24.2.09

ദൈവം ഒഴിച്ചിട്ടയിടം

ആളിക്കത്തുന്നത്
അണയാന്‍ വേണ്ടിത്തന്നെയാണ്.
അല്ലാതെ എണ്ണ വറ്റിയിട്ടൊന്നുമല്ല.

ദേശങ്ങളും കാലങ്ങളും
കയറിയിറങ്ങിയത്
തീര്‍ത്ഥാടനത്തിനല്ല.
പുണ്യങ്ങളുടെ അതിര്‍വരമ്പ്
മുറിച്ച് കടക്കാന്‍ തന്നെയാണ്.

കടലായ കടലൊക്കെ
കുടിച്ച് തീര്‍ക്കുന്നത്
ദാഹിച്ചിട്ടൊന്നുമല്ല.
ലഹരിയുടെ പുഴയില്
തോണി കളിക്കാനായിട്ടാണ്.

തെരുവിലലഞ്ഞത്
എന്റെ ഭ്രാന്തിനെ തിരഞ്ഞാണ്.
അല്ലാതെ പ്രണയം പൂത്ത
മരം തേടിയൊന്നുമല്ല.

പാപത്തിന്റെ
പുതിയ ഊട് വഴികള്‍ തിരയുന്നത്
അഹങ്കാരം കൊണ്ട് തന്നെയാണ്.
ദൈവം അവന്റെ വലതുവശത്ത്
ഒഴിച്ചിട്ടയിടം
എന്റെ പേരിലാണെന്നത് കൊണ്ട്.
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

18 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“തെരുവിലലഞ്ഞത്
എന്റെ ഭ്രാന്തിനെ തിരഞ്ഞാണ്.
അല്ലാതെ പ്രണയം പൂത്ത
മരം തേടിയൊന്നുമല്ല.“

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

വളരെയധികം ഇഷ്ടമായി... നല്ല വരികളും ചിന്തയും..... !

Prayan പറഞ്ഞു...

ഇത് അഹങ്കാരമല്ല ....ഒരേയൊരു ജീവിതം ജീവിച്ചുതീര്‍ത്തതാണ്......ഇനിയും അങ്ങിനെ ത്തന്നെ പോട്ടെ....

T.A.Sasi പറഞ്ഞു...

പടച്ചോനെ .. വെട്ടിക്കാടെ

ചിതല്‍ പറഞ്ഞു...

അഹങ്കാരം കൊണ്ട് തന്നെയാണ്.

അതെ ഇന്നും ഇങ്ങനെ ജീവിക്കുന്നു എന്ന അഹങ്കാരം കൊണ്ട്..

കാന്താരിക്കുട്ടി പറഞ്ഞു...

തെരുവിലലഞ്ഞത്
എന്റെ ഭ്രാന്തിനെ തിരഞ്ഞാണ്.
അല്ലാതെ പ്രണയം പൂത്ത
മരം തേടിയൊന്നുമല്ല

എന്റമ്മച്ച്യേ !! തെന്താ ദ് !!!

ശിവ പറഞ്ഞു...

ഹായ് ഹായ് എത്ര ഉജ്ജ്വലമായ ചിന്തകള്‍.... ഈ വരികള്‍ എന്നെക്കുറിച്ചാണോ എന്നൊരു സംശയം...

ഹരീഷ് തൊടുപുഴ പറഞ്ഞു...

രാമചന്ദ്രന്‍; താങ്കള്‍ ശരിക്കും ഏതെങ്കിലും പാര്‍ട്ടിക്ക് മുദ്രാവാക്യങ്ങളെഴുതുവാന്‍ ക്ഷണിക്കപ്പെടെണ്ടവന്‍ തന്നെയണ് കാരണം അത്രക്കേറെ ശക്തം ഓരോ വരികളും..

പിന്നെ എനിക്കു പിടികിട്ടാത്തത് ഈ വരികളാണ്.

പാപത്തിന്റെ
പുതിയ ഊട് വഴികള്‍ തിരയുന്നത്
അഹങ്കാരം കൊണ്ട് തന്നെയാണ്.
ദൈവം അവന്റെ വലതുവശത്ത്
ഒഴിച്ചിട്ടയിടം
എന്റെ പേരിലാണെന്നത് കൊണ്ട്.

