28.2.10

ബോണ്‍സായ്

വെട്ടിയൊതുക്കി
നിര്‍ത്തണമെപ്പോഴും
പൂന്തോട്ടത്തില്‍
പുല്ലിനെ
കുറ്റിച്ചെടികളെ
ചെറു മരങ്ങളെ

ചന്തത്തിലൊതുക്കി
വെക്കണം
ചട്ടിയില്‍
ആകാശം തൊടാന്‍
പോന്ന സ്വപ്നങ്ങളെ

മുളയിലേ നുള്ളണം
ആയിരം കൈകളായ്
തളിര്‍ക്കും
മോഹങ്ങളെ

താലോലിച്ചോമനിച്ച്
മോടിയിലൊരുക്കണം
എപ്പോഴും
മക്കളെയെന്ന പോൽ.
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

24.2.10

പേരില്ലാതെ

-----------------
രണ്ട് ദിവസമായി
ഒരു പേര് തിരയുന്നു,
തലച്ചോറില്‍ എന്നും
മറന്നിടുന്നവക്കിടയില്‍
എന്ന് മറന്നതാണെന്ന്
പൊടിപിടിച്ച് കിടക്കുന്നവയില്‍
തിരഞ്ഞ് തിരഞ്ഞ്
പലവട്ടം തുമ്മി.

പലരും എഴുന്നേറ്റ്
ചോദിച്ചു,
എന്നെയാണോ,
എന്റെ പേരാണോയെന്ന്.

പത്തായപ്പുറകില്‍
ഒരുമിച്ചൊളിച്ചവള്‍
ഏഴാം ക്ല്ലാസ്സില്‍ വെച്ച്
കത്ത് കൊടുത്തതിന്
അടി കൊള്ളിച്ചവള്‍
ലാബില്‍ വെച്ച്
അറിയാതെ കാലില്‍
ആസിഡ് മറിച്ചവള്‍
വിനോദയാത്രയില്‍
പുതപ്പിനടിയില്‍
ഒരുമിച്ചിരുന്നവള്‍

മറന്ന് പോയ
ചരിത്ര പുസ്തകത്തില്‍
എന്നും മറക്കാറുള്ള
കൊല്ല വര്‍ഷങ്ങള്‍ക്കിടയില്‍
കണക്കിന്റെ സൂത്രവാക്യ-
ങ്ങള്‍ക്കിടയില്‍
എന്നും തെറ്റിക്കാറുള്ള
വ്യാകരണ
നിയമങ്ങള്‍ക്കിടയില്‍
ഓരോരുത്തരായ് എഴുന്നേറ്റ്
നീയെന്റെ പേരല്ലെ
തിരയുന്നതെന്ന്
കൈ പിടിച്ചു

പടിഞ്ഞാറെ അതിരില്‍
നട്ട മൂവാണ്ടന്‍ മാവിന്റെ
ചുവട്ടില്‍
പലവട്ടം തിരഞ്ഞിട്ടും
പേരില്ലാതെ
നീ മാത്രം
ഒളിച്ച് കിടക്കുന്നു

ആ മാവ് ഇപ്പോള്‍
പൂത്ത് തുടങ്ങിയിട്ടുണ്ടാവുമോ?

9.2.10

അറിയാതെയല്ല

നുണകളുടെ ഗുഹ തീര്‍ത്ത്
ഒളിപ്പിച്ച് വെക്കുമ്പോഴും
അറിയാതെയല്ല
അണകെട്ടി നിര്‍ത്തിയാലും
ചോര്‍ന്ന് പോകുന്നതാണ്
പുഴയെന്ന്

പ്രണയത്തിന്റെ ഒരു
പുഴ തന്നെ ഒഴുകുന്നുണ്ടെന്ന്
പറയുമ്പോഴും
അറിയാതെയല്ല
മണലിന്റെ അടി വേരിലൂടെ
കടലിനെ തിരഞ്ഞ്
കാണാതെ പോയതാണ്
പുഴയെയെന്ന്

ഉടല്‍ കീറി ചികഞ്ഞിട്ടും
ഒളിപ്പിച്ചതൊക്കെയും
കാണാതെ പോയത്
അറിയാതെയല്ല
അത്തിമരത്തിന്റെ
കൊമ്പിലായിരുന്നല്ലോ
തൂങ്ങിക്കിടന്നിരുന്നതെന്ന്.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.