19.7.09

തീന്‍ മേശയില്‍

വെന്ത മാംസം
മുള്ളില്‍ നിന്നുമടര്‍ത്തി
വായില്‍ വെച്ചപ്പോള്‍
മുളക് തേച്ച്
എണ്ണയില്‍ മൊരിഞ്ഞ
മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി.

വലയും കൊണ്ട്
പുറകിലാരോയെന്ന്
ഞെട്ടിത്തിരിഞ്ഞു.

ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്
പുറത്തെയിരുട്ടില്‍
ഇലയനക്കം.

കൈ തട്ടിയുടഞ്ഞ
ചില്ലു ഗ്ലാസില്‍
കടലോളം തിരയിളകി,
വലയില്‍
അവസാനത്തെ പിടച്ചില്‍.

പിറ്റേന്ന് വാതില്‍
ചവിട്ടിപ്പൊളിച്ച്
കണ്ടെടുക്കുമ്പൊള്‍
കണ്ണ് തുറന്ന്
കരയില്‍ ചത്തടിഞ്ഞ
മീന്‍ പോലെ തറയില്‍.

തൊണ്ടയില്‍ കുരുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്
പോലൊരു മീന്‍ മുള്ള്
മരണകാരണമെന്ന്
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
-------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

26 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“തീന്‍ മേശയില്‍”

ramaniga പറഞ്ഞു...

'തീന്‍ മേശയില്‍ ' വായിച്ചു ഇഷ്ട്ടപെട്ടു
ഒരു മീന്‍ മുള്ളും ഒരാളെ വക വരുത്താന്‍ മതി അല്ലെ?

Deepa Bijo Alexander പറഞ്ഞു...

"ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്........"

ഇഷ്ടമായി........

വയനാടന്‍ പറഞ്ഞു...

'മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി"

വായിച്ചു തീരുമ്പോൾ എന്റേയും

ഹരീഷ് തൊടുപുഴ പറഞ്ഞു...

അതെന്നാ മീനായിരുന്നു രാമൂ..

പറയ് പറയ്..

കരീം മാഷ്‌ പറഞ്ഞു...

കൊള്ളാം
മരണത്തിനെ തോല്‍പ്പിച്ചു കടലുകടക്കാനാവില്ല.
ഒരു മീന്‍ മുള്ളു മതി അതിനു അതിന്റെ ജോലി തീര്‍ക്കാന്‍.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇതാ പറഞ്ഞേ മീന്‍ തിന്നുമ്പോഴെങ്കിലും ആക്രാന്തം പാടില്ലാ എന്ന്.

കൊള്ളാം വെട്ടിക്കാടാ, നല്ല വരികള്‍....

കുമാരന്‍ | kumaran പറഞ്ഞു...

നല്ല കവിത.

നരിക്കുന്നൻ പറഞ്ഞു...

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും....

താരകൻ പറഞ്ഞു...

ഒരു കവിയായിരിക്കുന്നതിലെ കഷ്ടങ്ങളാണിതെല്ലാം..
അവനൊരു പൂവു പൊട്ടിച്ചുകൂടാ..
ഉടനെ മുൾമുനകൊണ്ടുവിരലുമുറിയുകയായി;ചോരപൊടിയുകയായി.
അവനൊരു മീൻ തിന്നുകൂടാ..
കുറ്റബോധം തൊണ്ടയിൽകുടുങ്ങി അവന്റെ ജീവൻ തന്നെയെടുക്കുന്നു.കവിയായിരിക്കുന്നതുകഷടംതന്നെ അല്ലേ വെട്ട്യാടാ..

സൂത്രന്‍..!! പറഞ്ഞു...

മീന്‍ മുള്ളും കവിതയോ ..കൊള്ളാം വെട്ടികടെ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ഇനിയിപ്പൊ മീന്‍ കഴിക്കാനും പേടിക്കണമല്ലേ?
കവിത നന്നായിരിക്കുന്നു ഒപ്പം ഏറെ ചിന്തിപ്പിച്ചു!

...പകല്‍കിനാവന്‍...daYdreaMer... പറഞ്ഞു...

കൈ തട്ടിയുടഞ്ഞ
ചില്ലു ഗ്ലാസില്‍
കടലോളം തിരയിളകി,
വലയില്‍
അവസാനത്തെ പിടച്ചില്‍.

