നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുന്നതിന്
തൊട്ട് മുന്‍പ്
അരി തിളച്ച് തൂവുന്നതിന്റെ മണം കൊണ്ടു.
സ്വന്തമായി ഉണ്ടാക്കിയ
അരികൊണ്ട് മാത്രം
എന്നും രാവിലെ കഞ്ഞി
കുടിച്ചിരുന്ന അപ്പന്‍
വന്ന് ചോദിച്ചു
നീയും രാമചന്ദ്രനും
തമ്മിലെന്ത്
അവന്‍ എവിടത്തുകാരനാണ്
കള്ള് കുടിക്കുമോ
പണിയെടുക്കുമോ
കുടുമ്മം നോക്കുമോ
അരി തൂവിയ മണത്തിന്റെ കൂടെ
അമ്മയും വന്നു
അമ്മയും ചോദിച്ചു
ആ ചെക്കനേതാണ്
നിന്റെ കൂടെയാണോ പണിയെടുക്കുന്നത്
മലയാളിയാണോ (ക്രിസ്ത്യാനി അല്ലല്ലേയെന്ന് അമ്മയുടെ ഭാഷ)
അവനെന്തെങ്കിലും
തിന്നാന്‍ കൊടുക്കേണ്ടി വരുമോ
അമ്മിണിയും വന്നു
അവള്‍ മാത്രം ചിരിക്കുന്നത് കണ്ടു.
നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുമ്പോള്‍
അവള്‍ മാത്രം കരയുന്നത് കേട്ടു.
നിന്റെ കവിതകള്‍
വീണ്ടും ശ്വസിക്കുന്നതിന് മുന്‍പ്
ഞാന്‍ എന്നോട് തന്നെ
ചോദിക്കുകയാണ്
നീ ആരാണ്
എവിടത്തുകാരനാണ്
എങ്ങനത്തെയാളാണ്
നീയെന്റെ ആരാണ്
ഇതെഴുതുമ്പൊള്‍ നീയെത്ര അകലെയാണ്. എങ്കിലും എന്റെയും നിന്റെയും കവിതകള്‍ ശ്വസിക്കുന്നത് ഒരേ വായുവാണ് എന്നെനിക്ക് തോന്നുന്നു.അന്തരീക്ഷം കൊണ്ട്, പ്രാണവായു കൊണ്ട് കൂടപ്പിറപ്പുകളായ നമ്മുടെ കവിതകള്‍ക്ക് സ്നേഹം കൊണ്ട് മാത്രം ഈ കുറിപ്പ്. നമ്മുടെ തൃശ്ശൂര് ഭാഷയില്‍
ഒരു എടാ പോടാ വിളി.
ഒരു വെള്ളിയാഴ്ച്ച
നാട് വിട്ട് ഗള്‍ഫിലെത്തിയവരുടെ ഞായറാഴ്ചയാണ് വെള്ളിയാഴ്ച. അനൂപ് ചന്ദ്രന്റെ കവിതയില്‍ ഉള്ള പോലെ നനച്ചിട്ട കിനാക്കള്‍ അലക്കി വെളുപ്പിക്കാനുള്ള ഒരു വെള്ളിയാഴ്ച. വെന്തുവോ ജീവിതമെന്ന് രുചിച്ച് നോക്കുവാനൊരു വെള്ളിയാഴ്ച.അവധിയില്ലാത്ത വാര്‍ത്തകളില്‍ നിറഞ്ഞ് ദുബായ് മീഡിയ സിറ്റിയിലെ ഏഷ്യാനെറ്റ് ഓഫീസില്‍ ഒരു വാര്‍ത്താ വായനക്കാരന്‍ ഇരിക്കുകയാണ്. നടക്കുകയാണ്. ഇടക്കിടെ സിഗരറ്റ് വലിക്കുകയാണ്. വാര്‍ത്തകളില്‍ നിന്ന് രക്ഷപ്പെടുത്തണേയെന്ന് ആരോടോ പിന്നെയും പിന്നെയും പറയുകയാണ്. ഒരു കാര്‍ നിറയെ കവിതയുമായി നീയന്ന് താഴെ വന്നു. ഖത്തറില്‍ നിന്ന് ദുബായ് വരെയുള്ള വേഗതയില്‍ കവിത, കുപ്പിയില്‍ കവിത. കൂടെയുള്ള കടിക്കാടിലും ശശിയിലും നജൂസിലും കവിത. വലിക്കുന്ന സിഗരറ്റിലും കവിത. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ വഴിയിലെവിടെയോ മറന്നുവെച്ച പ്രിയപ്പെട്ടവരെ കാണാനെന്ന പോലെ ഞാനോടിവന്നു. എടായെന്ന് ഞാന്‍ വിളിച്ചു. പോടായെന്ന് ഇടക്കിടെ നീ പറഞ്ഞു.നീ പകുത്ത സിഗരറ്റിനിടക്ക് നഷ്ടപ്പെട്ടപ്പോള്‍ എപ്പഴോ ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്നു. ഈ രാമചന്ദ്രന്‍ ആരാണ്, എവിടത്തുകാരനാണ്, എങ്ങനത്തെയാളാണ്.
