23.10.11

കഥയിൽ പറയാത്തത്

അല്ലെങ്കിലും
പുലികൾ കാട്ടിലെ
രാജാവായിട്ടില്ല.

എന്തിന്,
ഒരു മന്ത്രിസ്ഥാനം പോലും
കിട്ടിയിട്ടില്ല
ഒരു കഥയിലുമിതുവരെ.

ഒരിടത്തൊരിടത്ത്
ഒരു കാട്ടിൽ
ഒരു സിംഹം രാജാവായിരുന്നു.
സൂത്രശാലിയായ
കുറുക്കനായിരുന്നു മന്ത്രി.
എന്നിങ്ങനെ മാത്രമേ
കാട്ടിലെ
ഏല്ലാ കഥകളും തുടങ്ങുന്നത്.

പുലികൾ
ഉൾക്കാടുകളിലിരുന്ന്
വിപ്ലവ തന്ത്രങ്ങൾ മെനഞ്ഞു.
ഒളിപ്പോരുകൾ നടത്തി.
പരാജയപ്പെട്ട പോരാട്ടങ്ങൾ
ഒരു കഥയിലും
പറയപ്പെട്ടില്ല.

പിടിക്കപ്പെടാതിരിക്കാൻ
നാടിറങ്ങിയ പുലികളെ
കെണിവെച്ച് പിടിച്ച
പത്രവാർത്തകൾ മാത്രമെ
നിങ്ങളും പുലികളെക്കുറിച്ച്
വായിച്ചിട്ടുണ്ടാകൂ.
-------------------------

19.10.11

മരിച്ച് പോയവന്റെ ഓർക്കൂട്ട്


നിയന്ത്രണം തെറ്റി
ബൈക്ക് മതിലിലിടിക്കുകയായിരുന്നു

രാവിലെ മോർച്ചറിയിൽ
വിറങ്ങലിച്ച് കിടക്കുന്നത്
കണ്ടതാണ്
തലേന്ന് രാത്രി
ഇതവസാനത്തെയെന്ന്
പോകുന്നപോക്കിൽ
നിന്നനില്പിൽ
ഒറ്റവലിക്കകത്താക്കി
ചുണ്ട് കോട്ടിയ
അതേ പോലെ തന്നെ മുഖം

വർഷങ്ങൾക്ക് ശേഷം
ഇന്നലെയാണ്
അവന്റെ ഓർക്കൂട്ടും
ഫേസ്ബുക്കും
തുറന്ന് നോക്കിയത്

എത്ര അപ്ഡേറ്റുകൾ!

പലപ്പോഴായി
മാറ്റിയിട്ട അവന്റെ
അവ്യക്തമായ
പ്രോഫൈൽ ഫോട്ടോകൾ.
"Better to be in hell"
എന്ന സ്റ്റാറ്റസ് മെസ്സേജ്
തന്നെ പുതിയതാണ്.

പലരും ഉപേക്ഷിച്ച്
പോയിട്ടും
അവനിപ്പോഴും
ഓർക്കൂട്ടിൽ തന്നെയുണ്ട്.
അവന് പുതിയ സ്ക്രാപ്പുകൾ
പുതിയ കൂട്ടുകാർ
പുതിയ സന്ദർശകർ.
എനിക്കറിയാത്ത ഭാഷ
അവൻ പഠിച്ചെന്ന് തോന്നുന്നു,
അവന്റെ കൂട്ടുകാരും.

കൂട്ടുകാരിൽ പലരേയും
പലപ്പോഴായി
ചരമ കോളത്തിൽ
കണ്ടിട്ടുണ്ടെന്ന് ഉറപ്പിച്ചത്
അവളെക്കൂടി
അവന്റെ ഫ്രണ്ട് ലിസ്റ്റിൽ
പുതുതായി
കണ്ടത് കൊണ്ടാണ്

നിങ്ങൾക്കതൊന്നും
കാണുന്നില്ലെന്നതോ
നിങ്ങൾ കളിയാക്കിച്ചിരിക്കുന്നതോ
എന്റെ വിഷയമല്ല

പക്ഷെ,
ഇത്ര ബലമായി
എന്റെ കൈ പിടിച്ച്
എന്റപ്പുറത്തുമിപ്പുറത്തും
ഇവിടിങ്ങനെ
ഇരിക്കുന്നതെന്തിനാണെന്നത്
മാത്രമാണ്,
അത് മാത്രമാണ്
എന്നെ അസ്വസ്ഥനാക്കുന്നത്.
-------------------------