22.6.09

പരിഭാഷ


കലണ്ടറില്‍
ഒരേ നിലയില്‍
കറുത്തും ചുവന്നും അക്കങ്ങള്‍
മാസങ്ങള്‍
തണുപ്പ് ചൂട്
മഞ്ഞും മഴയും വെയിലും.

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ
പരോളെന്ന്
മാറ്റി വായിക്കാവുന്ന അവധിക്ക്
വിമാനം കയറുമ്പോള്‍
ആകാശം തെളിഞ്ഞു വരും.
ആഴ്ചയവസാനത്തെ
ഫോണ്‍ വിളിക്കിടയില്‍
വാക്കുകള്‍ക്കിടയില്‍ നിവരുന്ന
മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്
ഏത് ഭാഷ കൊണ്ടാണാവോ?

ജലനിരപ്പിലെ കപ്പലില്‍
മലയാളത്തില്‍ നിന്നും അറബിയിലേക്ക്
അറബിക്കടലിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
മുകള്‍ പരപ്പിലെ
തിരയിളക്കത്തിന്റെ ഭാഷയല്ല
അടിത്തട്ടിലെന്ന്
വലക്കണ്ണിയിലൊരു മീന്‍‌കണ്ണ്
-------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

32 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

മുകള്‍ പരപ്പിലെ തിരയിളക്കത്തിന്റെ ഭാഷയല്ല, അടിത്തട്ടിലെന്ന്...

Typist | എഴുത്തുകാരി പറഞ്ഞു...

"ആഴ്ചയിലൊരിക്കലെ
ഫോണ്‍ വിളിക്കിടയില്‍
വാക്കുകള്‍ക്കിടയിലെ നീളുന്ന
മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്
ഏത് ഭാഷയില്‍ നിന്നാണാവോ"

അതിനു് ഭാഷ വേണ്ടല്ലോ, വേണോ?

ചന്ദ്രകാന്തം പറഞ്ഞു...

തിരകള്‍ക്ക്‌ ശബ്ദഭാഷയാവണം കൂടുതല്‍ വശമുള്ളത്‌; അടിത്തട്ടിന്‌ മൂകഭാഷയും.

വശംവദൻ പറഞ്ഞു...

പരിഭാഷപ്പെടുത്തിയാലും ഇല്ലെങ്കിലും
വാക്കുകൾകിടയിൽ നിവരുന്ന ആ മൗനം തീർച്ചയായും അർത്ഥഗർഭവും ആശയസമ്പന്നവുമായിരിക്കും.

ആശംസകൾ.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ശബ്ദഭാഷയെന്നും മൂകഭാഷയെന്നുമില്ല
ശരീരഭാഷ മാത്രം.
അളവ് തെറ്റിക്കും ശരീരഭാഷ
കടലുമാകാശവും...

പിഴച്ചല്ലോയെന്ന് എത്ര കരഞ്ഞുവിളിച്ചാലും
മീന്‍‌കണ്ണിലുണ്ടാവും ജീവിതം.
ഇത്രയേ ചെയ്യാനുള്ളൂ,
വലക്കണ്ണി പൊട്ടാതെ മീന്‍ പുറത്തെടുക്കുക
മുറിച്ചെടുക്കുക
രുചിയില്‍ വേവിച്ചെടുക്കുക

ഇനി നമുക്ക് തീന്‍‌മേശയുടെ ഭാഷ...

വരവൂരാൻ പറഞ്ഞു...

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെപരോളെന്ന് മാറ്റി വായിക്കാവുന്ന അവധിക്ക് വിമാനം കയറുമ്പോള്‍ ആകാശം തെളിഞ്ഞു വരും.

തിരിച്ചു വരവിൽ പിന്നീട്‌ അതു കാർമ്മേഘാവൃതമാവുമ്പോൾ.. പിന്നെയും പരിഭാഷ തേടേണ്ടിവരും മുഖത്തു പടർത്തിയ കണ്ണിർ ചിരിയുടെ രുപത്തിൽ

girishvarma balussery... പറഞ്ഞു...