നല്ല കവിത .. ഒത്തിരി ഇഷ്ടമായി..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

രമണിഗ,
ദീപ,
വയനാടന്‍,
ഹരീഷ്, ;)
കരീം മാഷ്,
വാഴക്കോടന്‍,
കുമാരന്‍
നരിക്കുന്നന്‍,
താരകന്‍,
സൂത്രന്‍,
സഗീര്‍,
പകലന്‍,

ഈ സ്നേഹങ്ങള്‍ക്ക് നന്ദി..

Layana പറഞ്ഞു...

തീന്‍മേശയില്‍ തിന്നാന്‍ കൊള്ളുന്നതൊന്നുമില്ല, മീന്‍ കവിതയില്‍ മീനില്ലാത്തതുപോലെ. പക്ഷെ ഒന്നുണ്ട്‌, കവിത. നന്നായി.

Thallasseri പറഞ്ഞു...

വെട്ടിക്കാടാ, ലയന ഞാന്‍ തന്നെയാണ്‌, ട്ടൊ. അബദ്ധത്തില്‍ മോളുടെ അക്കൌണ്ടില്‍ നിന്നായിപ്പോയി.

മാണിക്യം പറഞ്ഞു...

തൊണ്ടയില്‍ കുരുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്
പോലൊരു മീന്‍ മുള്ള്
........

ഒരു മീന്‍ മുള്ളു മതിയല്ലേ കഥ കഴിയാന്‍..
കവി ഭാവന പോയ പോക്കെ ...!

ശ്രദ്ധേയന്‍ പറഞ്ഞു...

വേണ്ടായിരുന്നു... പക്ഷെ പറയാന്‍ വൈകിപ്പോയി. ഇവിടെ ഞാനും.

എന്‍.മുരാരി ശംഭു പറഞ്ഞു...

ഒടുവില്‍ പോസ്റ്റുമോര്ട്ടം കഴിയുമ്പോള്‍ ബാക്കിയായി...?ഇതൊക്കെത്തന്നെ.......

അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞു...

മരണം ഏതു വഴിക്കു വരുന്നു എന്നതല്ല ഒളിക്കാനിടമില്ലാത്തതാണു ദയനീയ്യം...


രാമേട്ടാ കവിത നന്നായി.

lakshmy പറഞ്ഞു...

ഒരു കൊച്ചു ചൂണ്ടക്കൊളുത്തിൽ പിടഞ്ഞു തീർന്നതൊരു ജീവൻ.
ചൂണ്ടക്കൊളുത്തു പോലൊരു മീന്മുള്ളിൽ പൊലിഞ്ഞു പോയതുമൊരു ജീവൻ
കൊള്ളാം വരികൾ

കണ്ണുകള്‍ പറഞ്ഞു...

ഇരുട്ടില്‍ ഇലയനക്കമായി..ഒടുവില്‍
അവന്‍ വരും
മീന്മുള്ളായൊ, സുനാമിയായൊ ഒക്കെ
-കവിത നന്നായി

പാവപ്പെട്ടവന്‍ പറഞ്ഞു...

ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്

നൊന്തുപോയ ഒരു തിരിച്ചറിവ് പറയാന്‍ തീരെ നിസാരമെങ്കിലും വലിയ കാര്യം
ആശംസകള്‍

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ഇതാണ് പറയുന്നേ തിന്നാന്‍ പഠിക്കണംന്ന്‌...

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

മീന്‍ പോലെ എല്ലാവരും ഒളിഞ്ഞിരിക്കുന്ന ആ മീന്‍ മുള്ളില്‍ കുടുങ്ങാം.
ജീവിതത്തിനും മരണത്തിനും ഇടയ്ക്ക്‌ മീനും മനുഷ്യനും തുല്യര്‍.
കവിത നിലവാരം നല്ല പുലര്‍ത്തി.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

തലശ്ശേരി,
മാണിക്യം,
ശ്രദ്ധേയന്‍,
മുരാരിശംഭു,
അരുണ്‍,
ലക്ഷ്മി,
കണ്ണുകള്‍,
പാവപ്പെട്ടവന്‍,
കു ക ഒ കു കെ,
അഭിജിത്ത്,
നന്ദി, വായനക്കും അഭിപ്രായങ്ങള്‍ക്കും.