26.4.11

ഉമ്മാച്ചു.

ഉമ്മാച്ചു.
--------------------
ഉമ്മാച്ചു
നടത്തം തൊടങ്ങീന്ന്.

കൊല്ലത്തിലൊരിക്കെ
ഉമ്മാച്ചു
വീട്ടീന്നെറങ്ങി നടക്കും.
അവിടെക്കണ്ടൂ,
ഇവിടെക്കണ്ടൂന്ന്
ആളോള്
അടക്കം പറയും.

സെക്കന്റ് ഷിഫ്റ്റ്
കഴിഞ്ഞ് വരുമ്പോ
പൊഴക്കെപ്പാടത്ത്
കണ്ടൂന്ന്
സീതാറാം മില്ലീപ്പോണ
ശങ്കരുട്ട്യേട്ടൻ പിറ്റേസം
കുഞ്ഞുണ്ണ്യേട്ടന്റെ
ചായക്കടേല്
പറഞ്ഞ് കഥയുണ്ടാക്കും.

ചൂണ്ടപ്പാടത്തും
ഗുരുവായൂരും
കണ്ടോരുണ്ടാവും
ന്നാല്, ഉമ്മാച്ചു
ആരേനീം
ആരും ഉമ്മാച്ചൂനീം
കണ്ട്ട്ട് ണ്ടാവില്ല.

തെരഞ്ഞ്
തെരഞ്ഞ്
ന്റെ ഉമ്മാച്ച്വോന്ന്
നെലോളിച്ച് തളർന്ന്
കല്ല്യാണിയേടത്തി
നാലുംകൂട്യേ മൂലേലെ
അത്താണീമ്മെ ചാരി
തല കുനിച്ചിരിക്കും.

ഒക്കേത്തിന്റേം
അവസാനം
പടിഞ്ഞാറേക്കോട്ടേലെ
ആശൂത്രീന്ന്
ആരേലും
എങ്ങനേങ്കിലും
പറഞ്ഞറീം
ഉമ്മാച്ചൂനെ കൊണ്ടരാൻ
ചെല്ലാൻ.

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

തോർത്ത് തലേലിട്ട്
അരിവാളും
കറ്റകെട്ടാൻ
വാഴേടെ പോള
ഒണക്കിയ വള്ളീം കൊണ്ട്
ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.
------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്.


ന്റെ ഉമ്മാച്ചു ഇവിടുണ്ട്..

12 അഭിപ്രായങ്ങൾ:

നികു കേച്ചേരി പറഞ്ഞു...

ബൂലോകകവിതയിൽ വായിച്ചിരുന്നു..
അന്നേ ഇഷ്ടപെട്ടിരുന്നു..
ഇവിടെ വരുമ്പോൾ പറയാമെന്നു വെച്ചതാ..

കൊല്ലത്തിലൊരിക്കെ വിതക്കുന്ന ഉന്മാദവിത്ത്....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

!!!! ഉമ്മാ ച്ചു.

Kalam പറഞ്ഞു...

പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന മണം!

ശ്രീജ എന്‍ എസ് പറഞ്ഞു...

ഉന്മാദത്തിന്റെ വിത്ത് തേടി..നല്ല വരികള്‍..

Kalavallabhan പറഞ്ഞു...

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

ഇപ്പോ ?

മാധവൻ പറഞ്ഞു...

നേര്‍കാഴ്ച്ചകളിലേക്കിളിലേക്ക് കയറിപ്പോയ കവിത,നന്നായിരിക്കുന്നു,കൊയ്തെടുക്കുന്ന വിത്തുകളില്‍ ഉന്മാദം മുളപൊട്ടാതിരിക്കാന്‍ ഉമ്മാച്ചുവിനെ ദൈവം അനുഗ്രഹിക്കട്ടെ..

നാമൂസ് പറഞ്ഞു...

ഇനിയുമേറെ ബാക്കിയുന്ടെനിക്ക് പറയാന്‍...........

ഭാനു കളരിക്കല്‍ പറഞ്ഞു...

മനസ്സില്‍ ഒരു വിങ്ങല്‍

Vayady പറഞ്ഞു...

ഉമ്മാച്ചു നൊമ്പരപ്പെടുത്തി. തൃശ്ശൂരുകാരിയായതിനാല്‍ ഉമ്മാച്ചുവിനെ നേരില്‍ കണ്ടതു പോലെ..
കവിത ഇഷ്ടമായി.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വായിച്ച എല്ലാവർക്കും, അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഉമ്മാച്ചു പോയി... ഉന്മാദതിലൂടെത്തന്നെ.

:(
:(

Anurag പറഞ്ഞു...

നല്ല വരികള്‍ കവിത ഇഷ്ടമായി