നിങ്ങള്‍ പ്രവാസികള്‍ക്കെ അറിയൂ... ഇതെല്ലാം..

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെപരോളെന്ന് മാറ്റി വായിക്കാവുന്ന അവധിക്ക് വിമാനം കയറുമ്പോള്‍ ആകാശം തെളിഞ്ഞു വരും. ആഴ്ചയവസാനത്തെഫോണ്‍ വിളിക്കിടയില്‍ വാക്കുകള്‍ക്കിടയില്‍ നിവരുന്ന മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്ഏത് ഭാഷ കൊണ്ടാണാവോ?

പ്രവാസി എന്നും പ്രവാസി തന്നെ, അവന്റെ നൊമ്പരങ്ങള്‍ അവന്റെ മാത്രം സ്വന്തം,
രാമേട്ടാ നന്നായിരിക്കുന്നു

Unknown പറഞ്ഞു...

മുകള്‍ പരപ്പിലെ
തിരയിളക്കത്തിന്റെ ഭാഷയല്ല
അടിത്തട്ടിലെന്ന്

രാമേട്ടാ അനുവാദത്തോടെ ഇവിടെ ഞാനൊരൊപ്പിടുന്നു ഇതിവിടെ മാത്രമല്ല. ഏതൊരു നല്ല കവിതയിലുമുണ്‍ട്.

naakila പറഞ്ഞു...

വാക്കുകള്‍ക്കിടയില്‍ നിവരുന്ന
മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്
ഏത് ഭാഷ കൊണ്ടാണാവോ?

നല്ല കവിത
അഭിനന്ദനങ്ങള്‍

സൂത്രന്‍..!! പറഞ്ഞു...

പ്രവാസി ( പ്രയാസി)

ramanika പറഞ്ഞു...

ആഴ്ചയവസാനത്തെ
ഫോണ്‍ വിളിക്കിടയില്‍
വാക്കുകള്‍ക്കിടയില്‍ നിവരുന്ന
മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്
ഏത് ഭാഷ കൊണ്ടാണാവോ?


മൌനം വാചാലം !
മനോഹരം !

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കവിത ഇഷ്ടമായി വെട്ടിക്കാ‍ടാ.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നല്ല കവിത പതിവുപോലെ

കാപ്പിലാന്‍ പറഞ്ഞു...

പണ്ടാരമടങ്ങാന്‍ വീണ്ടും ഒരു ഗൃഹാതുരത്വ കവിത . മനുഷ്യനെ മിനക്കെടുത്താന്‍ വേണ്ടി . നാട്ടില്‍ പോകാന്‍ സമയമായെങ്കില്‍ അങ്ങ് പോയാല്‍ പോരെ , ഞങ്ങളെ എന്തിനാണ് ഇങ്ങനെ കൂട്ട് വിളിക്കുന്നത്‌ ?
കഴിഞ്ഞ മൂന്നു പ്രാവശ്യമായി ഞാന്‍ ക്ഷമിക്കുന്നു . ഇനി ഇങ്ങനെ എഴുതിയാല്‍ ഈ ബ്ലോഗ്‌ ഞാന്‍ ചുരുട്ടിക്കൂട്ടി തീകത്തിച്ച് പത്രത്തില്‍ ഫോട്ടോ ഇടും :)

Junaiths പറഞ്ഞു...

മൌനം....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കലണ്ടറുകളില്‍ ജീവിച്ചു തീരുന്ന കുറെ ജീവിതങ്ങള്‍..
എത്ര അളന്നെടുതാലും പിന്നെയും മാറി നില്‍ക്കും ഒട്ടും പിടി തരാതെ..

ചാണക്യന്‍ പറഞ്ഞു...

"ജലനിരപ്പിലെ കപ്പലില്‍ മലയാളത്തില്‍ നിന്നും അറബിയിലേക്ക്അറബിക്കടലിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍മുകള്‍ പരപ്പിലെ തിരയിളക്കത്തിന്റെ ഭാഷയല്ലഅടിത്തട്ടിലെന്ന് വലക്കണ്ണിയിലൊരു മീന്‍‌കണ്ണ്"-

മാഷേ......നമിച്ചു......

