3.3.13

രണ്ടകലങ്ങളിലെ നെടുവീർപ്പുകളിൽ നീയും ഞാനും

കുറേക്കഴിയുമ്പോൾ 
നമുക്കും ബോറടിച്ച് തുടങ്ങും

മഹാ സമുദ്രത്തിൽ ഒറ്റപ്പെട്ടു പോയ
ദ്വീപുകളേപ്പോലെ നമ്മൾ
പരസ്പരം കാണാതെയാവും
രണ്ട് തീരങ്ങളിൽ ആർത്തിരമ്പുന്ന
തിരമാലകളുടെ ആരവങ്ങളിലലിയുന്ന 
നെടുവീർപ്പുകളാകും
ഓരോ ഓർമ്മകളും.

പിന്നെ
നമുക്കിടയിൽ
ആർത്തിരമ്പുന്ന കടൽ
നിശബ്ദമാകും, നമ്മുടെ
മൗനം പോലെ.

അപരിചിതമായ രണ്ട് 
ലോകത്തിൽ നമ്മളങ്ങനെ
എവിടെനിന്നെങ്കിലുമൊക്കെ 
ഒരു കപ്പലകടത്തിൽപ്പെട്ട
യാത്രികനേപ്പോലെ
യാത്രികയേപ്പോലെ
അവൻ
അവൾ
കയറിവരുമെന്ന് 
ഉറക്കത്തിൽ സ്വപ്നം കാണും

സ്വപ്നം കണ്ട് 
സ്വപ്നം കണ്ട്
ബോറടിച്ച് 
ബോറടിച്ച്
തിരിഞ്ഞ് നടക്കുമ്പോഴാവും
വഴിയിലെവിടെയെങ്കിലും
നമ്മൾ പരസ്പരം 
കടന്ന് പോവുക

എവിടെയോ വെച്ച്
നീ എന്നെ
ഞാൻ നിന്നെ
കണ്ടിട്ടുണ്ടല്ലോയെന്ന്
നമ്മൾ ഓർമ്മയിൽ 
പരതി നടക്കും
തിരിഞ്ഞ് നോക്കി ചിരിക്കും

അപ്പോഴായിരിക്കും
നമ്മളുണരുന്നത്.
കടൽക്കാറ്റടിക്കുന്നുണ്ടാകും
തണുക്കുന്നുണ്ടാകും
തണുപ്പുമാറ്റാൻ നമ്മൾ കെട്ടിപ്പിടിക്കും
ചുംബിക്കും
ചുംബിക്കും
ചുംബിക്കും
വീണ്ടും ബോറടിക്കുന്നത് വരെ.
=======================

5 അഭിപ്രായങ്ങൾ:

C J Jithien പറഞ്ഞു...

ഒറ്റപ്പെട്ട തുരുത്തിലെയ്ക്കിങ്ങനെ വലിച്ചെറിയരുത് .... :(( like)

പെണ്‍കൊടി പറഞ്ഞു...

ഏതെങ്കിലും ഒരു ആര്‍ക്കിപലാഗോ രാജ്യത്തിലേക്ക് ഈ അടുത്ത കാലത്ത് യാത്ര ചെയ്തിരുന്നോ? :)

ഹബ്രൂഷ് പറഞ്ഞു...

nice ....

ചന്ദ്രകാന്തം പറഞ്ഞു...

സംഭവിയ്ക്കാത്തതോ, എന്നാല്‍ സംഭവിയ്ക്കില്ലെന്ന്‌ വാശിപിടിയ്ക്കാന്‍ വയ്യാത്തതോ ആയ ചിലത്‌..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നീയിപ്പോള്‍ എന്നിലേക്ക്‌ വീണ്ടുമടുത്തു...