22.10.08

ഒപ്പ്.

1. ഒപ്പ്
--------

ഒപ്പ് വെച്ച്
കൈ കൊടുത്ത്
പിരിയുമ്പോള്‍
ആഹ്ലാദം നുരപൊട്ടി.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്
ഒരു നാട്ടുരാജാവിന്
കൈ കൊടുത്തപ്പോള്‍
തോന്നിയ അതേ അളവില്‍.


2. ആധാരം.
-----------
ലോക്കറിനകത്ത്
പണയാധാരങ്ങള്‍.
പുറത്ത്
വഴിയാധാരങ്ങളും.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌.......................................................

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

5.10.08

ഞാന്‍, മലയാളി.

രാവിലത്തെപ്പത്രത്തില്‍
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്.

മുന്നിലെ ഫയലില്‍ തീര്‍പ്പ്
കാണാനൊരെമ്പോക്കി
കാത്തു നില്‍ക്കുന്നു, നാശം.
വിലപേശി രണ്ട് ഗാന്ധിയി-
ലൊതുക്കിയാപ്പഹയന്‍.

നാളെയൊരമേരിക്കന്‍ വിരുദ്ധ
ധര്‍ണ്ണയുണ്ടി, ന്നുച്ചക്ക്
കെന്റക്കിയും കോളയുമാകാം.

കുടിക്കാന്‍ കരുതിയ ‘ബിസ്ലേരി’
യൊരു കവിളിറക്കി, ഞാനെഴുതിയ
“പാരിസ്ഥിതി മലിനീകരണ” മെന്ന
കൌമുദിയിലെ ലേഖനമൊന്ന് മറിച്ചു
നോക്കി ആത്മഹര്‍ഷം കൊണ്ടു.

നിളാ തീരത്തൊരു കവിയരങ്ങു-
ണ്ടതിനൊന്ന് പോണം.
മരിക്കുന്ന പുഴയാണ് വിഷയം.
ഇന്നലെയാണാ മണല്‍
മാഫിയാക്കാരന് പത്ത് ലോഡി-
നഡ്വാന്‍സ് കൊടുത്തത്.

നാലായിരം സ്ക്വയര്‍ ഫീറ്റിലാണ്
ഞാന്‍ പണിയുന്ന പുതിയ വീട്!
വീടില്ലാത്തവരെക്കുറിച്ച് ഞാനൊരു
കഥയെഴുതിയിരുന്നു, മാതൃഭൂമിയില്‍.

പിന്നൊരു രഹസ്യം,
ഇന്നൊരു “പീസിനേം” കൂട്ടി
വരാമെന്നേറ്റിട്ടുണ്ടാ കോണ്ട്രാക്റ്റര്‍;
ബില്‍ ശരിയാക്കിയതിന്‍
ഉപകാര സ്മരണക്കായ്.

നോക്കൂ എന്നും പീഡന വാര്‍ത്തകള്‍!
കഷ്ടം! എന്റെ ചോര തിളക്കുന്നു.

ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.

നോക്കൂ, എല്ലാം കണ്ടിട്ടെനി-
ക്കിരിക്കാനാവുന്നില്ല.
കഷ്ടം, നമ്മളെന്നാണ് നേരെയാവുക?

സഹിക്കാനാവാതെ ഞാനെ-
ന്നത്തേയും പോലെ മൂന്ന്
മണി ക്കോഫീസില്‍ നിന്നിറങ്ങി.

കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...

-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
+974 589 1237