രാമചന്ദ്രാ ഏത് സ്കൂളില്‍
ഏത് ബഞ്ചിലാണ്
നമ്മളൊരുമിച്ച് പഠിച്ചത്.
എപ്പോഴാണ് നീ
ജീവിതത്തിലേക്ക് മരിച്ചത്
എപ്പോഴാണ് നീ
കവിതയിലേക്ക് ജനിച്ചത്.
അതേടാ, ഏതോ സ്ക്കൂളില്‍ ഏതോ ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നതിന്റെ ചൂട്, കുറേ നേരം ഒരുമിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ബഞ്ചിന്റെ ചൂട്,എന്തോ ഒരു ചൂടിന്റെ ഇഷ്ടം ചൂടിന്റെ ധൈര്യം നമുക്കിടയില്‍.വാര്‍ത്തകളിലെക്ക് ഒറ്റക്കാക്കി ഒരു കാര്‍ കവിതയുമായി നീയന്ന് ഓടിച്ച് പോയപ്പോള്‍ വല്ലാതായി. സ്കൂളിന്റെ പടി മുതല്‍ തല്ല് പിടിച്ചും തമ്മില്‍ കെട്ടിപ്പിടിച്ചും വീട്ട് പടിക്കലെത്തുമ്പോള്‍ ഒരു രാത്രിയിലേക്ക് വിരിയുന്നതിന്റെ എന്തോ സങ്കടം പോലെ ഒന്ന്-
‘ഉറക്കം വിട്ടുണരുന്നത് ‘എന്ന നിന്റെ ഈ കവിത വായിക്കുമ്പോള്‍ ഇപ്പോള്‍ അത്ഭുതം തോന്നുന്നു.
“ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.
പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.“
ഹോം വര്‍ക്കുകള്‍ ചെയ്യാത്ത ഒരു മുതിര്‍ന്നയാള്‍ ഹോം വര്‍ക്കുകള്‍ക്കിടയിലുംകവിത കാണുന്ന നിന്നെ ഒന്ന് പകര്‍ത്തുകയാണ്. നിന്റെ സ്നേഹത്തിന്റെ ഒരു ടെസ്റ്റ് പേപ്പറില്‍ എങ്കിലും വിജയിക്കുവാന്‍.
