5.10.08

ഞാന്‍, മലയാളി.

രാവിലത്തെപ്പത്രത്തില്‍
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്.

മുന്നിലെ ഫയലില്‍ തീര്‍പ്പ്
കാണാനൊരെമ്പോക്കി
കാത്തു നില്‍ക്കുന്നു, നാശം.
വിലപേശി രണ്ട് ഗാന്ധിയി-
ലൊതുക്കിയാപ്പഹയന്‍.

നാളെയൊരമേരിക്കന്‍ വിരുദ്ധ
ധര്‍ണ്ണയുണ്ടി, ന്നുച്ചക്ക്
കെന്റക്കിയും കോളയുമാകാം.

കുടിക്കാന്‍ കരുതിയ ‘ബിസ്ലേരി’
യൊരു കവിളിറക്കി, ഞാനെഴുതിയ
“പാരിസ്ഥിതി മലിനീകരണ” മെന്ന
കൌമുദിയിലെ ലേഖനമൊന്ന് മറിച്ചു
നോക്കി ആത്മഹര്‍ഷം കൊണ്ടു.

നിളാ തീരത്തൊരു കവിയരങ്ങു-
ണ്ടതിനൊന്ന് പോണം.
മരിക്കുന്ന പുഴയാണ് വിഷയം.
ഇന്നലെയാണാ മണല്‍
മാഫിയാക്കാരന് പത്ത് ലോഡി-
നഡ്വാന്‍സ് കൊടുത്തത്.

നാലായിരം സ്ക്വയര്‍ ഫീറ്റിലാണ്
ഞാന്‍ പണിയുന്ന പുതിയ വീട്!
വീടില്ലാത്തവരെക്കുറിച്ച് ഞാനൊരു
കഥയെഴുതിയിരുന്നു, മാതൃഭൂമിയില്‍.

പിന്നൊരു രഹസ്യം,
ഇന്നൊരു “പീസിനേം” കൂട്ടി
വരാമെന്നേറ്റിട്ടുണ്ടാ കോണ്ട്രാക്റ്റര്‍;
ബില്‍ ശരിയാക്കിയതിന്‍
ഉപകാര സ്മരണക്കായ്.

നോക്കൂ എന്നും പീഡന വാര്‍ത്തകള്‍!
കഷ്ടം! എന്റെ ചോര തിളക്കുന്നു.

ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.

നോക്കൂ, എല്ലാം കണ്ടിട്ടെനി-
ക്കിരിക്കാനാവുന്നില്ല.
കഷ്ടം, നമ്മളെന്നാണ് നേരെയാവുക?

സഹിക്കാനാവാതെ ഞാനെ-
ന്നത്തേയും പോലെ മൂന്ന്
മണി ക്കോഫീസില്‍ നിന്നിറങ്ങി.

കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...

-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
+974 589 1237

24 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...“

എന്റെ പുതിയ പോസ്റ്റ്. വായിച്ച് അഭിപ്രായം എഴുതുക.

ഹരീഷ് തൊടുപുഴ പറഞ്ഞു...

രാവിലത്തെപ്പത്രത്തില്‍
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്


വാഹ്!!വാഹ്!!!
അടിപൊളി ഉള്ളടക്കം....
ആശംസകള്‍......

കാന്താരിക്കുട്ടി പറഞ്ഞു...

നമ്മുടെ ഇന്നത്തെ വ്യവസ്ഥിതിയെ പച്ചയായി തുറന്നു കാണിക്കുന്ന കവിത..


ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.


എന്താ പറയുക അടി പൊളീ ന്നു പറയാമോ..നന്നായി ഈ വരികള്‍

വികടശിരോമണി പറഞ്ഞു...

കലക്കി.നമ്മുടെ ഹിപ്പോക്രസിക്ക് പറ്റിയ കൊട്ട്.
പുഞ്ചിരി ഹാ! കുലീനമാം കള്ളം...

അജീഷ് മാത്യു കറുകയില്‍ പറഞ്ഞു...

നന്നായി,ആശംസകള്‍

smitha adharsh പറഞ്ഞു...

അപ്പൊ ,ശരിക്കും മലയാളിയായോ?
നല്ല പോസ്റ്റ്..

girishvarma balussery... പറഞ്ഞു...

ഞാന്‍ പൊട്ടിച്ചിരിച്ചു പോയി കേടോ... പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് വേറൊന്ന്.... ശരിക്കുള്ള ലോകം തന്നെ....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഹരീഷ്: ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും വരിക. തെറ്റുകളും കുറവും ചൂണ്ടിക്കാണിക്കുക.

കന്താരിച്ചേച്ചീ: നല്ല അഭിപ്രായത്തിന് നന്ദി.

വികടശിരോമണി: ഞാനെഴുതിയത് ഇഷ്ടമായി എന്നറിയിച്ചതിന് നന്ദി.

