18.9.13

ഹാർബർ

നല്ല മീൻ‌ചൂര്
ഉപ്പ് കാറ്റ്
കായലിൽ കടലോളം 
പരന്ന് കിടക്കുന്ന ചെളിവെള്ളം
കടലിലേക്ക് കായലിനൊപ്പം 
പോകാൻ തയ്യാറെടുക്കുന്ന
ഭക്ത വിലാസം, 
മേരിമാത ബോട്ടുകൾ
കരതേടുന്ന അൽ അമീൻ

ഇവിടെ തുപ്പരുത്
പുക വലിക്കരുത് എന്ന
മുന്നറിയിപ്പ് തൂണുകൾക്കരികെ
അടുക്കിവെച്ച പല നിറങ്ങൾ
ഇനീഷ്യലെഴുതിയ 
മീൻ പെട്ടികൾ. 

നീലയും മഞ്ഞയും 
ചുവപ്പും നിറമുള്ള
വലയിലെ പിഴവുകൾ
തിരുത്തുന്ന മുക്കുവർ
കരക്ക് പിടിച്ചിട്ട
ചത്ത മീൻ കണ്ണുകളേപ്പോലെ
കടലിലേക്ക് കണ്ണും 
നട്ടിരിക്കുന്നവർ

കാക്കകൾ കൂട്ടം കൂടി
കവിയരങ്ങ് നടത്തുന്നുണ്ട്
ബോറടിക്കുമ്പോൾ
തെങ്ങോലകളിലിരുന്ന്
താഴേക്ക് കാഷ്ഠിക്കുന്നുണ്ട്
മീനുമായി ഒരു ബോട്ടെങ്കിലും 
വരുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്

അഴിമുഖത്ത് കായലിലേക്ക്
തള്ളിക്കയറാൻ
തിരക്ക് കൂട്ടുന്ന തിരകൾ
തിരകളുടെ മോഹിപ്പിക്കുന്ന 
രതിയിലേക്കിറങ്ങിപ്പോയവർ
തിരികെ വരുന്നവരേയും
കാത്തിരിക്കുന്ന പുലിമുട്ടിലെ
കൂറ്റൻ പാറകൾ.

ഒരടയാളവും ശേഷിപ്പിക്കാതെ
പോയവരെപ്പോഴെങ്കിലും
കയറിവരുമെന്ന്
വഴിക്കണ്ണുമായി
നോക്കിയിരിപ്പുണ്ട് 
ഹാർബറിന്റെ അങ്ങേയറ്റത്ത്
എന്നോ ഉപേക്ഷിക്കപ്പെട്ട
ഒരു  വിളക്കുമാടം.

ഒറ്റക്ക്.