10.7.13

ഗാഫ്

==========
ചുവന്ന മണലാണ്
പാതക്കിരുവശവും കൂട്ടം കൂടി നിൽക്കുന്ന 
മരങ്ങളെ നിരയൊപ്പിച്ച് നിർത്തിയിട്ടുണ്ട്
പ്രകടനത്തിനും സമ്മേളനത്തിനും
നിരയൊപ്പിച്ച് നിർത്തിയ പോലെ

ജാഥക്കെത്തിയ മരങ്ങളെ,
നിങ്ങളറിയുമോ
നിങ്ങൾക്കു പുറകിലെ മണൽക്കൂനകൾക്കപ്പുറത്ത്
അപ്പുറത്ത്
ഒറ്റക്ക്
ഒറ്റക്ക് നില്ക്കുന്ന ഒരു ഗാഫ് മരത്തിന്റെ
ഏകാന്തതയെ?

കാറ്റ്
കാടിനെക്കുറിച്ച്
കാട്ടരുവിയെക്കുറിച്ച്
കാട്ടുകോഴിയെക്കുറിച്ച്
ചെവിയിലടക്കം പറഞ്ഞ് പോകുമ്പോൾ
വേരും പറിച്ചോടാൻ കൊതിക്കുന്ന
ഒരേകാന്ത മരത്തിന്റെ പ്രാണൻ പോകുന്ന വേദനയെ?

നിന്ന നിൽപ്പിൽ നിന്ന് നിന്ന് മടുത്ത്
വേരൊന്ന് തൊട്ടപ്പുറത്തൂന്നി
നിൽക്കാൻ കൊതിക്കുന്ന
കാടായില്ലെങ്കിലും
കാടനാവാതിരിക്കണേയെന്ന്
നിന്ന നിൽപ്പിൽ മേലോട്ട് കൈയുയർത്തി*
പ്രാർത്ഥിക്കുന്ന
ഗാഫിനെ
നിങ്ങൾ കാണുന്നുണ്ടോ
നിരയൊപ്പിച്ച് നിർത്തിയ
ഏകാന്തതയറിയാത്ത
മരങ്ങളേ?
===============

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഗാഫ് എന്തുമരമാണെന്നറിയില്ല

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാടായില്ലെങ്കിലും
കാടനാവാതിരിക്കണേയെന്ന്..

സൗഗന്ധികം പറഞ്ഞു...

കാറ്റ്
കാടിനെക്കുറിച്ച്
കാട്ടരുവിയെക്കുറിച്ച്
കാട്ടുകോഴിയെക്കുറിച്ച്
ചെവിയിലടക്കം പറഞ്ഞ് പോകുമ്പോൾ

ഒറ്റയ്ക്കു നിൽക്കുന്ന മരത്തിന്റെ ഹൃദയവേദന ഊഹിക്കാവുന്നതേയുള്ളൂ.

നല്ല ചിന്ത, നല്ല കവിത

ശുഭാശംസകൾ....

Kalam പറഞ്ഞു...

കാറ്റ്
കാടിനെക്കുറിച്ച്
കാട്ടരുവിയെക്കുറിച്ച്
കാട്ടുകോഴിയെക്കുറിച്ച്
ചെവിയിലടക്കം പറഞ്ഞ് പോകുമ്പോൾ
വേരും പറിച്ചോടാൻ കൊതിക്കുന്ന
ഒരേകാന്ത മരത്തിന്റെ പ്രാണൻ പോകുന്ന വേദനയെ?