11.10.09

ജുറാസിക് പാര്‍ക്ക്

http://chintha.com/node/51785

ദിനോസറുകളുടെ
കാലം
അടയാളമിട്ട്
ആഴ്ന്നിറങ്ങുന്ന
മണ്ണ് മാന്തികളുടെ
ലോഹപ്പല്ലുകള്‍.
അടര്‍ന്ന് മാറുന്ന മണ്ണിന്റെ
നിശ്ശബ്ദ നിലവിളി.

നനവ് തേടിയിറങ്ങുന്ന
വേരിന്റെ സൌമ്യത
കോണ്‍ക്രീറ്റ് തൂണിന്റെ
ബലാല്‍ക്കാരത്തിനില്ലെന്ന
പരാതികള്‍ ഒടുങ്ങുന്നില്ലല്ലോയെന്ന്
പൈലിംഗിന്റെ മുഴക്കം
ചെവി പൊത്തുന്നു.

ബുള്‍ഡോസര്‍
വിലാസം മാറ്റിയെഴുതിയ
കുന്നുകള്‍
കയറിപ്പോകാന്‍ വഴിയറിയാതെ
വീര്‍പ്പ് മുട്ടി
കുഴികളോട് കലഹിക്കുന്നുണ്ട്,
കെട്ടിപ്പിടിച്ച് കരയുന്നുണ്ട്.

ജുറാസിക് പാര്‍ക്ക്
സ്റ്റാര്‍ മൂവിയില്‍ കണ്ട്
‘മമ്മീ, അതും
ജുറാസിക് പാര്‍ക്കാണോ’യെന്ന്
ഫ്ലാറ്റിന്റെ ജനല്‍ വഴി
അത്ഭുതം കൂറുന്നുണ്ട്, ഒരു കുട്ടി.

ഇനിയെത്ര ഉല്‍ക്കകള്‍
വീഴേണ്ടിവരുമാവോ?
ഇവയുടെ വംശമൊടുങ്ങാന്‍

----------------------

രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

10 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ചിന്തയില്‍ വായിച്ചിരുന്നു.എന്നത്തെപ്പോലെയും ഇതും കലക്കി.ഇത് യഥാര്‍ത്ഥത്തില്‍ ഒരു ജുറസിക്ക് പാര്‍ക്ക് തന്നെയാണ്!

ramanika പറഞ്ഞു...

പൈലിംഗിന്റെ മുഴക്കം
ചെവി പൊത്തുന്നു. ബുള്‍ഡോസര്‍
വിലാസം മാറ്റിയെഴുതിയ
കുന്നുകള്‍----ee varikal nammukku nashtapedunna palathilekkum viral choondunnu

കലക്കി!

പള്ളിക്കുളം.. പറഞ്ഞു...

കുന്നുകൾ ലോറിയിൽ കയറി റോഡുപണിക്കു പോകാൻ കാത്തു നിൽക്കുന്ന ഒരു കവിത വായിച്ചിട്ടുണ്ട്.

ഇതും നന്നായിരിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മാന്തിയും തുരന്നും തിന്നു തീര്‍ക്കട്ടെ ഭൂമിയോളം...! എത്ര ഉല്‍ക്കകള്‍ തലക്കു മേലെ പതിച്ചാലും ബുദ്ധി തെളിയില്ലല്ലോ... !

താരകൻ പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോ വിചാരിച്ചു: അങ്ങനെ ഒരു ഉണ്ടില്ലാത്ത കവിത ..പക്ഷെ അപ്പോൾ “ഉണ്ട്“
മുന്നു ഉണ്ടുണ്ടുണ്ടുക്കൾ ഉരുണ്ട് പെരണ്ട് വീഴുന്നു...
“ഉണ്ട് ...ഉം...എന്ന്”കവിതയിലിതെല്ലാം ഒറ്റകമ്പി നാദമാവുകയാണൊ എന്ന് ഒരു ശങ്ക ഉണ്ട്. പക്ഷെ ...ആശയം!!അതുപതിവുപോലെ
ഗംഭീരംതന്നെ.

ഭൂതത്താന്‍ പറഞ്ഞു...

"ഇനിയെത്ര ഉല്‍ക്കകള്‍
വീഴേണ്ടിവരുമാവോ?
ഇവയുടെ വംശമൊടുങ്ങാന്‍"....യഥാര്‍തത്തില്‍ അവയുടെ മേല്‍ അല്ല ഉല്‍ക്ക വീഴേണ്ടത് ...ഭൂമിയുടെ മാറ് പിളര്‍ത്തി കുടിക്കുന്ന ആര്‍ത്തി പൂണ്ട മനുഷ്യ മനസ്സുകളിലെക്കാണ്‌....

മീര അനിരുദ്ധൻ പറഞ്ഞു...

നന്നായിരിക്കുന്നു

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

വികസനം
നെഞ്ചുപൊള്ളിക്കുന്നത്‌
ഞാനറിയുന്നുണ്ട്‌..

ആശംസകള്‍

Anil cheleri kumaran പറഞ്ഞു...

ബുള്‍ഡോസര്‍
വിലാസം മാറ്റിയെഴുതിയ
കുന്നുകള്‍

അതു നല്ലൊരു പ്രയോഗമാണല്ലോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എല്ലാ സ്നേഹങ്ങള്‍ക്കും നന്ദി.

താരകന്‍, നന്ദി. നല്ല വിമര്‍ശനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ആവര്‍ത്തനങ്ങളാവുന്നെന്ന് എനിക്കും തോന്നുന്നു. :(