5.11.13

സെക്കന്റ് ഷോ

ലേബര്‍ ക്യാമ്പില്‍ നിന്നും
സി-റിംഗ് റോഡ് വഴി
IBQ ബാങ്കിന്റെ പരസ്യത്തിലെ
ഗോതമ്പ് പാടത്തിലൂടെ
വഴിയരികിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.
വരമ്പത്തെ പുല്ലിലെ
പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.

ട്രാഫിക് സിഗ്നലില്‍
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
പാട്ട് പാടിക്കളിച്ച്
ചുവപ്പിലൂടെ കൊടിയും പിടിച്ച്
കളക്ടറേറ്റ് പടിക്കല്‍
അടി കൊണ്ട് തല പൊട്ടി.

T V റൌണ്ട് എബൌട്ടിനു വശത്തെ
കോമ്പൌണ്ടില്‍
ജൂണിലെ വെയിലില്‍ പൂത്തുലഞ്ഞ്
കണിക്കൊന്നമരം.
വലിഞ്ഞു കയറി
കള്ളി മുണ്ട് കീറി.
പുലര്‍ച്ചെ കണികണ്ട്
പടക്കം പൊട്ടിച്ച് ആഘോഷമാക്കി.

മരുഭൂമിയിലെ പൊരി വെയിലത്ത്
ഷവലും പിടിച്ച് ട്രഞ്ചിലെ
മണ്ണ് കോരുമ്പോള്‍
സ്കൂള്‍ ഗ്രൌണ്ടിലെ ഉച്ച വെയിലില്‍
അടുത്ത പന്ത് സിക്സര്‍ അടിക്കണമെന്ന്
മനസ്സില്‍ കരുതി.
സിറിയക്കാരന്‍ ഫോര്‍മാന്റെ
ചീത്ത വിളിയില്‍
കുറ്റി തെറിച്ച് ഔട്ടായി.

വൈകീട്ട് ക്യാമ്പില്‍
കുബ്ബൂസും ചെറുപയറും
കൂട്ടിക്കഴിക്കുമ്പോള്‍
പ്രതിഭാ ഹോട്ടലിലെ
മണിയേട്ടന്‍ വിളമ്പിയ
പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും
രുചിയില്‍ ഏമ്പക്കം വിട്ടു.

പന്ത്രണ്ട് പേര്‍ കിടക്കുന്ന
ഇടുങ്ങിയ മുറിയില്‍
മൂന്നാമത്തെ തട്ടില്‍
കിടന്ന പാടെ ഉറങ്ങുമ്പോള്‍
ചിറ്റിലപ്പിള്ളി മിനിയില്‍
സെക്കന്റ് ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു.
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കക്ഷത്തില്‍ ഇരിയ്ക്കുന്നതും ഉത്തരത്തില്‍ വച്ചിരിയ്ക്കുന്നതും!

ബൈജു മണിയങ്കാല പറഞ്ഞു...

വിസ ഇല്ലാതെ പറക്കുന്ന ഓർമ്മകൾ

AnuRaj.Ks പറഞ്ഞു...

ചിറ്റിലപ്പള്ളി മിനിയിലെ സെക്കന്ഡ്ഷോയല്ലേ .....മനസ്സിലായി...മനസ്സിലായി......

സൗഗന്ധികം പറഞ്ഞു...

ഇതു തന്നെ റിയാലിറ്റി ഷോ.. ഹ..ഹ..

നല്ല കവിത

ശുഭാശംസകൾ...