കവിതയിലെ രണ്ടാം നിരക്കാരന്‍;ജീവിതത്തിലെ സെക്കന്റ് ഷോകളും
ഇതാ ഞാന്‍ ഒരു വിശ്വമഹാകവിയെ അവതരിപ്പിക്കുന്നു എന്ന മട്ടിലാണ് മിക്ക അവതാരികകളും വരാറുള്ളത്. രാമചന്ദ്രന്‍ വെട്ടിക്കാട് എന്ന യുവകവിയുടെ ആദ്യ പുസ്തകത്തിന്റെ അവതാരികാകാരന് അങ്ങനെയെഴുതാന്‍ മനസ്സില്ല. വെട്ടിക്കാട് ഒരു വിശ്വമഹാകവിയോ ഒന്നാം നിര കവിയോ അല്ല എന്നതു തന്ന്നെ അതിനു കാരണം. മലയാള കവിതയില്‍ എന്തു കൊണ്ടും രണ്ടാം നിരക്കാരനാണ് രാമചന്ദ്രന്‍ വെട്ടിക്കാട്. രണ്ടാം നിര ബഞ്ചില്‍ ഇരുന്ന് പഠിക്കുന്നതിനെക്കുറിച്ച് അയാള്‍ എഴുതുന്നത് പോലെ ജീവിതത്തിലെ സെക്കന്റ് ഷോകളെക്കുറിച്ച് അയാള്‍ പറയുന്നത് പോലെ കവിതയിലും അയാള്‍ രണ്ടാം നിരയിലായിപ്പോകുന്നു. കാരണങ്ങള്‍ പലതാണ്. നാട്ടിലേത് പോലെ ഒരു ഒന്നാന്തരം ജീവിതമല്ല ഗള്‍ഫിലേത്. കുറേക്കാലമായി രാമചന്ദ്രന്‍ വെട്ടിക്കാട് ഗള്‍ഫിലാണ്. ഇടക്ക് ഒന്നാന്തരം ജീവിതം കുടിക്കുവാന്‍ ഒന്നാം തരം ജീവിതം ഉറങ്ങുവാന്‍ അയാള്‍ നാട്ടിലെത്താറുണ്ട്. ഈ ഒന്നാം തരത്തിനും രണ്ടാം തരത്തിനും ഇടയിലാണ് വെട്ടിക്കാടിന്റെ കവിതയെന്ന് തോന്നുന്നു. ഗള്‍ഫിലായിരിക്കുമ്പോഴും എട്ടേ എട്ടു വരികള്‍ കൊണ്ട് നാട്ടില്‍ കാല് കുത്തുവാന്‍ ഇയാള്‍ക്കാകുന്നുണ്ട്. അത് തന്നെയാണ് ഈ കവിതകളും ഇച്ഛയും ഊര്‍ജ്ജവും. ഈ എട്ടു വരികള്‍ ഒന്നിരുത്തി വായിക്കുക.
“ലേബര്‍ ക്യാമ്പില്‍ നിന്നും
സി-റിംഗ് റോഡ് വഴി
IBQ ബാങ്കിന്റെ പരസ്യത്തിലെ
ഗോതമ്പ് പാടത്തിലൂടെ
വഴിയരികിലെ പച്ചപ്പിലൂടെ
പാടത്തേക്കിറങ്ങി.
വരമ്പത്തെ പുല്ലിലെ
പുലര്‍ മഞ്ഞില്‍ കാല്‍ തണുത്തു.“
(സെക്കന്റ് ഷോ)
മരുഭൂമിയില്‍ നിന്ന് എട്ട് വരി കൊണ്ട് നാട്ടിലെത്തി കാല്‍ തണുപ്പിക്കാനുള്ള കവിതയുടെ മാജിക് ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിന് മഹാകവികളുടെ അനുഗ്രഹാശിസുകളോ അക്കാദമികളുടെ അംഗീകാരങ്ങളോ ഒന്നുമല്ല അടിസ്ഥാനം. നാട്ട് വഴികലിലൂടെ ചെരിപ്പിടാതെ നടന്നതിന്റെ ഊര്‍ജ്ജം, മരുഭൂമിയില്‍ പകലന്തിയോളം പണിയെടുക്കുന്നതിന്റെ തഴമ്പ്, കണ്ടവരൊക്കെ കൂട്ടുകാരാകുന്ന ഇഹലോകത്തേയും ഇ-ലോകത്തേയും മനുഷ്യപ്പറ്റ്. അതൊക്കെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?ജീവിതം സെക്കന്റായിപ്പോകുന്ന പ്രവാസിയുടെ സാധാരണ ജീവിതം ആവിഷ്കരിക്കുന്ന ‘സെക്കന്റ് ഷോ‘ എന്ന ഒറ്റക്കവിത മാത്രം മതി രാമചന്ദ്രന്‍ വെട്ടിക്കാടിനെ കവിയെന്ന് വിളിക്കുവാന്‍. പരാജയത്തിന്റേയും അവിശ്വാസത്തിന്റേയും മതവും രാഷ്ട്രീയവും രാമചന്ദ്രന്റെ കവിതകള്‍ അവതരിപ്പിക്കുന്നുണ്ട്.
