13.4.11

ഒറ്റയിതളുള്ള ചെമ്പരത്തിപ്പൂവ്


കൊന്നു കഴിഞ്ഞു.
കണ്ടില്ലേ,
ചോരയിറ്റുന്ന വാക്കെന്റെ
കൈയിൽ?

തുണ്ടം തുണ്ടം
വെട്ടിനുറുക്കുകയായിരുന്നു.
ഓരോ വെട്ടിലും
വാക്കിൻ മൂർച്ച
കീറിപ്പോയപ്പോൾ
ചീറിത്തെറിച്ച
ചോരപ്പൂക്കൾ കണ്ടില്ലേ?

കൈകാലുകൾ
അറ്റ് വേറിട്ടു,
ആമാശയം പിളർന്ന്
അന്ന് വരെ
തിന്ന് കുടിച്ച്
തീർത്തതൊക്കെയും
പുറത്തിട്ടു.
കരൾ പിളർന്ന് വാക്ക്
കേറുമ്പോൾ
കരളേയെന്നൊരു വിളി
കേട്ടിരുന്നു.

പുക പിടിച്ച്
ചുരുങ്ങിയ
ശ്വാസകോശത്തിൽ
ഒന്നും ചെയ്യാനില്ലായിരുന്നു.
ചങ്കിലൂടൊരു
മിന്നായം പോലെ
വാക്ക്
കേറിയിറങ്ങുമ്പോൾ
കുരുങ്ങിക്കിടന്ന
വാക്കിലൊന്ന് മുട്ടിതീ പാറി.

മൂർച്ചക്കല്പം
കുറവ് വന്നെങ്കിലും
നെഞ്ചിൻ കൂട്
പിളർക്കാനത് മതിയായിരുന്നു.
ചിതറിപ്പോയ
ചെമ്പരത്തിപ്പൂ കണ്ടില്ലേ?
നീയെന്നും പറയാറുള്ളത്?
സൂക്ഷിച്ച് നോക്കുക,
ഒറ്റയിതളുള്ള
ചെമ്പരത്തിപ്പൂവായിരുന്നു
അത്,
ചുവന്നത്.

13 അഭിപ്രായങ്ങൾ:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഒറ്റയിതളുള്ള നിന്റെ ചുവന്ന ചെമ്പരത്തിപ്പൂവിനു
ഞാന്‍ നോക്കുമ്പോള്‍ എന്തോ മഞ്ഞ നിറം
ഞാന്‍ നോക്കുന്ന കണ്ണിന്റെ അതെ നിറം ..

" ആരാണ് ഇത്ര മൂര്‍ച്ചയേറിയ വാക്കുകളാല്‍ നിന്നെ അടിമുടി കീറി മുറിച്ചത് ? പറയെടോ ..നമുക്ക് കൊട്ടേഷന്‍ കൊടുക്കാം

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അത്,ചുവന്നത് ...
!

രഘുനാഥന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഇരുണ്ട, തെളിയാത്ത വാക്കുകളാണ്, മുറിച്ചു കളയുന്നത്!

Unknown പറഞ്ഞു...

ചിതറിപ്പോയ ചെമ്പരത്തിപ്പൂ ഹോ അത് ചുവനിരിക്കുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കൊന്നുതള്ളിയ വാക്കുകൾക്ക് ആദ്യം ആദരാഞ്ജലി!കൊന്നിട്ടും ചാകാതെ ഇപ്പോഴും എപ്പോഴും ജീവൻ തുടിക്കുന്ന ബാക്കിയയ ഈ വാക്കുകൾ നിറഞ്ഞ വരികൾ നന്നായിരിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതെ,ചങ്കു മുറിച്ചു കാണിച്ചാല്‍ ഇങ്ങിനെയായിരിക്കും.മനോഹരമായി.

Kalavallabhan പറഞ്ഞു...

വാക്കുകൾ നേർക്കുനേരെ ഇടയുമ്പോൾ തീ പറുകയും ചോര കിനിയുകയും ചെയ്തിരുന്നെങ്കിലും ഈ ഒറ്റ്യിതൾ ചെമ്പരത്തിപ്പൂവിനെ ഒരിക്കലും തകർക്കുന്ന തരത്തിൽ ഒന്നും ചെയ്യരുതായിരുന്നു.

മുകിൽ പറഞ്ഞു...

vakinte sakthi chemparathipoovine puRatheduthu.. vetimurichayalum..

kollaam. nannayirikunnu kavitha.

Anurag പറഞ്ഞു...

കരൾ പിളർന്ന് വാക്ക്
കേറുമ്പോൾ
കരളേയെന്നൊരു വിളി
കേട്ടിരുന്നു.

ഭാനു കളരിക്കല്‍ പറഞ്ഞു...

മൂര്‍ച്ചയുള്ള വാക്ക്. സത്യം

Vayady പറഞ്ഞു...

ചോരയിറ്റുന്ന കവിത..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എല്ലാവർക്കും നന്ദി, സ്നേഹം..