17.1.10

തിരച്ചില്‍

കണ്ടിട്ടും കാണാതെ
കടന്ന് പോരുമ്പോള്‍
അറിയുന്ന ആരേയോ
അറിയാതെ പോയ പോല്‍

ഒന്നിച്ചുണ്ട് കളിച്ച
പകലിന്റെ വിയര്‍പ്പ് മണം
തമ്മില്‍ മുട്ടിയുരുമ്മി
പ്പോരുമ്പോള്‍
അവനെ അറിയാതെ
പോന്നല്ലോയെന്ന്
തിരിഞ്ഞോടുമ്പോള്‍
തട്ടി വീണ ഓര്‍മ്മപ്പാടുകളില്‍
ഇറ്റിച്ചുണക്കാന്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ
ഇലകള്‍ തിരിഞ്ഞു ചുറ്റിലും.

നെറ്റിയില്‍ കണ്ട
പാടന്ന് നിന്റെയേറ്
കൊണ്ടിട്ടുണ്ടായതന്നെയെന്ന്
കടന്നുപോയ ആരോ
കണ്ണിറുക്കിയോ.

നിന്നെ എവിടെയൊക്കെയോ
മറന്നിട്ടുണ്ട് ഞാന്‍
അറിഞ്ഞിട്ടും അറിയാതെ
അപരിചിതനേപ്പോല്‍
പോന്നിട്ടുണ്ട്.
നീ പോയ വഴികളില്‍
ഒന്നിച്ച് നടന്നിട്ടും
നീയെന്നെയോ
ഞാന്‍ നിന്നെയോ
കാണാതെ പോയത്
എവിടെ വെച്ചാണെന്നാണ്
ഓര്‍മ്മകളില്‍ തിരഞ്ഞ്
നടക്കുന്നിതിപ്പോഴും.
----------------------