“നാല് പേര്‍ ചേര്‍ന്ന്
മേയുന്ന അവളുടെ
മാറില്‍ കിടന്ന്
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.
അതു കണ്ട് അതിലൊരുവന്റെ
കൈയിലെ പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.“
(ഇതിനായിരുന്നോ)
ഓര്‍മ്മ കവിതയുടെ നില നില്‍പ്പ് കൂടിയാണ്. കാലത്തിന്റേയും. അഴുക്കാകുന്നതിന് മുന്‍പ് കേരളം വിട്ടതിനാലാവണം വെട്ടിക്കാടിന്റെ കവിതയിലെ മതമില്ലാത്ത സാഹോദര്യം വായിക്കാന്‍ നല്ല കൌതുകമാണ്.
“വടക്കുപുറത്തെ അമ്മിക്കല്ലിളക്കി
വയലിനെ മുറിച്ച്
ജോസേട്ടന്റെ വാറ്റ് പുരയും
തകര്‍ത്തിട്ട് നിലക്കാത്ത ഓട്ടം.
ഒറ്റ വേലിച്ചാട്ടത്തിന്
പോയിരുന്ന
കുട്ടേട്ടന്റെ വീട്ടിലേക്ക്
കിലോമീറ്ററുകള്‍, മേല്‍പ്പാലം.“
(സമാന്തരം)
രാമചന്ദ്രന്റെ കവിതയില്‍ ഇപ്പോഴും ഒരു കേരളമുണ്ട്. മതം, ജാതി, പണം, ആണ്, പെണ്ണ്, അധികാരം നാനാവിധത്തില്‍ (നൂറാവിധത്തിലോ) ഛിന്നഭിന്നമായിപ്പോകുന്ന ഒരു കേരളമല്ല അത്. ഓര്‍മ്മയിലെ ഒരു കേരളം. അത് പുന:ര്‍നിര്‍മ്മിക്കുക എളുപ്പമല്ല. അങ്ങനെയൊരു സ്വപ്നവഴി കൂടി ഈ കവിതകള്‍ വായനക്കാരന് നല്‍കുന്നുണ്ട്.ആത്മ സംഘര്‍ഷങ്ങളുടേയും കവിതകളുടേയും കവികളുടേയും അടിസ്ഥാനമാണ്. വെട്ടിക്കാടിന്റെ ഒരു നിരീക്ഷണം നോക്കുക.
“വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.
പിന്നെയവര്‍
പരസ്പരം വേട്ടയാടി.“
(വേട്ടക്കാരനും ഇരകളും)
മണ്ണില്‍ വേരുറപ്പിച്ചവനെങ്കിലും മരുഭൂമിയില്‍ ഒട്ടേറെ യു ടേണുകള്‍ തിരിഞ്ഞുവെങ്കിലും വെട്ടിക്കാട് എന്ന കവിയുടെ കവിത സ്വന്തം ഇടം കണ്ടെത്തിയത് സൈബര്‍ ലോകത്താണ്. സൈബര്‍ ബിംബങ്ങളിലൂടെ തന്നെ കവിതയാവിഷ്ക്കരിക്കാന്‍ ഇവനാവുന്നുണ്ട്.
“സീലിംഗില്‍ തൂങ്ങുന്ന
ഈ ഒറ്റക്കയറിലൂടെ
ഇന്‍വിസിബിള്‍ ആയത്
ജീവിതത്തിന്റെ പാസ്സ് വേഡ്
മറന്ന് പോയത് കൊണ്ടാണ്.”