ദൈവവും അഹങ്കാരിയെന്നതാണോ ഉദ്ദേശിച്ചത്? അതോ
പാപത്തിന്റെ പരിണിതഫലത്തിനുള്ള പ്രതിഫലമായാണോ??

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

പാപത്തിന്റെ
പുതിയ ഊട് വഴികള്‍ തിരയുന്നത്
അഹങ്കാരം കൊണ്ട് തന്നെയാണ്.
സത്യം....

mayilppeeli പറഞ്ഞു...

ജനിച്ചതു മരിയ്ക്കാന്‍ വേണ്ടിയല്ലേ......അതിനിടയില്‍ കിട്ടിയ ജീവിതത്തെ ജീവിച്ചു തീര്‍ക്കാം....

വളരെ മനോഹരം....

ജ്വാല പറഞ്ഞു...

ശക്തമായ വരികള്‍..ആശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

വലത്ത് വശം ദൈവത്തിന്!
ഇടത്തു വശം പിശാചിനും!
ദൈവവും പിശാചും,
എന്നെ പകുതെടുത്തു!
ബാക്കിയായത് ജീവന് മാത്രം!
ആത്മാവില്ലാത ജീവന്‌!........

V.R. Hariprasad പറഞ്ഞു...

ശക്തം രാമചന്ദ്രാ..
ഗംഭീരമായി.

Bindhu Unny പറഞ്ഞു...

അഹങ്കാരത്തിന് പകരം തന്റേടം, ആത്മവിശ്വാസം എന്നൊക്കെ പറയാം. :-)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

പകല്‍, നന്ദി.
പ്രയാണ്‍, നന്ദി.
ശശി, എരുകപ്പുല്ലെറിയരുത്!
ചിതല്‍, തീര്‍ച്ചയായും
കാന്താരിചേച്ചി, ഹ ഹ ഹ...വട്ട് തന്നെ അല്ലേ?
ശിവ, എന്നെക്കുറിച്ചും എന്റെ ഭ്രാന്തിനെ ക്കുറിച്ചും തന്നെ.
ഹരീഷ്, മുദ്രാവാക്യങ്ങള്‍ കുറേ തൊണ്ടപൊട്ടി വിളിച്ചിട്ടുണ്ട്. തൊണ്ട പൊട്ടിയതു മെച്ചം. (ചില്ലറ കിട്ടുമെങ്കില്‍ എഴുതി കൊടുത്താലോ ;)

ദൈവം അഹങ്കാരിയായിട്ടല്ല, ദൈവം എന്റേതാണെന്നുള്ള അഹങ്കാരത്തിലാണ്.
കു.ക.ഒ.കു.കെ, കാണാറില്ലല്ലോ?
മയില്‍പ്പീലി, നന്ദി.
ജ്വാല, നന്ദി.
സഗീര്‍, നന്ദി.
ഹരിപ്രസാദ്, വന്നതിനും അഭിപ്രായത്തിനും നന്ദി.
ബിന്ദു ഉണ്ണി, അതെ.

നരിക്കുന്നൻ പറഞ്ഞു...

ഈ വരികളിൽ ഞാൻ തേടുന്നത് എന്നെത്തന്നെയാണ്. എനിക്കുറപ്പുണ്ട് ഇവിടെ ഓരോ വരികളിലും സ്വയം ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന്.

വളരെ നല്ല ചിന്തകൾ!
ആശംസകളോടെ
നരി

ഗൗരി നന്ദന പറഞ്ഞു...

എന്തൊരു അഹങ്കാരം....!!!

തെരുവിലലഞ്ഞത്
എന്റെ ഭ്രാന്തിനെ തിരഞ്ഞാണ്.
അല്ലാതെ പ്രണയം പൂത്ത
മരം തേടിയൊന്നുമല്ല.

എന്നിട്ടവസാനം കിട്ടിയതോ???

Divyam പറഞ്ഞു...

valare shakthamaya varikalanu mashe....keep writing,