21.12.09

ഫിറ്റ്നസ്സ് മസ്സാജ്

എന്റെ രണ്ട് മക്കളെ
പെറ്റിട്ട വയറായത് കൊണ്ടാവാം
ഉടഞ്ഞ് തൂങ്ങിയെങ്കിലും
അവളുടെ വയറിനെ
പ്രണയപൂര്‍വ്വം ഉമ്മ വെക്കാന്‍
ഇപ്പോഴും കൊതിക്കുന്നത്

എന്നെ പെറ്റ
അമ്മയുടെ വയറിനെയെന്ന പോലെ
സ്നേഹിക്കുന്നത്.
അതിന്റെ ചൂടിലുറങ്ങാന്‍
കൊതിക്കുന്നത്.

ആലില വയറും
പൊക്കിളുമായി
സിനിമാ നടികള്‍
ടിവി സ്ക്രീനില്‍ നിറയുമ്പോള്‍
കൊതിയി ല്ലാതെയില്ല,
എടി, നിന്റെ വയറെന്തേ യിങ്ങനെയെന്ന്
ഫിറ്റ്നസ്സ് മസ്സാജ് ഓയിലിന്റെ
പരസ്യം നീ കാണുന്നില്ലേ
എന്ന് ചോദിക്കാന്‍
പേടിയാണ്,
ദുഷ്ടാ, നിന്റെ പിള്ളേരാ ണിവിടെ
വളര്‍ന്നതെന്ന
മറുപടിയാവും ന്നറിയാം.

എങ്കിലും നല്ല അടിവയറും
പൊക്കിളും കാണുമ്പോള്‍
അവളെ ഓര്‍ക്കുന്നത് മാത്രം
ഇവളോട് പറയാറില്ല.

അവള്‍ പ്രസവിക്കാതെ
പോയ എന്റെ കുഞ്ഞുങ്ങളിന്നും
ജീവിക്കുന്നെന്ന്
ഇവളറിയണ്ട...
----------------------
- രാമചന്ദ്രന്‍ വെട്ടിക്കാട്ട്