും ഒന്ന്
പൂരിപ്പിച്ചിരുന്നെങ്കില്‍
ദുഷ്ടന്‍ .........
..........................

5.4.10

ആവര്‍ത്തനം

എത്ര മാറ്റി എഴുതിയാലും
ആവര്‍ത്തിച്ച്
കൊണ്ടേയിരിക്കും
അതേവാക്കുകള്‍ , വരികള്‍

എത്ര മായ്ച് വരച്ചാലും
തെളിഞ്ഞ് വരും
അതേ മൂക്ക്, കണ്ണുകള്‍

എത്ര തള്ളി മാറ്റിയാലും
പിന്‍ തുടര്‍ന്ന്
കൊണ്ടേയിരിക്കും
ചില നിഴലടയാളങ്ങള്‍


എത്ര നെഞ്ച് കീറി
നോക്കിയാലും
അതേ ചോര, ചുവപ്പ്
ചതഞ്ഞ ഹൃദയം

മാറ്റിയാലും മായ്ചാലും
ആവര്‍ത്തിച്ചാ-
വര്‍ത്തിക്കുന്ന
ജീവിതം പോലെ
കവിതയും.
---------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

28.2.10

ബോണ്‍സായ്

വെട്ടിയൊതുക്കി
നിര്‍ത്തണമെപ്പോഴും
പൂന്തോട്ടത്തില്‍
പുല്ലിനെ
കുറ്റിച്ചെടികളെ
ചെറു മരങ്ങളെ

ചന്തത്തിലൊതുക്കി
വെക്കണം
ചട്ടിയില്‍
ആകാശം തൊടാന്‍
പോന്ന സ്വപ്നങ്ങളെ

മുളയിലേ നുള്ളണം
ആയിരം കൈകളായ്
തളിര്‍ക്കും
മോഹങ്ങളെ

താലോലിച്ചോമനിച്ച്
മോടിയിലൊരുക്കണം
എപ്പോഴും
മക്കളെയെന്ന പോൽ.
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24.2.10

പേരില്ലാതെ

-----------------
രണ്ട് ദിവസമായി
ഒരു പേര് തിരയുന്നു,
തലച്ചോറില്‍ എന്നും
മറന്നിടുന്നവക്കിടയില്‍
എന്ന് മറന്നതാണെന്ന്
പൊടിപിടിച്ച് കിടക്കുന്നവയില്‍
തിരഞ്ഞ് തിരഞ്ഞ്
പലവട്ടം തുമ്മി.

പലരും എഴുന്നേറ്റ്
ചോദിച്ചു,
എന്നെയാണോ,
എന്റെ പേരാണോയെന്ന്.

പത്തായപ്പുറകില്‍
ഒരുമിച്ചൊളിച്ചവള്‍
ഏഴാം ക്ല്ലാസ്സില്‍ വെച്ച്
കത്ത് കൊടുത്തതിന്
അടി കൊള്ളിച്ചവള്‍
ലാബില്‍ വെച്ച്
അറിയാതെ കാലില്‍
ആസിഡ് മറിച്ചവള്‍
വിനോദയാത്രയില്‍
പുതപ്പിനടിയില്‍
ഒരുമിച്ചിരുന്നവള്‍

മറന്ന് പോയ
ചരിത്ര പുസ്തകത്തില്‍
എന്നും മറക്കാറുള്ള
കൊല്ല വര്‍ഷങ്ങള്‍ക്കിടയില്‍
കണക്കിന്റെ സൂത്രവാക്യ-
ങ്ങള്‍ക്കിടയില്‍
എന്നും തെറ്റിക്കാറുള്ള
വ്യാകരണ
നിയമങ്ങള്‍ക്കിടയില്‍
ഓരോരുത്തരായ് എഴുന്നേറ്റ്
നീയെന്റെ പേരല്ലെ
തിരയുന്നതെന്ന്
കൈ പിടിച്ചു

പടിഞ്ഞാറെ അതിരില്‍
നട്ട മൂവാണ്ടന്‍ മാവിന്റെ
ചുവട്ടില്‍
പലവട്ടം തിരഞ്ഞിട്ടും
പേരില്ലാതെ
നീ മാത്രം
ഒളിച്ച് കിടക്കുന്നു

ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?

9.2.10

അറിയാതെയല്ല

നുണകളുടെ ഗുഹ തീര്‍ത്ത്
ഒളിപ്പിച്ച് വെക്കുമ്പോഴും
അറിയാതെയല്ല
അണകെട്ടി നിര്‍ത്തിയാലും
ചോര്‍ന്ന് പോകുന്നതാണ്
പുഴയെന്ന്

പ്രണയത്തിന്റെ ഒരു
പുഴ തന്നെ ഒഴുകുന്നുണ്ടെന്ന്
പറയുമ്പോഴും
അറിയാതെയല്ല
മണലിന്റെ അടി വേരിലൂടെ
കടലിനെ തിരഞ്ഞ്
കാണാതെ പോയതാണ്
പുഴയെയെന്ന്

ഉടല്‍ കീറി ചികഞ്ഞിട്ടും
ഒളിപ്പിച്ചതൊക്കെയും
കാണാതെ പോയത്
അറിയാതെയല്ല
അത്തിമരത്തിന്റെ
കൊമ്പിലായിരുന്നല്ലോ
തൂങ്ങിക്കിടന്നിരുന്നതെന്ന്.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

17.1.10

തിരച്ചില്‍

കണ്ടിട്ടും കാണാതെ
കടന്ന് പോരുമ്പോള്‍
അറിയുന്ന ആരേയോ
അറിയാതെ പോയ പോല്‍

ഒന്നിച്ചുണ്ട് കളിച്ച
പകലിന്റെ വിയര്‍പ്പ് മണം
തമ്മില്‍ മുട്ടിയുരുമ്മി
പ്പോരുമ്പോള്‍
അവനെ അറിയാതെ
പോന്നല്ലോയെന്ന്
തിരിഞ്ഞോടുമ്പോള്‍
തട്ടി വീണ ഓര്‍മ്മപ്പാടുകളില്‍
ഇറ്റിച്ചുണക്കാന്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ
ഇലകള്‍ തിരിഞ്ഞു ചുറ്റിലും.

നെറ്റിയില്‍ കണ്ട
പാടന്ന് നിന്റെയേറ്
കൊണ്ടിട്ടുണ്ടായതന്നെയെന്ന്
കടന്നുപോയ ആരോ
കണ്ണിറുക്കിയോ.

നിന്നെ എവിടെയൊക്കെയോ
മറന്നിട്ടുണ്ട് ഞാന്‍
അറിഞ്ഞിട്ടും അറിയാതെ
അപരിചിതനേപ്പോല്‍
പോന്നിട്ടുണ്ട്.
നീ പോയ വഴികളില്‍
ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്
എവിടെ വെച്ചാണെന്നാണ്
ഓര്‍മ്മകളില്‍ തിരഞ്ഞ്
നടക്കുന്നിതിപ്പോഴും.
----------------------