അജീഷ്: ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

സ്മിതേച്ചീ: ജോലിത്തിരക്കിലും വന്ന് വായിച്ചതിനും ഇഷ്ടമായി എന്നറിയിച്ചതിനും നന്ദി.

ഗിരീഷ്: വായിച്ചിഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷം.

നമ്മുടെ മന:സാക്ഷിക്കു നേരെ ഒരു കണ്ണാടി വെച്ചാല്‍ ഞാനടക്കം ഭൂരിപക്ഷം പേരിലും കാണുന്ന ചില കാര്യങ്ങള്‍.. അത്രേയുള്ളൂ... ഇഷ്ടപ്പെട്ടു എന്നറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

രാമേട്ടാ,കവിത കിടുകിടിലനായി,“മാറുന്ന മലയാളിയുടെ മുഖ“മാണ് എനിക്കീകവിതയിലൂടെ ദര്‍ശിക്കാനായത്!നമ്മുടെ ഇന്നത്തെ വ്യവസ്ഥിതിയെ പച്ചയായി തുറന്നു കാണിക്കുന്ന കവിത..ഗംഭീരമായി.

Kaippally കൈപ്പള്ളി പറഞ്ഞു...

സമൂഹത്തിലെ പൊയ്യ്മുഖങ്ങളെ ഉരിച്ചുകാട്ടുന്ന കവിത.

നല്ല കവിത.

വേണു venu പറഞ്ഞു...

രാമചന്ദ്രന്‍, കവിത വായിച്ചെന്‍റെയും ആത്മം രോഷം കൊണ്ടു. ഞാന്‍, മലയാളി.എന്ന തലക്കെട്ട് കാല ദേശമില്ലാതെ ചേരും ഈ വരികളിലെ ആശയത്തിനു്.
“ഹേ മനുഷ്യാ...വലിച്ചെറിയൂ നിന്‍റെ മുഖം മൂടി....” എന്ന സിനിമാ ഗാനം പാടി ഞാന്‍ പോകുന്നു.
നന്നായി ആക്ഷേപ ഹാസ്യം.:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

സഗീര്‍,

കൈപ്പള്ളീ,

വേണുമാഷ്,

നന്ദി. ഇനിയുമിതുവഴി വന്ന് എന്റെ രചനകള്‍ വായിച്ച് അഭിപ്രായം എന്തു തന്നെയായാലും അറിയിക്കുക.

ഗീതാഗീതികള്‍ പറഞ്ഞു...

മലയാളി എന്നു പറയുന്നതിനേക്കാള്‍ ജനനേതാവ് എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

ഇന്നത്തെ നേതാക്കളുടെ പിന്‍‌ഗാമികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു വളരെ പ്രയോജനപ്പെടും - അവര്‍ അറിഞ്ഞിരിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളാണല്ലോ കവിതയിലെ പ്രതിപാദ്യം !

കൊള്ളാം രാമചന്ദ്രന്‍.

'മുല്ലപ്പൂവ് പറഞ്ഞു...

nannaayittund....!!!!

കാപ്പിലാന്‍ പറഞ്ഞു...

good

കുമാരന്‍ പറഞ്ഞു...

കലക്കി മാഷേ..
അടിപൊളിയായിട്ടുണ്ട്.

keralainside.net പറഞ്ഞു...

Thank you for your participation. this post is being categorised.

സ്മിജ പറഞ്ഞു...

ഇത് കലക്കീട്ടാ രാമേട്ടാ..

B Shihab പറഞ്ഞു...

വെട്ടിക്കാട്ട്.thanne,ആശംസകള്‍......

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഗീതാ ഗീതികള്‍,

മുല്ലപ്പൂവ്,

കാപ്പിലാന്‍,

കുമാരന്‍,

സ്മിജ,

ഷിഹാബ്,

നന്ദി.

ശ്രീ ഇടശ്ശേരി. പറഞ്ഞു...

ഇത് കലക്കി. :)
"ഞാന്‍ ജനസേവകന്‍"
എന്നാവും, കൂടുതല്‍ ചേരുന്ന പേര്.സര്‍ക്കാര്‍ ഓഫീസുകളിലെ നിത്യ കാഴ്ച്ച ഇതു തന്നെയല്ലെ..
അഭിനന്ദനങ്ങള്‍.

Malayalee പറഞ്ഞു...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ഞാന്‍ രാവണന്‍ പറഞ്ഞു...

ഇഷ്ടായി രാമേട്ടാ ...

Muralikrishna Maaloth പറഞ്ഞു...

ഹോ, ഇത്രേം ലേറ്റ് ആയോ ഇവിടെ വന്നു ഇത് വായിക്കാന്‍ ....... :)
നന്നായിരിക്കുന്നു മാഷ്‌..... ....:)::)