(പാസ്സ് വേര്‍ഡ്)
ബന്ധങ്ങളുടെ കാലത്തില്‍ ഈ കവിയുടെ ജന്മപരമ്പരയില്‍ ആരോ കഠിനമായി കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറയാതെ വയ്യ. അച്ഛനും കവിയും മകളും പരിസരമായി അവതരിക്കുന്ന വരികള്‍ നോക്കുക
“അച്ഛന്റെ അച്ഛനെവിടെയെന്ന്
ഇളയമകള്‍ ചോദിക്കെ
മരിച്ച് പോയെന്ന മറുപടിക്ക്
എനിക്ക് കാണാനായില്ലല്ലോ-
യെന്നവളുടെ സങ്കടം.
നിന്നെക്കാണിക്കാനൊരു
ഫോട്ടോ പോലും കരുതിയില്ലെന്ന
കുറ്റബോധം കണ്ണ് നിറക്കും.”
(അച്ഛന്‍)
ജനിച്ച നാടിനും, ജീവിതത്തോട് പോരടിക്കുന്ന നാടിനും, ആഗോളമായി പടര്‍ന്ന് കിടക്കുന്ന സൈബര്‍ നാടിനും ഇടയില്‍ ഇതാ ഒരു കവി തന്നെ അടയാളപ്പെടുത്തുകയാണ്. അതിലൂടെ ഒരു മനുഷ്യനെ അടയാളപ്പെടുത്തുകയാണ്. ഈ കവിതകളില്‍ വായനക്കാരാ നീ നിന്നെയും കണ്ടെടുത്തു കൊള്ളുക.
**********************
കവിത കുടിച്ച് കവിത വലിച്ച് കവിത പാടി കവിത കണ്ട് ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍. കവിതയുടെ ഒരു പകല്‍ക്കിനാവന്‍, കവിതയുടെ ഒരു എരകപ്പുല്ല്, കവിതകളുടെ ഒരു വെട്ടിക്കാട്, കവിതയുടെ ഈ കുരിശുമരം, ഞങ്ങള്‍ നാല് പേര്‍ എത്ര കിടന്നിട്ടും ഉറങ്ങിയില്ല. എത്ര തളര്‍ന്നിട്ടും ഉറങ്ങിയില്ല. എത്ര കുടിച്ചിട്ടും ദാഹം തീര്‍ന്നില്ല. കവിത കലര്‍ന്ന ആ പാതിരാത്രിയില്‍ വില്ലയില്‍ നിന്നൊഴിപ്പിച്ച ഒരു ധനവാന്റെ കാറിന്റെ കാറ്റഴിക്കുവാന്‍ ഞാന്‍ പാട്പെട്ടു. നീയന്ന് ധൈര്യത്തോടെ കൂട്ട്കൂടി. വയനാടന്‍ മലനിരകളില്‍ ഒരു വര്‍ഗ്ഗീസിനേയും സുധാകരനേയും പോലെ വിപ്ലവത്തിന്റെ രണ്ട് ഫോട്ടോസ്റ്റാറ്റുകള്‍. അന്ന് രാത്രി പോലീസിനെ പേടിച്ച് മിണ്ടാതെ നാല് പേരും ഒരു വില്ലയിലെ മുറിയില്‍ കെട്ടിപ്പിടിച്ച് കിടന്നു. പിന്നീടെപ്പോഴോ നമ്മളുറങ്ങിപ്പോയി. ഏറെ നാളുകള്‍ക്ക് ശേഷം നീയൊരു കവിത തന്നു.
(നിനക്ക് ഞാനില്ലേയെന്ന്)
ഇന്ന് ആ കവിത ഒരിക്കല്‍ കൂടി വായിക്കുമ്പോള്‍ രാമചന്ദ്രാ, ഞാന്‍ നിന്നൊട് തന്നെ ചോദിക്കുകയാണ്
നീ ആരാണ്
നീ എവിടത്ത് കാരനാണ്
എങ്ങനത്തെയാളാണ്
നീ എന്റെ ആരാണ്.
കുഴൂര്‍ വിത്സന്‍
2010 നവംബര്‍ 16
(സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെ "ദൈവം ഒഴിച്ചിട്ട ഇടം" എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയില്‍ നിന്ന്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