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

പിറന്ന മണ്ണുപേക്ഷിച്ചവനിവന്‍!.
പ്രതിക്ഷകളെ തേടി പോയവനിവന്‍!.
കിടപ്പാടം പണയം വെച്ചവനിവന്‍!.
വിരഹത്തെ വളര്‍ത്തിയവനിവന്‍!.
പാവം പ്രവാസി,
ഞാന്‍ പാവം പ്രവാസി.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ടൈപിസ്റ്റ്,
ചന്ദ്രകാന്തം,
വശംവദന്‍,
നസീര്‍ കടിക്കാട് : നിനക്ക് പ്രത്യേകം നന്ദി. തിരുത്താന്‍ സഹായിച്ചതിന്.

വരവൂരാന്‍,
ഗിരീഷ് വര്‍മ്മ,
കുറുപ്പ്,
അരുണ്‍,
അനീഷ്,
സൂത്രന്‍,
രമണിഗ,
അനില്‍@,
സന്തോഷ്,
കാപ്പിലാന്‍ ചേട്ടന്‍,
ജുനൈത്ത്,
പകലന്‍,
ചാണക്യന്‍,
സഗീര്‍,

വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും, വായിച്ച് പോയ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി പറയുന്നു.

siva // ശിവ പറഞ്ഞു...

പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്ഥം....

Jayasree Lakshmy Kumar പറഞ്ഞു...

നല്ല വരികൾ

Vinodkumar Thallasseri പറഞ്ഞു...

'മുകള്‍ പരപ്പിലെ
തിരയിളക്കത്തിന്റെ ഭാഷയല്ല
അടിത്തട്ടിലെന്ന്
വലക്കണ്ണിയിലൊരു മീന്‍‌കണ്ണ്'

വാക്കുകള്‍ വെറും തിരയിളക്കങ്ങള്‍ മാത്രം. ഗംഭീരം.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ
പരോളെന്ന്
മാറ്റി വായിക്കാവുന്ന അവധിക്ക്
വിമാനം കയറുമ്പോള്‍
ആകാശം തെളിഞ്ഞു വരും.


സത്യം .ആകാശം തെളിയും അവിടെയും നാട്ടിലും !
നല്ല വരികൾ.

Unknown പറഞ്ഞു...

മനോഹരമായ വരികള്‍ !!
ആശംസകള്‍ !!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ശിവ,
ലക്ഷ്മി,
തലശ്ശേരി,
കാന്താരിക്കുട്ടി,
അഞ്ജു,

അഭിപ്രായങ്ങള്‍ക്ക് സ്നേഹത്തോടെ നന്ദി പറയുന്നു.

കണ്ണനുണ്ണി പറഞ്ഞു...

പ്രവാസികളുടെ മനസ്സ്

വയനാടന്‍ പറഞ്ഞു...

ഉരൽ പറയുന്നതു (ഒരു കൂട്ടം) ​
മദ്ദളങ്ങൾ കേട്ടിരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കണ്ണനുണ്ണി,
വയനാടന്‍,
നന്ദി.

നരിക്കുന്നൻ പറഞ്ഞു...

എന്റെ പരോൾ കഴിഞ്ഞു... ഇനിയും അടുത്തൊരു പരോളിനായി മൂഖനായി ദിനങ്ങളെണ്ണാം. നല്ല നടപ്പിനെങ്കിലും ഒരു ഇളവ് കിട്ടിയിരുന്നെങ്കിൽ..........!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ
പരോളെന്ന്
മാറ്റി വായിക്കാവുന്ന അവധിക്ക്.... aiwa really nice..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ആഴ്ചയവസാനത്തെഫോണ്‍ വിളിക്കിടയില്‍ വാക്കുകള്‍ക്കിടയില്‍ നിവരുന്ന മൌനത്തെ പരിഭാഷപ്പെടുത്താറുള്ളത്ഏത് ഭാഷ കൊണ്ടാണാവോ?
.. entha parayuka.. really great.. i like these lines very much