20.10.09

ഉറക്കം

തെക്കോട്ട് തല വെച്ചാണ്
കിടക്കുന്നത്
കാല്‍ വിരല്‍ കൂട്ടിക്കെട്ടി
മൂക്കില്‍ പഞ്ഞി വെച്ചാലെന്ത് ചെയ്യും?
ഉറങ്ങുകയല്ലാതെ?

തെക്കോട്ടിറക്കം കാണാന്‍
ആള് കൂടിയിട്ടുണ്ട്.
അച്ഛന്റെ ചുമലില്‍
അത്ഭുതത്തോടെ യിരിപ്പാണ്,
കൂടിയ പുരുഷാരം കണ്ടമ്പരന്ന്.

നിറങ്ങള്‍
നിറഞ്ഞ് പെയ്യുന്നുണ്ട്
ചെണ്ടു മല്ലിപ്പൂവിന്റെ മണം
പണ്ടേയിഷ്ടമല്ല.
ആരാണീ ചെണ്ടു മല്ലിപ്പൂക്കള്‍ കൊണ്ടുള്ള
റീത്തുകള്‍ വെച്ചത്?
ദുഷ്ടന്‍, അവനെ ആന കുത്തട്ടെ.

അയ്യോ, വേണ്ട.
ആനയെ, പശുവിനെ, പട്ടിയെ
പേടിയാണ്.
കൂട്ടുകാരനെ പശു ഓടിച്ച്
കുത്തുന്നത് കണ്ടിട്ടുണ്ട്.

അച്ചന്റെ തോളത്തിരിപ്പാണ്,
തെക്കോട്ടിറക്കം കാണാന്‍.
കൂട്ടം കൂടിയവര്‍ അനങ്ങി മാറുന്നു,
അടക്കം പറയുന്നു.
ദാ, ഇപ്പോ കാണാംന്ന് അച്ഛന്‍.
ആരാണ് കരയുന്നത്?
കൈവിട്ട് പോയ മകനെ
വിളിച്ചമ്മ യാണോ?
കൂട്ടം തെറ്റിയ മകളോ?

നീയെന്തിനാടീ കരയുന്നത്
ഞാനിവിടെ യില്ലേയെന്ന്
ഇക്കിളിയിടട്ടേ?
കൈ വിടച്ഛാ,
ഞാനൊന്ന് അവളെ തൊട്ടോട്ടെ.

തെക്കോട്ടാണിറക്കിയത്
തെക്കേയതിരിലാണ് കിടത്തിയത്
ഉറക്കം വന്നിട്ടും
ഉറങ്ങാതെയിരിപ്പാണ്
അച്ഛനിപ്പോള്‍ എന്റെ മടിയിലാണ്
അച്ഛനുണരും വരെ ഉറങ്ങാതിരിക്കണം.
-------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

http://www.epathram.com/magazine/poetry/2009/10/blog-post_19.shtml

19.10.09

ഉറക്കം.

പുതിയ പോസ്റ്റ്

ഉറക്കം


മഞ്ഞയില്‍ വായിക്കുക

സ്നേഹത്തോടെ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

11.10.09

സുനാമി?

കടല്‍ കാണാന്‍
കഴിയാത്ത ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയില്‍
“കടലമ്മ കള്ളി”
എന്നെഴുതിയത് മായ്ക്കാനാവുമോ
സുനാമിയുണ്ടായത്?

ജുറാസിക് പാര്‍ക്ക്

http://chintha.com/node/51785

ദിനോസറുകളുടെ
കാലം
അടയാളമിട്ട്
ആഴ്ന്നിറങ്ങുന്ന
മണ്ണ് മാന്തികളുടെ
ലോഹപ്പല്ലുകള്‍.
അടര്‍ന്ന് മാറുന്ന മണ്ണിന്റെ
നിശ്ശബ്ദ നിലവിളി.

നനവ് തേടിയിറങ്ങുന്ന
വേരിന്റെ സൌമ്യത
കോണ്‍ക്രീറ്റ് തൂണിന്റെ
ബലാല്‍ക്കാരത്തിനില്ലെന്ന
പരാതികള്‍ ഒടുങ്ങുന്നില്ലല്ലോയെന്ന്
പൈലിംഗിന്റെ മുഴക്കം
ചെവി പൊത്തുന്നു.

ബുള്‍ഡോസര്‍
വിലാസം മാറ്റിയെഴുതിയ
കുന്നുകള്‍
കയറിപ്പോകാന്‍ വഴിയറിയാതെ
വീര്‍പ്പ് മുട്ടി
കുഴികളോട് കലഹിക്കുന്നുണ്ട്,
കെട്ടിപ്പിടിച്ച് കരയുന്നുണ്ട്.

ജുറാസിക് പാര്‍ക്ക്
സ്റ്റാര്‍ മൂവിയില്‍ കണ്ട്
‘മമ്മീ, അതും
ജുറാസിക് പാര്‍ക്കാണോ’യെന്ന്
ഫ്ലാറ്റിന്റെ ജനല്‍ വഴി
അത്ഭുതം കൂറുന്നുണ്ട്, ഒരു കുട്ടി.

ഇനിയെത്ര ഉല്‍ക്കകള്‍
വീഴേണ്ടിവരുമാവോ?
ഇവയുടെ വംശമൊടുങ്ങാന്‍

----------------------

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.