30.6.09

അടയാളങ്ങള്‍

മായ്ചിട്ടും മായ്ചിട്ടും
മായാതെ ചില അടയാളങ്ങള്‍.
മറന്നിട്ടും മറക്കാതെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ചാക്കില്‍ കെട്ടി
നാട് കടത്തിയാലും
പുറകെ തേടി വരും.

ചിലപ്പോളങ്ങനെ
കിടന്ന് നീറും
ഇത്തിളില്‍ വീണ വെള്ളം പോലെ.

മുറിച്ചിട്ടും തളിര്‍ക്കുന്ന
ചില്ലയിലെ
ഇളം പച്ചയില്‍ കൊതിപ്പിക്കും.

കാലത്തിന്റെ സ്ലേറ്റില്‍
മായാതെ കിടക്കുന്ന,
ഏത് കാതലിലും കാണുന്ന
ചില ചിതലടയാളങ്ങള്‍.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

22.6.09

പരിഭാഷ


കലണ്ടറില്‍
ഒരേ നിലയില്‍
കറുത്തും ചുവന്നും അക്കങ്ങള്‍
മാസങ്ങള്‍
തണുപ്പ് ചൂട്
മഞ്ഞും മഴയും വെയിലും.

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ
പരോളെന്ന്
മാറ്റി വായിക്കാവുന്ന അവധിക്ക്
വിമാനം കയറുമ്പോള്‍
ആകാശം തെളിഞ്ഞു വരും.
ആഴ്ചയവസാനത്തെ
ഫോണ്‍ വിളിക്കിടയില്‍
വാക്കുകള്‍ക്കിടയില്‍ നിവരുന്ന
മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്
ഏത് ഭാഷ കൊണ്ടാണാവോ?

ജലനിരപ്പിലെ കപ്പലില്‍
മലയാളത്തില്‍ നിന്നും അറബിയിലേക്ക്
അറബിക്കടലിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
മുകള്‍ പരപ്പിലെ
തിരയിളക്കത്തിന്റെ ഭാഷയല്ല
അടിത്തട്ടിലെന്ന്
വലക്കണ്ണിയിലൊരു മീന്‍‌കണ്ണ്
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

15.6.09

ഓന്ത്


ഓന്ത് ഓടിയാല്‍
വേലിക്കലോളം എന്ന്.
അതിനപ്പുറത്തെ ലോകം,
അതറിയാതെയല്ല.
വേലിയോളം മതിയെന്ന് വെക്കും.

ഓടിയോടി മതിലിനു മുന്നില്‍
പകച്ചു നില്‍ക്കുന്നത്
വേലിയെ കാണാത്തതിനാലാണ്.

നിറം മാറിയ വേലിയാണോ
മതിലെന്ന് തല വെട്ടിച്ച് നോക്കും.
മതിലില്‍ കയറി ആശങ്കപ്പെടും,
വേലി കൊണ്ട് പോയ മാളം
തിരികെ തരുന്നത് എന്നാവോയെന്ന്.
-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്

9.6.09

നിനക്ക് ഞാനില്ലേയെന്ന്...

എത്ര തിരക്കിലും
ഏത് ബഹളത്തിലും
കൂടെ നടക്കാന്‍ കൂട്ടാക്കില്ല.
പിടിവിട്ട് ഓടും
ഒറ്റക്ക് മല കടന്ന്,
ആകാശം കടന്ന്
കൂട്ടം തെറ്റിയ നക്ഷത്രത്തിനൊരു
ഉമ്മ കൊടുത്ത് ഓടി വരും.

ഒറ്റക്കിരിക്കുമ്പോള്‍
വാതോരാതെ സംസാരിച്ച്
പാട്ട് പാടി
കളിയാക്കി, കൂക്കി വിളിച്ച്
ബഹളത്തില്‍ മുക്കും.

വീട്ടിലെ, നാട്ടിലെ വര്‍ത്തമാനങ്ങള്‍ക്ക്
കാത് കൊടുക്കുന്ന പോലിരിക്കുമ്പോള്‍
കൈ പിടിച്ച് വലിച്ച്
ചാടിയോടും.
കടല്‍ കടന്ന്,
പുഴ കടന്ന്,
വയലും തോടും കടന്ന്
വേലിക്കലെത്തി നോക്കും.
കളഞ്ഞു പോയ
പ്രണയത്തെ...

തനിച്ചിരുന്ന് ആദ്യ പെഗ്ഗ്
ഒറ്റവലിക്കകത്താക്കുമ്പോള്‍
കെറുവിച്ച് ഇറങ്ങി നടക്കും.
തോടിന്റെ വക്കത്ത്
കൂട്ടുകാരോടൊപ്പം
നാടന്‍ വാറ്റ് ഇളനീര്‍ ചേര്‍ത്ത് കഴിക്കും.
അബുദാബിയില്‍ കാറിന്റെ
കാറ്റഴിച്ചു വിടും
ഷാര്‍ജയില്‍ പൂത്ത കൈതക്ക്
പുറകെ നടക്കും.

ബോധം കെട്ട് കിടക്കുമ്പൊള്‍
തിരികെ വന്ന്
മുടിയിഴകളില്‍ തലോടും.
നിനക്ക് ഞാനില്ലേയെന്ന്..
------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

2.6.09

സെക്കന്റ് ഷോ.